രാഷ്ട്രീയമൊന്നുമല്ല.... കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി: തുറന്ന് പറഞ്ഞ് സ്ഫടികം ജോർജ്...

സിനിമയ്ക്കപ്പുറം നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന നടനാണ് സുരേഷ് ഗോപി. ഒരു സൂപ്പർതാരത്തിന്റെ യാതൊരുവിധ തലക്കനങ്ങളുമില്ലാത്ത ഒരു നടനുണ്ടെങ്കിൽ മലയാളികൾക്ക് അത് സുരേഷ് ഗോപിയാണ്. രാഷ്‌ട്രീയത്തിൽ സജീവമാകുന്നതിനും വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞ നടനാണ് അദ്ദേഹം. ജനനായകൻ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോജിച്ച നടൻ.
മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം പ്രേക്ഷകർ ഏറെ സ്നേഹിച്ച താരം കൂടെയാണ് അദ്ദേഹം. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം തിളങ്ങി നിന്ന ഒരു കാലഘട്ടം സുരേഷ് ഗോപിക്കുണ്ടായിരുന്നെങ്കിലും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഇടക്കാലത്ത് പറ്റിയ വീഴ്ചയും പൊലീസ് വേഷങ്ങളിൽ ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടതും താരത്തിന്റെ കരിയറിനെ ബാധിച്ചു. ഇടയ്ക്ക് സിനിമയിൽ നിന്ന് പൂർണമായും സുരേഷ് ഗോപി മാറി നിൽക്കുന്ന സാഹചര്യവുമുണ്ടായി. രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടതും സുരേഷ് ഗോപിയുടെ കരിയറിനെ ബാധിച്ചെന്ന് വിലയിരുത്തലുണ്ട്. ഇപ്പോഴിതാ നടൻ സ്ഫടികം ജോർജ് സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ പറ്റില്ലായിരുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. സഹായ മനസ്ക്തയുള്ളയാളാണ്. രാഷ്ട്രീയമൊന്നുമല്ല.
കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം,' സ്ഫടികം ജോർജ് പറഞ്ഞു. മൈൽസ്റ്റോൺ മേക്കേർസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടൻ ജയറാമിനെക്കുറിച്ചും സ്ഫടികം ജോർജ് സംസാരിച്ചു, സൂപ്പർ മാൻ സിനിമയിൽ ഒരു ഫൈറ്റ് സീൻ ഫൈറ്റ് മാസ്റ്റർ വരാഞ്ഞതിനെത്തുടർന്ന് ഞങ്ങൾ തന്നെ കംപോസ് ചെയ്തിട്ടുണ്ട്. അതിനകത്ത് എനിക്കേറ്റവും സങ്കടം വന്ന സീനുണ്ട്. ജയറാമിന്റെ അപ്പനായിട്ട് വരുന്നത് നെടുമുടി വേണുമാണ്. അദ്ദേഹം സ്റ്റേഷനിൽ വരുമ്പോൾ ഞാൻ ഭയങ്കര രൂക്ഷമായാണ് പുള്ളിയോട് സംസാരിക്കുന്നത്.
അവരെ പിടിച്ച് തള്ളുന്നുണ്ട്. അത്രയും പ്രായമുള്ള സീനിയർ നടനോട് അങ്ങനെ ചെയ്യുമ്പോൾ മാനുഷികമായ തലത്തിൽ വിഷമം തോന്നും. പക്ഷെ എന്റെ കഥാപാത്രം അതല്ലല്ലോ. ഞാൻ പൊലീസ് ഓഫീസറല്ലേ. ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഉള്ളിന്റെയുള്ളിൽ ഫീലിംഗ് ഉണ്ടാവും പക്ഷെ അത് മുഖത്ത് കാണിക്കാനും പറ്റില്ലെന്ന് സ്ഫടികം ജോർജ് പറയുന്നു.
സ്ഫടികം ജോർജ് വില്ലനായി അഭിനയിച്ച സ്ഫടികം എന്ന സിനിമ ഇന്ന് വീണ്ടും റിലീസ് ചെയ്യുകയാണ്. ഇതിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയായിരുന്നു ഇദ്ദേഹം. മോഹന്‍ലാലിന്റെ കരിയര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് സ്ഫടികം.ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ മാത്രമല്ല മറിച്ച് 40തില്‍ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഘാന, നൈജീരിയ, ടാന്‍സാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ ആദ്യ ദിനം റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് സ്ഫടികം. ഭദ്രന്റെ സംവിധാനത്തില്‍ 1995-ല്‍ പുറത്തുവന്ന ചിത്രം 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റി റീലീസിനൊരുങ്ങുന്നത്.
സ്ഫടികത്തിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് 2023 -ല്‍ ചിത്രം തിയറ്ററുകളിലെത്തുമെന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് നവംബറില്‍ പ്രഖ്യാപിച്ചത്. സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്‌സ് എന്ന കമ്പനി രൂപീകരിച്ചതായി സംവിധായകന്‍ ഭദ്രനും അറിയിച്ചിരുന്നു.
കഥാഗതിയില്‍ മാറ്റമില്ലാതെ പുനര്‍നിര്‍മ്മിക്കുന്ന ചിത്രത്തിനുവേണ്ടി ഹൈ ഡെഫനിഷന്‍ ബാക്കിംഗ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫാമിലി ആക്ഷന്‍ ഡ്രാമയായ സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ 'ആടുതോമ' എന്ന നായക കഥാപാത്രത്തെ മൂന്നു പതിറ്റാണ്ടിനിപ്പുറവും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 'ഭൂമിയുടെ സ്പന്ദനം മാതമാറ്റിക്സിലാണ്' എന്നടക്കം സിനിമയിലെ ഹിറ്റ് ഡയലോഗുകള്‍ വീണ്ടും തിയറ്ററുകളില്‍ ആരവമുയര്‍ത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha