നാലംഗ സംഘം തട്ടിയെടുത്തത് 80 കിലോ സ്വർണവും 25 ലക്ഷം രൂപയും; കള്ളന്മാരെ പിടികൂടിയത് ഐ.പി.എസ്. ഓഫീസർ പി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം; 2007ലെ പുതുവത്സര തലേന്ന് കേരളത്തെ ഞെട്ടിച്ച് നടന്ന മലപ്പുറം ചേലേമ്പ്ര ബാങ്ക് കവർച്ച ഇനി വെള്ളിത്തിരയിൽ! പി.വിജയനായി ആറാടാൻ മോഹൻലാൽ; കവർച്ചാത്തലവൻ ബാബുവായി ഫഹദ് ഫാസിൽ

2007ൽ കേരളത്തെ ഞെട്ടിച്ച കവർച്ച സിനിമയാകുന്നു. 2007ലെ പുതുവത്സര തലേന്ന് മലപ്പുറം ചേലേമ്പ്ര ബാങ്കിൽ കവർച്ച നടന്നിരുന്നു. കവർച്ചയിൽ 80 കിലോ സ്വർണവും 25 ലക്ഷം രൂപയുമായി നാലംഗ സംഘം രക്ഷപ്പെടുകയും ചെയ്‌തു. ഈ കള്ളന്മാരെ അതിസാഹസികമായി പിടികൂടിയ സംഭവം ഇനി വെള്ളിത്തിരയിലേക്ക്. അന്ന് ഈ അന്വേഷണത്തിന് നേതൃത്വം നൽകിയത് ഐ.പി.എസ്. ഓഫീസർ പി.വിജയനാണ്. വിജയനായി എത്തുന്നത് മോഹൻലാലാണ്.
കവർച്ചാത്തലവൻ ബാബുവായി ഫഹദ് ഫാസിലും എത്തും. മലയാളത്തിൽ മാത്രമല്ല, തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ സിനിമ ഒരുക്കുവാനാണ് പദ്ധതി. അനിർബൻ ഭട്ടാചാര്യ രചിച്ച ഇന്ത്യയുടെ മണി ഹീസ്റ്റ് - ദി ചെലേമ്പ്ര ബാങ്ക് റോബറിയെ അടിസ്ഥാനമാക്കിയാണ് സിനിമ തയ്യാറാക്കുന്നത്. മോഹൻലാലിന്റെയും പി.വിജയന്റെയും സാന്നിധ്യത്തിലായിരുന്നു പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നത്. നിരവധി മയക്കുമരുന്ന്, സ്വർണ്ണകടത്ത് കേസുകളും അന്വേഷിച്ച് പ്രതികളെ കണ്ടെത്തിയ വ്യക്തിയാണ് പി.വിജയൻ.
ബണ്ടിച്ചോർ കേസ്, കോടാലി ശ്രീധരൻ കേസ്, കളമശേരി ബസ് കത്തിച്ച കേസ്, ശബരിമല തന്ത്രിക്കേസ് തുടങ്ങിയവയും അദ്ദേഹം അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ കേരള ബുക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റി എം.ഡിയാണ് പി.വിജയൻ . ചേലേമ്പ്ര ബാങ്ക് കവർച്ച നടന്നത് സൈബർ അന്വേഷണം തുടങ്ങിയ സമയത്തായിരുന്നു. ഈ കാലഘട്ടത്തിൽ 20 ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിക്കാൻ അന്വേഷണ സംഘം സ്വന്തമായി സോഫ്റ്റ്‌വെയർ സജ്ജമാക്കിയിരുന്നു.
200 പേർ അന്വേഷണത്തിൽ പങ്കെടുത്തു.ചെന്നൈ, ബംഗളൂരു, റായ്‌പൂർ, ഹൈദരാബാദ് എന്ന സ്ഥലങ്ങളിലേക്കും അന്വേഷണം കടന്നിരുന്നു. അങ്ങനെയാണ് പ്രതികൾ കോഴിക്കോട്ട് പിടിയിലായത്. അന്നത്തെ സി.ഐയും ഇപ്പോൾ ക്രൈംബ്രാഞ്ച് എസ്.പിയുമായ വിക്രമൻ, അന്നത്തെ ക്രൈം ബ്രാഞ്ച് എസ്.പി മോഹന ചന്ദ്രൻ, ഇൻസ്പെക്ടർ അൻവർ. ഇപ്പോഴത്തെ എസ്.പി ഷൗക്കത്ത് അലി തുടങ്ങിയവരെല്ലാം പ്രതികളെ പിടിക്കാൻ രണ്ടും കൽപിച്ച് ഇറങ്ങിയവരാണ്.
https://www.facebook.com/Malayalivartha