പലരും തന്നെ സമീപിച്ചിരുന്നു: രാഷ്ട്രീയത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യർ...

രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യർ. താൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഉണ്ടാവാറുണ്ടെന്ന് ഒരു ചാനൽ പരിപാടിക്കിടെ മഞ്ജു തന്നെ വെളിപ്പെടുത്തി. പല മണ്ഡലത്തിന്റെയും പേര് പറഞ്ഞ് തിരഞ്ഞെടുപ്പില്‍ നില്‍ക്കാമോയെന്ന് നേതാക്കൾ ചോദിച്ചിരുന്നു. പക്ഷെ തന്റെ നിലപാട് മറ്റൊന്നായിരുന്നുവെന്ന് മഞ്ജു വെളിപ്പെടുത്തുന്നു മഞ്ജുവിന്റെ ആ വാക്കുകൾ ഇങ്ങനെ....
തിരഞ്ഞെടുപ്പില്‍ നില്‍ക്കാമോയെന്ന് നേതാക്കള്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ഒട്ടും പറ്റാത്ത ഒരു മേഖലയാണ് അത്. അതിനുള്ള കഴിവും താല്‍പര്യവും എനിക്കില്ല. രാഷ്ട്രീയത്തിലൂടെയല്ലാതെ ജനങ്ങളെ സേവിക്കാനുള്ള കഴിവേ എനിക്കുള്ളു. രാഷ്ട്രീയം അധികം ഫോളോ ചെയ്യുന്ന ആളല്ല ഞാന്‍. അടിസ്ഥാനപരമായ കാര്യങ്ങളൊക്കെ നോക്കാറുണ്ട്. ഒരുവിധം നേതാക്കളെയൊക്കെ കണ്ടാല്‍ അറിയാമെന്നും മഞ്ജു വാര്യർ പറയുന്നു. സോഷ്യല്‍ മീഡിയയിലേ വിമർശനങ്ങള്‍ കാര്യമാക്കാറില്ല. തുടക്കത്തിലൊക്കെ ബുദ്ധമുട്ട് ആവാറുണ്ടായിരുന്നു.
എന്നാല്‍ അതൊരു പ്രത്യേകതരം മാനസികാവസ്ഥയാണെന്ന് മനസ്സിലാക്കാനുള്ള പക്വത എനിക്ക് വന്നു. ആര് എന്ത് അഭിപ്രായം പറഞ്ഞാലും അതിനെ വളച്ചൊടിച്ച്, അതിനെ രാഷ്ട്രീയമോ മതമോ ഓക്കെയായി കൂട്ടിക്കുഴക്കുന്ന ഒരു പ്രവണത കഴിഞ്ഞ കുറച്ച് കാലമായി കാണാന്‍ തുടങ്ങിയിട്ടുണ്ടെന്നും മഞ്ജു പറയുന്നു. നേരത്തെയൊക്കെ പല കാര്യങ്ങളിലും അഭിപ്രായം പറയുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഈ രീതി കാരണം ഇപ്പോള്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. നമ്മള്‍ വിചാരിക്കുന്ന രീതിയിലല്ല ആളുകള്‍ അതിനെ ചിത്രീകരിക്കുന്നത്. അപ്പോള്‍ ആവശ്യമുള്ള സ്ഥലത്ത് മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയെന്നും മഞ്ജു വാര്യർ പറയുന്നു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മഞ്ജു വാര്യറെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്ന അഭ്യൂഹം ആ സമയത്ത് ഉയർന്ന് വന്നിരുന്നു. യു ഡി എഫ് ശക്തി കേന്ദ്രമായി എറണാകുളം തിരികെ പിടിക്കാന്‍ മഞ്ജു വാര്യറിലൂടെ സാധിക്കുമെന്ന് എല്‍ ഡി എഫ് വിലയിരുത്തുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സി പി എമ്മോ മഞ്ജു വാര്യറോ തയ്യാറായിരുന്നില്ല. ഒടുവില്‍ എറണാകുളം മണ്ഡലത്തില്‍ പി രാജീവായിരുന്നു സി പി എമ്മിന് വേണ്ടി മത്സരിച്ചത്. 2018 ല്‍ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്തും സി പി എം സ്ഥാനാർത്ഥിയായി മഞ്ജു വാര്യറുടെ പേര് ചർച്ചകളില്‍ ഉയർന്ന് വന്നിരുന്നു. എന്നാല്‍ ഈ വാർത്തകള്‍ തള്ളി സി പി എം ആലപ്പുഴ ജില്ലാ നേതൃത്വം തന്നെ രംഗത്ത് എത്തി.
സി പി എമ്മിന്‍റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന പ്രചരണം വ്യാപകമായതോടെയായിരുന്നു പാർട്ടി നേതൃത്വം തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയത്. സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ചു നില്‍ക്കുന്ന മണ്ഡലത്തില്‍ സെലിബ്രിറ്റിയുടെ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സി പി എം എത്തുകയായിരുന്നു. ഒടുവില്‍ സജി ചെറിയാന്‍ തന്നെയായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാർത്ഥിയായത്. ഇരുപതിനായിരത്തിലേറെ വോട്ടിന് അദ്ദേഹം വിജയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha