മട്ടന് പകരം ബീഫ് വിളമ്പിയതിന് റസ്‌റ്റോറന്റ് ജീവനക്കാരന്‍ അറസ്റ്റില്‍

നടനും യൂട്യൂബറുമായ സായക് ചക്രവര്‍ത്തിക്ക് മട്ടന് പകരം ബീഫ് വിളമ്പിയെന്ന് ആരോപിച്ച് കൊല്‍ക്കത്തയിലെ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. സായക് ചക്രവര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്ത പാര്‍ക്ക് സ്ട്രീറ്റിലെ ഓലിപബ്ബ് റസ്‌റ്റോറന്റിലെ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പൊലീസ് നടപടി. പാര്‍ക്ക് സ്ട്രീറ്റിലെ ഏറ്റവും പഴക്കമേറിയ തിരക്കുള്ള റസ്‌റ്റോറന്റുകളില്‍ ഒന്നാണ് ഓലിപബ്ബ്.
നടന്‍ സായകും രണ്ട് സുഹൃത്തുക്കളും പാര്‍ക്ക് സ്ട്രീറ്റിലെ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തുകയായിരുന്നു. ഇവര്‍ മട്ടണ്‍ സ്‌റ്റേക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും റസ്‌റ്റോറന്റുകാര്‍ ബീഫ് വിളമ്പുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിളമ്പുന്ന സമയത്ത് എന്ത് വിഭവമാണെന്ന് ജീവനക്കാര്‍ പറഞ്ഞിരുന്നില്ല. മട്ടണ്‍ ആണെന്ന് കരുതി ബീഫ് പകുതിയോളം കഴിച്ച ശേഷമാണ് രണ്ടാമത്തെ വിഭവം എത്തിയത്. ഇത് മട്ടണ്‍ ആണെന്നും നേരത്തെ വിളമ്പിയത് ബീഫ് ആണെന്നും ജീവനക്കാര്‍ പിന്നീട് വെളിപ്പെടുത്തിയതായി സായക് ആരോപിക്കുന്നു.
സംഭവത്തിന്റെ വീഡിയോ സായക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'ഞാന്‍ ഒരു ബ്രാഹ്മണനാണെന്ന് നിങ്ങള്‍ക്കറിയാമോ? മട്ടണ്‍ ചോദിച്ച എനിക്ക് എന്തിനാണ് നിങ്ങള്‍ ബീഫ് വിളമ്പിയത്?' എന്ന് സായക് വീഡിയോയില്‍ ജീവനക്കാരനോട് ചോദിക്കുന്നുണ്ട്. തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് ജീവനക്കാരന്‍ സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
"
സംഭവത്തിന് പിന്നാലെ സായക് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് റസ്‌റ്റോറന്റ് ജീവനക്കാരനെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ജീവനക്കാരന്‍ മനഃപൂര്‍വം വീഴ്ച വരുത്തിയതാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. റസ്‌റ്റോറന്റ് മാനേജ്‌മെന്റിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
സായക് പങ്കുവച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലുമുണ്ടായി. ബിജെപി നേതാവ് തരുണ്‍ ജ്യോതി തിവാരിയും, കേയ ഘോഷും റസ്‌റ്റോറന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 'ഹിന്ദുക്കളെ എളുപ്പത്തില്‍ ലക്ഷ്യം വയ്ക്കുന്നവരായി കാണുന്നത് എന്തുകൊണ്ടാണ്? മറ്റൊരു വിഭാഗത്തിനാണ് ഇത്തരമൊരു അനുഭവം സംഭവിച്ചതെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ആലോചിച്ചു നോക്കൂ',? ബിജെപി നേതാവ് കേയ ഘോഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സായക് ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്‌തെങ്കിലും, അപ്പോഴേക്കും ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























