നിങ്ങൾക്ക് എല്ലാവർക്കുമറിയാം ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും, അതിന്റെ കാരണങ്ങളുമൊക്കെ... അതിനെ കുറിച്ചൊന്നും എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള അവകാശം ഇല്ല- ദിലീപ്

ശബരി സെൻട്രൽ സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയ ദിലീപിന്റെയും ഭാര്യ കാവ്യ മാധവന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ശേഷം കഴിഞ്ഞ കുറച്ച് നാളുകളായി പൊതുപരിപാടികളിൽ സജീവമായിരുന്നില്ല ദിലീപ്. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ മാത്രമാണ് ദിലീപിനെ കാണാറുള്ളത്. ഇതിനിടയിലായിരുന്നു കഴിഞ്ഞ ദിവസം ദിലീപ് പങ്കെടുത്ത പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയത്. പരിപാടിയിലെ പ്രസംഗത്തിനിടെ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ദിലീപ് പരോക്ഷമായി പ്രതികരിച്ചു.
ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് ഇടവയ്ക്കുകയും ചെയ്തു. ജീവിതത്തിൽ താൻ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയില്ലേയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ദിലീപിന്റെ പ്രസംഗം.'എന്നെ സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകൾക്ക് ശേഷമാണ് ഞാൻ ഇങ്ങനെ ഒരു വേദിയിൽ നിന്നും സംസാരിക്കുന്നത്. നിങ്ങൾക്ക് എല്ലാവർക്കുമറിയാം ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ. എന്നാൽ അതിനെ കുറിച്ചൊന്നും എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള അവകാശം ഇല്ല. കാരണം അങ്ങനെയൊക്കെയാണ് കാരണങ്ങൾ. അതിനെ കുറിച്ചൊക്കെ ഒരിക്കൽ ഞാൻ എന്റെ പ്രീയപ്പെട്ടവരോട് സംസാരിക്കുമെന്നായിരുന്നു ദിലീപ് പ്രസംഗത്തിൽ തുറന്നടിച്ചത്.
കേസിൽ പ്രതിയായ ഒരാളെ സ്കൂളിലെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചത് ശരിയായില്ലെന്ന തരത്തിലുള്ള വിമർശനങ്ങൾ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്ത് കുറ്റവും ചെയ്താലും പൊക്കി പിടിക്കാൻ ആളുകളുണ്ട് എന്ന് തെളിക്കുന്ന വീഡിയോ ആണ്. ഉറപ്പായും ഇതൊക്കെ പെയ്ഡ് പ്രമോഷൻ ആയിരിക്കാം എന്നാണ് ചിലർ വിമർശിക്കുന്നത്. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണോ കേസിലെ പ്രതികൾ എന്നായിരുന്നു ചില കമന്റ്. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.
കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താരം ഏകദേശം മൂന്ന് മാസത്തോളം ജയിലിൽ കിടന്നിരുന്നു. തുടർന്ന് ജാമ്യം ലഭിച്ചു. നടി കേസിൽ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസിനെ കുറിച്ച് ദിലീപ് പരസ്യമായി പ്രതികരിച്ചിട്ടില്ല .മുൻപ് ആലുവ നഗരസഭയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതപ്പോൾ അന്ന് ദിലീപ് നടത്തിയ പ്രതികരണം വലിയ ചർച്ചയായിരുന്നു. നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് താൻ എന്നായിരുന്നു ദിലീപ് അന്ന് പ്രതികരിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാംഘട്ട വിസ്താരത്തിനായി മഞ്ജു ഇന്ന് കോടതിയിൽ ഹാജരായിരുന്നു. കേസിൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖകളിൽ നിന്ന് ദിലീപ് അടക്കമുള്ളവരുടെ ശബ്ദം തിരിച്ചറിയുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നത് കൊണ്ട് പ്രോസിക്യൂഷന്റെ ലക്ഷ്യം. മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴി തന്നെയായിരിക്കും ദിലീപിന്റെ ഭാവി നിശ്ചയിക്കാൻ പോകുന്നതും.
മഞ്ജു കോടതിയിലെത്തുന്നത് തടയിടാനുള്ള നീക്കങ്ങളായിരുന്നു ദിലീപ് നേരത്തെ നടത്തിയിരുന്നത്. മഞ്ജുവിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തുന്ന വാദങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മഞ്ജുവിനെ ഒരിക്കൽ വിസ്തരിച്ചതാണെന്നും ഇനിയും വിസ്തരിക്കേണ്ടതില്ലെന്നുമായിരുന്നു ദിലീപ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. മഞ്ജുവിന് തന്നോട് വൈരാഗ്യമുണ്ടെന്നും ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ദിലീപിന്റെ എല്ലാ വാദങ്ങളും സുപ്രീം കോടതി തള്ളി. സാക്ഷികളിൽ ആരെയൊക്കെ വിസ്തരിക്കണമെന്ന കാര്യത്തിൽ സുപ്രീം കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു പരമോന്നത കോടതിയുടെ നിലപാട്. ഇതോടെയാണ് ഇപ്പോൾ മഞ്ജു കോടതിയിൽ എത്തുന്നതിന് വഴി തെളിഞ്ഞത്. മഞ്ജു കോടതിയിൽ തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുമോയെന്നാണ് ഇനി ചോദ്യം. നേരത്തേ ശബ്ദരേഖയിൽ ഉള്ള സാമ്പിളുകൾ ദിലീപിന്റേതാണെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു. ഇക്കാര്യം അവർ കോടതിയിലും ആവർത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ മൊഴി അതിപ്രധാനമാകും.
https://www.facebook.com/Malayalivartha