ഗോവൻ മേളയിൽ സമ്മാനിതനായപ്പോൾ ചെമ്പൻ വിനോദ് ഞെട്ടിയതെന്തിന്?

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ചെമ്പൻ വിനോദ് ആദ്യം കണ്ട സിനിമ ഷൂട്ടിങ്ങ് അദ്ദേഹം അഭിനയിച്ച നായകൻ എന്ന ചിത്രത്തിലേതായിരുന്നു. ഒരിക്കൽ പോലും സിനിമാ നടനാവാൻ ആഗ്രഹിക്കാത്തയാളാണ് ചെമ്പൻ വിനോദ്. അങ്കമാലിയിലെ ഒരു സാധാരണ കുടുംബത്തിൽ ചെമ്പൻ എന്ന വീട്ടു പേരിന്റെ അകമ്പടിയോടെ സിനിമയിൽ കാലുകുത്തിയ ചെമ്പൻ വിനോദ് പഠിച്ചത് ഫിസിയോതെറാപ്പിയാണ്.
അങ്കമാലിയിലെയും ബാംഗ്ലൂരിലെയും 19 വർഷം വീതമുള്ള ജീവിതാനുഭവങ്ങൾ ചെമ്പനെ കൂടുതൽ സാധാരണക്കാരനാക്കി എന്നതാണ് സത്യം. അമേരിക്കയിൽ താമസിക്കുന്ന ഭാര്യയും മകനുമുള്ള ഒരാളെ പോലെയല്ല ചെമ്പൻ ഇന്നും ജീവിക്കുന്നത്. അന്താരാഷ്ട്രപുരസ്കാരത്തിന്റെ വാർത്ത ഇടുക്കിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നറിയുമ്പോൾ മാധ്യമങ്ങളോട് പോലും എന്താണ് പ്രതികരിക്കേണ്ടതെന്ന് ചെമ്പന് മനസിലായില്ല.
ചെമ്പൻ പത്രം വായിക്കാറില്ല. വായിച്ചാൽ തന്നെ രാഷ്ട്രീയം തീരെയില്ല. കേരളത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ചാൽ എന്താണ് എന്ന് ചെമ്പൻ തിരികെ ചോദിക്കും. ആരെയും കടത്തിവെട്ടാനും കുതറി പിടിക്കാനും ചെമ്പന് താൽപര്യമില്ല. തീർത്തും പച്ച പരമാർത്ഥമായ ജീവിതം. ഒരു സാധാരണക്കാരനെ പോലെ ജീവിക്കുന്നതിലും വലിയ ഭാഗ്യമില്ലെന്നാണ് ചെമ്പന്റെ വിശ്വാസം.
യാത്രകൾ ഇഷ്ടപ്പെടുന്ന ചെമ്പൻ ചെറിയ കടകളിൽ കയറി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു. മത്സ്യം വറുത്തതാണ് ഏറെ ഇഷ്ടം. ഒന്നേ രണ്ടോ കഷണങ്ങളിലൊതുങ്ങുന്നില്ല മത്സ്യക്കൊതി. സിനിമാനടനായതോടെ ഇക്കാര്യങ്ങളിലെല്ലാം ചില തടസ്സങ്ങളുണ്ടായി. പെട്ടികടകളിൽ പോലും സെൽഫിയെടുത്തുന്നവരുടെ തിരക്കാണ്. എന്നാൽ മറ്റ് സിനിമാക്കാരെ പോരെയല്ല ചെമ്പൻ. തന്നെ ആരാധനയോടെ നോക്കുന്നതിലൊന്നും തെല്ലും സന്തോഷമില്ല. തന്റെ ഇഷ്ടദിനചര്യകൾക്ക് സിനിമ പലപ്പോഴും ഒരു തടസ്സമാണെന്ന് ചെമ്പൻ കരുതുന്നു.
തട്ടുകടകളിൽ ഭക്ഷണം കഴിക്കാനെത്തുന്ന ചെമ്പനെ ചെമ്പൻ വിനോദ് അല്ലെന്ന് തെറ്റിദ്ധരിക്കുന്നവരും നിരവധി. ഒരു സിനിമാനടൻ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുകയോ? അസംഭവ്യം ! ഈ മ യൗവിലെ മാജിക്കൽ റിയലിസവും ഫിലോസഫിയുമെന്നും പാവം ചെമ്പന് മനസിലായിട്ടില്ല. പിഎഫ് മാത്യൂസിന്റെ രചനാ വൈഭവത്തെയും ലിജോജോസിന്റെ ദൃശ്യചാരുതയെയും തത്വശാസ്ത്രപരമായി വ്യാഖ്യാനിക്കുന്ന ചടങ്ങുകളിൽ ചെമ്പൻ വെറുമൊരു കാഴ്ചക്കാരൻ മാത്രമാണ്.
പത്തു വർഷം മുമ്പായിരുന്നു താൻ സിനിമയിലെത്തിയതെങ്കിൽ ബാലൻ കെ. നായരെ പോലെ അവസാനിക്കുമായിരുന്നു എന്ന് പറയാൻ ചെമ്പന് മടിയില്ല. സ്വാഭാവിക ഹ്യൂമറിന്റെ മച്ചമ്പി എന്നൊക്കെ തന്നെ ചിലർ വിശേഷിപ്പിക്കുന്നത് കേൾക്കുമ്പോൾ ഇതെല്ലാം സത്യമാണോ എന്ന് ചെമ്പന് തോന്നി പോകും. ആമേൻ എന്ന സിനിമ തന്റെ ജീവിതനദിയെ വഴിതിരിച്ചു വിട്ടു എന്ന് പറയുമ്പോഴും അതെല്ലാം ലിജോ ജോസിന്റെ സ്നേഹസമ്മാനമാണെന്ന് പറഞ്ഞൊഴിയുന്നു ചെമ്പൻ.
പക്ഷേ ഒരു സങ്കടമുണ്ട് ചെമ്പന്. സത്യൻ അന്തിക്കാടിന്റെയും ജോഷിയുടെയുമൊക്കെ സിനിമകളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ അവരെന്നും തന്നെ വിളിക്കുന്നില്ല. ചില സിനിമകൾ കണ്ട് സത്യൻ അന്തിക്കാട് അഭിനന്ദിച്ചിട്ടുണ്ട്, പക്ഷേ റോൾ തരാമെന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മലയാളത്തിലൊതുങ്ങാൻ ചെമ്പൻ തീരുമാനിച്ചിട്ടില്ല. തമിഴിലും തെലുങ്കിലും ഒരു കൈ നോക്കണം. അപ്പോഴും പ്രേക്ഷകർക്ക് അവരോട് ചേർന്നു നിൽക്കുന്ന ഒരാൾ എന്ന കംപാർട്ട്മെന്റിൽ നിന്നും ഓടിയകലാൻ ചെമ്പൻ ആഗ്രഹിക്കുന്നില്ല.
പിന്നെ ന്യൂ ജൻ സിനിമയിലെ തെറികൾ കണ്ട് തെറ്റിദ്ധരിക്കുന്നവരോട് ഒടുവിൽ ഒരു വാക്ക്; ഗൂഗിൾ ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുമ്പോൾ സിനിമയിൽ കാണുന്നതെല്ലാം തെറിയാണോ? ഗൂഗിൾ കണ്ട് തെറ്റാത്ത തലമുറ സിനിമ കണ്ട് തെറ്റുമോ?
https://www.facebook.com/Malayalivartha