കലാഭവൻ അബിയുടെ വേർപാടിന് ഇന്ന് ഒരു വയസ്സ്

പ്രശസ്ത മിമിക്രി കലാകാരനും സിനിമ നടനുമായ മൂവാറ്റുപുഴക്കാരനായ ഹബീബ് മുഹമ്മദ് എന്ന അബിയുടെ വേർപാടിന് ഇന്ന് ഒരു വയസ്സ്. 2017 നവംബർ മുപ്പതിനായിരുന്നു അർബുദ ബാധയെത്തുടർന്ന് അബി മരണത്തിന് കീഴടങ്ങിയത്.
മിമിക്രി ലോകത്ത് നിന്നും സിനിമാ രംഗത്തെത്തിയ പ്രതിഭാശാലിയായ കലാകാരനായിരുന്നു അബി. കൊച്ചില്‍ കലാഭവനിലൂടെയാണ് അബി മിമിക്രി രംഗത്തും അതിലൂടെ പിന്നീട് സിനിമയിലേക്കും എത്തിയത്. സിനിമാ നടന്മാരുടെ അനുകരണമായിരുന്നു അബിയുടെ മാസ്റ്റര്‍ പീസുകള്‍.
മമ്മൂട്ടി മോഹന്‍ലാല്‍ അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ശങ്കരാടി തുടങ്ങി നിരവധി കലാകാരന്മാരേയും രാഷ്ട്രീയ നേതാക്കളേയും അബി അനുകരിച്ചിരുന്നു. സ്‌റ്റേജ് മിമിക്രിയിലെ വണ്‍ മാന്‍ ഷോയില്‍ അബി സൃഷ്ടിച്ചെടുത്തത് സ്വന്തം സ്‌റ്റൈല്‍ തന്നെയായിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനെ ഇത്രയും മികവോടെ അവതരിപ്പിച്ച മറ്റൊരു മിമിക്രി താരമില്ലെന്ന് വേണമെങ്കില്‍ പറയാം. മലയാളത്തിലെ ജാവദ് ജഫ്രി എന്നുവരെ അബിയെ താരങ്ങള്‍ വിശേഷിപ്പിച്ചിരുന്നു.
കലാഭാവന്‍ കൂടാതെ കൊച്ചിന്‍ ഓസ്‌കാര്‍ എന്ന ഗ്രൂപ്പിലും സ്വന്തം ട്രൂപ്പായ കൊച്ചിന്‍ സാഗര്‍ എന്ന മിമിക്രി ട്രൂപ്പിലും അനുകരണ കലയുടെ വ്യത്യസ്ത ഭാവങ്ങള്‍ പകര്‍ന്ന അബിയുടെ അന്നത്തെ സഹപ്രവര്‍ത്തകര്‍ ദിലീപ്, കലാഭവന്‍ മണി, നാദിര്‍ഷ, ഹരിശ്രി അശോകന്‍, ഷിയാസ് തുടങ്ങിയ കലാകാരന്മാര്‍ ആയിരുന്നു. ഇവരോടൊപ്പം ചേര്‍ന്ന് ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ മൂന്നൂറോളം മിമിക്രി ഓഡിയോ കാസറ്റുകളും അബി സ്വന്തമായി ഇറക്കിയിരുന്നു.
തൊണ്ണൂറുകളായിരുന്നു അബിയെന്ന മിമിക്രി സൂപ്പര്‍ താരത്തിന്റെ സുവര്‍ണകാലഘട്ടമെങ്കില്‍ അതിനു ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ നടനെന്ന നിലയിലും സ്വയം അടയാളപ്പെടുത്താന്‍ അബിക്ക് കഴിഞ്ഞു. കേരളത്തിലും വിദേശരാജ്യങ്ങളിലും നൂറുകണക്കിന് വേദികളെയാണ് സ്വന്തം അനുകരണമികവിലൂടെ അബി അമ്പരിപ്പിച്ചിട്ടുള്ളത്. നിരവധി ടിവി ചാനലുകളിലും അബി ഷോ അവതരിപ്പിച്ചിട്ടുണ്ട്.
1992ല്‍ മമ്മൂട്ടി അഭിനയിച്ച നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ ജഗദീഷിനൊപ്പം മുഴുനീള കോമഡി വേഷത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടായിരുന്നു അബിയുടെ സിനിമാ പ്രവേശനം. തുടര്‍ന്ന് ഭീഷ്മാചാര്യ, എല്ലാരും ചൊല്ലണ്, ചെപ്പ് കിലുക്കണ ചാങ്ങാതി, സൈന്യം, മഴവില്‍കൂടാരം, വാത്സല്യം, ആനപ്പാറ അച്ചാമ, പോര്‍ട്ടര്‍, രസികന്‍, വാര്‍ധക്യ പുരാണം, കിരീടമില്ലാത്ത രാജക്കന്മാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ക്യാരക്ടര്‍ വേഷങ്ങളിലും ഉപനായക വേഷങ്ങളിലും ഹാസ്യ താര വേഷത്തിലും മികച്ച അഭിനയമാണ് അബി കാഴ്ചവെച്ചത്.
ഏകദേശം അമ്പതോളം സിനിമകളില്‍ അഭിനയിച്ചെങ്കിലും ശ്രദ്ധേയമായതെന്ന് പറയാന്‍ കഴിയുന്ന വേഷങ്ങള്‍ വളരെ അപൂര്‍വ്വമാണ്. നായകവേഷമോ നായകനോളം പ്രാധാന്യമുള്ള കൊള്ളാവുന്ന വേഷങ്ങളോ അബിയെ തേടിയെത്തിയില്ല. ആ ഒരു വിഷമം വിടാതെ പിന്തുടര്‍ന്നെങ്കിലും അതിനെയൊക്കെ തന്ത്രപരമായി അതിജീവിക്കാനും മിമിക്രിയിലൂടെ പുതിയ ഇടങ്ങള്‍ കണ്ടെത്താനും കഴിഞ്ഞിരുന്നു. അബിയുടെ വിജയവും അതുതന്നെയാണ്.
https://www.facebook.com/Malayalivartha