ഹണി റോസിന്റെ പരാതി; അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുൽ ഈശ്വർ...

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുൽ ഈശ്വർ. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി നാളെ പരിഗണിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ രാഹുൽ ഈശ്വർ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ആരോപണം.
ഇതിനിടെ ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിന് എതിരെ വീണ്ടും പരാതി. സലിം എന്ന തൃശ്ശൂർ സ്വദേശിയാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി. രാഹുലിനെതിരെ ഹണി റോസും പരാതി നൽകിയിരുന്നു. രണ്ട് പരാതികളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി വിശദമായി പരിശോധിച്ചുവരികയാണെന്നാണ് വിശദീകരണം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കേസെടുക്കുന്നതടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയുള്ളൂ. വിഷയം സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരുമോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കേസ് സൈബര്‍ സെല്ലിന് കൈമാറും.
ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റിന് പിന്നാലെയാണ് നടി ഹണി റോസിനെ വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമർശിച്ചിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. ഇത് ചൂണ്ടിക്കാട്ടിയാണ് കൊച്ചി സിറ്റി പൊലീസിനെ സമീപിച്ചത്.
രാഹുൽ ഈശ്വറിന്‍റെ നേതൃത്യത്തിൽ സംഘടിത സൈബർ ആക്രമണമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമം. വലിയ ഗൂഢാലോചന ഇതിന്‍റെ ഭാഗമായുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം. രാഹുലുമായി ബന്ധപ്പെട്ട് ഫേസ് ബുക് പോസ്റ്റുകളുടെയടക്കം പകർപ്പുകളും പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
രാഹുൽ ഈശ്വറിന് മാപ്പില്ലെന്ന് നടിഹണി റോസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. അതിന് കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വറാണെന്ന് ഹണി റോസ് ഫെയ്സ്ബുക്കിൽ കുറിച്ചു. രാഹുല്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും നിയമനടപടി സ്വീകരിക്കുന്നുവെന്നും ഇന്നലെഹണി പറഞ്ഞിരുന്നു.
കടുത്ത മാനസിക വ്യഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടാനാണ് ശ്രമം. പൊതുബോധം എനിക്കെതിരാക്കാന്‍ സൈബറിടത്ത് ആസൂത്രിതനീക്കം നയിക്കുന്നുവെന്നും ഹണി റോസ് ഫെയ്്സ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha