ദിലീപിന് കുരുക്ക് മുറുകും....! മഞ്ജു കോടതിയിൽ എത്തണം, കേസിൽ മഞ്ജുവിനെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ, കേസ് ഇനിയും നീളും, വരിഞ്ഞു മുറുക്കി ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ നീക്കത്തെ തടയണമെന്ന ആവശ്യമാണ് ദിലീപ് സുപ്രീം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. കേസിൽ മഞ്ജുവിനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ പറയുന്ന വാദങ്ങൾ വ്യാജമാണെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ദിലീപ് പറഞ്ഞിരുന്നു.
എന്നാൽ ദിലീപിന്റെ വാദങ്ങളെ ശക്തമായി തള്ളുകയാണ് സർക്കാർ. കേസിൽ മഞ്ജുവിനെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം ഈ മാസം 17ന് മഞ്ജുവാര്യരുടെ വിസ്താരം നടക്കുമെന്നാണ് കരുതിയിരുന്നത് .എന്നാൽ തടസവാദം ഉന്നയിച്ച് ദിലീപ് സുപ്രീംകോടതിയിലെത്തിയതോടെ വിസ്താരം നാളെ നടക്കില്ല .
ഇനി സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷമാകും മഞ്ജുവാര്യരുടെ വിസ്താരം. ഫലത്തിൽ കേസ് ഇനിയും നീളും. അടുത്ത ആറ് മാസം കൂടി സമയം ചോദിച്ചിരിക്കുകയാണ് വിചാരണ കോടതി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്കെതിരെ ആക്രമണത്തിന് ഇരയായ നടി നല്‍കിയ മൊഴി ഹൈക്കോടതിയും ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി മാര്‍ച്ച് മാസം വിധി പ്രസ്താവിക്കുമെന്നാണ് നേരത്തെ വന്ന വിവരം. എന്നാല്‍ ഇനിയും സാക്ഷി വിസ്താരം നടക്കേണ്ടതുള്ളതിനാല്‍ വിധി അടുത്ത മാസമുണ്ടാകില്ലെന്ന് ഉറപ്പാണ്. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയില്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യം വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചു.
വിചാരണ കോടതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചാല്‍ കേസിന്റെ സമയ പരിധി സെപ്തംബര്‍ വരെ നീളും. നേരത്തെ പലതവണ വിചാരണയ്ക്ക് സമയം സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു. സാക്ഷികളെ വിസ്തരിക്കാനുള്ളതിനാല്‍ സുപ്രീംകോടതി സമയം കൂടുതല്‍ അനുവദിച്ചേക്കുമെന്ന് നിയമ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
നടി കേസിൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖയെ കുറിച്ചുള്ള മഞ്ജുവിന്റെ മൊഴി അതിപ്രധാനമാണെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ശബ്ദരേഖയിലെ ദിലീപിന്റേയും സഹോദരൻ അനൂപിന്റേയുമെല്ലാം ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കേണ്ടതെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ തുടക്കം മുതൽ ദിലീപ് എതിർപ്പ് അറിയിക്കുകയായിരുന്നു.
വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറുമായുള്ള ഇടപാടുകൾ, വോയിസ് ക്ലിപ്പുകൾ, സാക്ഷികളെ സ്വാധീനിക്കൽ എന്നിവ സംബന്ധിച്ചാണ് ദിലീപിന്റെ സഹോദരൻ അനൂപിനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
വിചാരണ വേഗം പൂര്‍ത്തിയാകണമെന്നാണ് ദിലീപിന്റെ ആവശ്യം.. കാവ്യ മാധവന്റെ അച്ഛന്‍ മാധവന്‍, മഞ്ജുവാര്യര്‍ എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് ദിലീപിന്റെ വാദം. പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നും മഞ്ജുവിന് തന്നോട് വിരോധം ഉണ്ടെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.
ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി എടുക്കുന്ന തീരുമാനം വളരെ നിര്‍ണായകമാണ്. സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം ഈമാസം 21ന് മഞ്ജുവാര്യരെ വിസ്തരിക്കാനാണ് ആലോചന. അതിനിടെയാണ് വിചാരണ കോടതി ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആറ് മാസം കൂടി സമയം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഹൈക്കോടതിയില്‍ വിചാരണ കോടതി അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ആദ്യം അറസ്റ്റിലായവരില്‍ ഒരാളാണ് സുനി. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇയാള്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയാണ്. മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചു. തനിക്കും ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് സുനി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ സുനി ജാമ്യത്തിന് ശ്രമിച്ചിരുന്നു എങ്കിലും വിജയിച്ചിട്ടില്ല.
പള്‍സര്‍ സുനിക്കെതിരെ ആക്രമിക്കപ്പെട്ട നടി നല്‍കിയ മൊഴി എന്താണ് എന്ന് ഹൈക്കോടതി തേടിയിട്ടുണ്ട്. വിചാരണ കോടതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വൈകാതെ ഹൈക്കോടതിക്ക് നല്‍കും. ഇക്കാര്യം പരിശോധിച്ച ശേഷമേ സുനിക്ക് ജാമ്യം നല്‍കുന്ന കാര്യം ഹൈക്കോടതി പരിഗണിക്കൂ. ഈ മാസം 27നാകും സുനിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം എടുക്കുക.
2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യം ദിലീപ് നിഷേധിക്കുന്നു. ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തല്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയതോടെയാണ് വിചാരണ വീണ്ടും നീണ്ടത്. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ഇനിയും സമയം എടുക്കുമെന്നതിനാല്‍ വേഗം വിധി വരണമെന്ന ദിലീപിന്റെ ആവശ്യം നടക്കില്ലെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha