ആദ്യ സിനിമ പൊട്ടി പാളീസായി; കുറെ കാലം അഭ്രപാളിക്ക് പിന്നിലൊളിച്ചിരുന്നു; രണ്ടാം വരവിൽ സകലതിനെയും ചിതറിയോടിച്ചു; 'കോക്ക്ടെയിൽ' മുതൽ 'വിക്രം' വരെ; തോൽവികളിൽ പതറാതെ മുന്നോട്ട്; ഫഹദ് ഫാസിൽ എന്ന നടന വിസ്മയത്തിന് ഇന്ന് പിറന്നാൾ

തോൽവിയുടെ രുചിയറിഞ്ഞ ശേഷം വിജയത്തിന്റെ പടവുകൾ കയറിയ വ്യക്തിയാണ് പ്രേഷകരുടെ സ്വന്തം ഫഹദ് ഫാസിൽ. ഇന്ന് താരത്തിന്റെ പിറന്നാളാണ്. ആശംസകളുമായി പ്രിയപ്പെട്ടവരും ആരാധകരും ഒത്ത് കൂടുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ. വിശേഷപ്പെട്ട ഈ ദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം.
സംവിധായകൻ ഫാസിലിൻ്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് 8ന് ആലപ്പുഴയിലായിരുന്നു ഫഹദിന്റെ ജനനം. ഫഹദിന്റെ ആദ്യചിത്രം 'കൈ എത്തും ദൂരത്ത്' ആയിരുന്നു. എന്നാൽ ആ ചിത്രം കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ആദ്യ സിനിമയുടെ പരാജയത്തെ തുടർന്ന് സിനിമ ജീവിതത്തിൽ നിന്ന് ഏറെ നാൾ ഒഴിവായി നിന്ന ഫഹദിൻ്റെ ശക്തമായ രണ്ടാം വരവിലൂടെ കരിയർ തന്നെ മാറ്റിമറിയുകയായിരുന്നു.
മറ്റൊന്ന് ആദ്യ സിനിമയുടെ പരാജയത്തോടെ ഷാനു എന്ന വിളിപ്പേര് മാറ്റി ഫഹദ് ഫാസിലെന്ന ഔദ്യോഗിക നാമം തിരഞ്ഞെടുത്തു. പഠനത്തിനായി വിദേശത്തേക്കു പോയി. പിന്നീട് അദ്ദേഹം തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയാണ്. "ഇതിലെ മൃത്യഞ്ജയം" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചു വരവ് പ്രേക്ഷകരെ അറിയിച്ചു.
ബി.ഉണ്ണികൃഷ്ണൻ്റെ 'പ്രമാണി' എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. 'കോക്ക്ടെയിൽ' എന്ന സിനിമയിൽ ഫഹദ് ഫാസിലെന്ന പുത്തൻ താരോദയത്തിൻ്റെ പ്രതിഭകൾ ദൃശ്യമായി തുടങ്ങി. ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. ലാലിൻ്റെ 'ടൂർണമെൻറ്' എന്ന സിനിമയിലെ വേഷവും നന്നായി കൈ കാര്യം ചെയ്തു. പക്ഷേ ആ സിനിമ വിജയിക്കാത്തതിനാൽ അത് ശ്രദ്ധിക്കപ്പെട്ടില്ല.
പിന്നീട് ഫഹദിന്റെ അഭിനയ ജീവിതത്തെ മാറ്റി മറിച്ച ചിത്രങ്ങൾ ചാപ്പാ കുരിശ്, 22 ഫീമെയ്ൽ കോട്ടയം, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകളാണ്. ഈ മൂന്നു സിനിമകൾ റിലീസായതോടെ മലയാളത്തിലെ പുതു നായകസങ്കൽപ്പങ്ങൾക്ക് മാറ്റങ്ങൾ വന്നു. അക്ഷരാർത്ഥത്തിൽ ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറുകയായിരുന്നു. നായകനായും, വില്ലനായും, മനോരോഗിയായും അങ്ങനെ ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങളെ ഫഹദ് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചു.
ഉലകനായകൻ കമൽ ഹാസനൊപ്പമഭിനയിച്ച വിക്രം ബ്ലോക്സ്റ്റർ വിജയം നേടി. അല്ലു അർജുനൊപ്പമുള്ള 'പുഷ്പ'യും വമ്പൻ വിജയം നേടി. 2014ൽ നടി നസ്രിയയുമായി വിവാഹം നടന്നു. അങ്ങനെ സിനിമയുടെ വിജയ പടവുകളും ജീവിതത്തിന്റെ വിജയ പടവുകളും ഒന്നൊന്നായി ഓടി കയറുകയാണ് പ്രേഷകരുടെ സ്വന്തം ഫഹദ് ഫാസിൽ.
https://www.facebook.com/Malayalivartha