നാട്ടുകാർ ഓടിച്ചത് ഗാനമേള മോശമായിട്ടോ..? വാരനാട് ദേവി ക്ഷേത്രത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ രംഗത്ത്....

കഴിഞ്ഞ ദിവസമാണ് നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ ആരാധകരുടെ തിക്കിത്തിരക്ക് അനിയന്ത്രിതമായതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയും ചെയ്തു. ആലപ്പുഴ ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്ക് എത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോയിൽ.
തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് വിനീതിന് തന്റെ കാറുള്ള സ്ഥലത്തേക്ക് ഓടേണ്ടിവന്നത്. പരിപാടി മോശമായത് കൊണ്ട് വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന തരത്തിലൊക്കെ സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നുണ്ട്. എന്നാൽ സംഭവത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവനെന്നും വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരുമെന്നും വിനീത് വ്യക്തമാക്കി.
പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ, അനിയന്ത്രിതമായ ജന തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായെന്നും ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട് വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നുവെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ, അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു.
അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും! എന്നായിരുന്നു വിനീതിന്റെ കുറിപ്പ്.
തിരക്കഥാകൃത്ത് സുനീഷ് വാരനാട് ഈ സംഭവത്തിൽ പ്രതികരിച്ചിരുന്നു. വാരനാട്ടെ കുംഭഭരണി ഉത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും സംഘവും നടത്തിയത്. അഭൂതപൂർവമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്.
‘പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ് എന്ന് അദ്ദേഹം കുറിച്ചു. വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകനാണ് വിനീത് ശ്രീനിവാസൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ് വിനീത് ശ്രീനിവാസൻ.
https://www.facebook.com/Malayalivartha