കണ്ട് നിൽക്കാനകുന്ന കാഴ്ചയായിരുന്നില്ല അത്! വേദന കാരണം ഞാന്‍ ചൂടായി... സുബി വന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം കരയുകയാണെന്ന് അറിഞ്ഞത്- കലാഭവൻ മണിയുടെ ഓർമ്മകളിൽ വിതുമ്പി ഷാജോൺ

കൊച്ചി കലാഭവനിൽ നിന്ന് മിമിക്രി കലാകാരനായി വന്ന് പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയ നടനാണ് കലാഭവൻ ഷാജോൺ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ കലാഭവൻ മണിയെക്കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിലാണ്. കലാഭവൻ മണിയുടെ വലിയൊരു ഫാനാണ് താനെന്നും, തന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു മണിയെന്നും ഷാജോൺ പറയുന്നു. ഷാജോണിന്റെ വാക്കുകൾ ഇങ്ങനെ...
മണിച്ചേട്ടന്‍ സിനിമയിലേക്ക് പോയപ്പോഴുള്ള ഒഴിവിലൂടെയായാണ് കലാഭവനില്‍ കയറിയത്. അദ്ദേഹം ചെയ്തിരുന്ന പല ഐറ്റങ്ങളും ഞാൻ ചെയ്തിരുന്നു. മൈ ഡിയര്‍ കരടി എനിക്ക് കിട്ടാന്‍ കാരണം മണിച്ചേട്ടനാണ്. അദ്ദേഹത്തിന് സമയം ഇല്ലാത്തത് കൊണ്ടാണ് എനിക്ക് ആ സിനിമ കിട്ടിയത്. ഞാന്‍ ആദ്യമായി ചെയ്‌തൊരു പരിപാടിയുടെ ഉദ്ഘാടനം അദ്ദേഹമായിരുന്നു. നമുക്കും സിനിമയില്‍ സാധ്യതയുണ്ടെന്ന് തെളിയിച്ചത് അദ്ദേഹമാണ്. കാണാന്‍ നല്ല ഭംഗിയുള്ളവര്‍ക്ക് മാത്രമേ സിനിമയില്‍ അവസരം കിട്ടൂയെന്നൊക്കെയായിരുന്നു ധാരണ. കഴിവുണ്ടെങ്കില്‍ ആര്‍ക്കും കിട്ടുമെന്ന് തെളിയിച്ചത് മണിച്ചേട്ടനാണെന്ന് ഷാജോൺ പറയുന്നു.
ആ രീതിയില്‍ വലിയൊരു ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ച് ഓഡിയോ കാസറ്റുകള്‍ ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളും പാടാറുണ്ട്. മണിച്ചേട്ടന്‍ സ്റ്റേജില്‍ കയറിയാല്‍ എല്ലാമെടുത്തൊരു പോക്കാണ്. അതിനിടയില്‍ ആര് കയറിയിട്ടും കാര്യമില്ല. ഒരു സുനാമി പോലെ വന്നങ്ങ് പോയ കലാകാരനാണ് മണിയെന്ന് അദ്ദേഹം പറയുന്നു.
അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പാവമാണ്. ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ്. ഞങ്ങള്‍ കുറേ പരിപാടികളില്‍ ഒന്നിച്ച് പോയിട്ടുണ്ട്. മണിച്ചേട്ടന്‍ എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാവും. ഭക്ഷണവും ഡ്രിങ്ക്‌സുമെല്ലാം പുള്ളി ഞങ്ങള്‍ക്ക് മേടിച്ച് തരും. സ്‌നേഹമുള്ളവരോടെ പുള്ളി ദേഷ്യപ്പെടുകയുള്ളൂ. ഒരിക്കല്‍ അദ്ദേഹത്തിന്റെ വള എന്റെ മൂക്കില്‍ കൊണ്ടപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിരുന്നു. വേദന കാരണം ഞാന്‍ ചൂടായി. പിറ്റേ ദിവസം ധര്‍മജന്റെ കൈപിടിച്ച് തിരിച്ചപ്പോള്‍ അവനും ചൂടായി. അതുവരെ ഞങ്ങളെ കെട്ടിപ്പിടിച്ച് കിടന്നിരുന്ന മനുഷ്യനാണ്. കുറച്ച് കഴിഞ്ഞ് വരുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. സുബി വന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം കരയുകയാണെന്ന് അറിഞ്ഞത്.
'ഞാന്‍ സ്‌നേഹം കൊണ്ട് ചെയ്തതല്ലേ... നിങ്ങളെ വേദനിപ്പിക്കാനല്ലെന്ന് പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നു. ഫോണില്‍ സ്ഥിരം വിളിക്കാറൊന്നുമില്ലായിരുന്നു. അദ്ദേഹത്തിന്റെ പാടിയിലും ഇതുവരെ പോയിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്നൊക്കെ ചോദിച്ചാല്‍ ഹേയ്... അതൊന്നും ഇല്ലടാ.... മരുന്നൊന്നും വേണ്ട എന്നാണ് പറയാറുള്ളത്. ആരോഗ്യപ്രശ്‌നങ്ങളൊന്നും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ല. അതെകുറിച്ച് ചോദിച്ചാലും വഴക്ക് പറഞ്ഞ് വിഷയം മാറ്റും. ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിഞ്ഞപ്പോള്‍ കാണാന്‍ പോയിരുന്നു. ചെന്നപ്പോള്‍ ഒരാളിങ്ങനെ കിടക്കുകയാണ്. അത് കണ്ടുനില്‍ക്കാനാവുന്ന കാഴ്ചയായിരുന്നില്ല. ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ല' ഷാജോൺ പറയുന്നു.
https://www.facebook.com/Malayalivartha