ഭാര്യയുടെ കൈകൾ മുറുകെ പിടിച്ച് , ധ്യാനിന്റെ തമാശകൾ കേട്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിവാസൻ: താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ....

ശ്രീനിവാസന്റെ തിരിച്ച് വരവിനായി പ്രാർത്ഥിച്ച ആരാധകർക്കായി ഇപ്പോഴത്തെ ചിത്രങ്ങൾ പുറത്ത് നടി സ്മിനു സിജോ. അസുഖപർവ്വം താണ്ടി ശ്രീനിവാസൻ ജീവിതത്തിലേക്ക് തിരിച്ച് വരുകയാണെന്നും അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും സ്മിനു പറയുന്നു. ശ്രീനിവാസനെ വീട്ടിൽ സന്ദർശിച്ച ശേഷം താരം തന്നെ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവച്ച് ആരോഗ്യസ്ഥിയെക്കുറിച്ച് പങ്കുവയ്ക്കുകയായിരുന്നു.
‘‘ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ ആരോഗ്യവാനാണ്. ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി.
സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിച്ച വിമലാന്റിയും കണ്ട ഉടനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇന്റർവ്യൂ തമാശകൾ പറയുമ്പോൾ മതിമറന്ന് ചിരിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷവും.
ധ്യാൻ ഇന്റർവ്യൂവിൽ പറയാൻ മറന്നതോ അതോ അടുത്ത ഇന്റർവ്യൂവിൽ പറയാൻ മാറ്റിവച്ചതോ അറിയില്ല, എന്തായാലും പഴയ നർമത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ, ധ്യാൻമോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചെലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്.
പൂർണ ആരോഗ്യവാനായി, എഴുതാൻ പോവുന്ന മനസ്സിലുള്ള അടുത്ത തിരക്കഥയെപ്പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം, ആത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്.’’ –സ്മിനു കുറിച്ചു.
കഴിഞ്ഞ മാസമാണ് അസുഖങ്ങളെത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിക്കുകയും, പിറ്റേന്നുതന്നെ അദ്ദേഹത്തെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയ ശ്രീനിവാസനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. സിനിമയില്‍ തന്‍റെ ഗോഡ്‌ഫാദര്‍ ശ്രീനിവാസനാണെന്ന് പല അഭിമുഖങ്ങളിലും സ്മിനു പറഞ്ഞിട്ടുണ്ട്. മുൻ കേരള ജൂനിയർ ഹാൻഡ് ബോള്‍ താരമാണ് ചങ്ങനാശേരിക്കാരിയായ സ്മിനു സിജോ. ഓപ്പറേഷൻ ജാവ, കെട്ട്യോളാണെന്റെ മാലാഖ, പ്രകാശൻ പറക്കട്ടെ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ഹെവനാണ് സ്മിനുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
https://www.facebook.com/Malayalivartha