എല്ലാം ഒരു സ്വപ്നം പോലെ... നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ.ടി മുഹമ്മദിനെ കല്യാണം കഴിക്കുമ്പോള്‍ 18 വയസ്; ആളുകള്‍ പറയുന്നത് മനസിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല; 16 വര്‍ഷം നീണ്ട ദാമ്പത്യം ഒരനുഭവം; സീനത്ത് മനസ് തുറക്കുന്നു

മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ നടിയായ സീനത്തിന്റെ വിവാഹം ഏറെ ചര്‍ച്ചയായതാണ്. 36 വയസിന്റെ പ്രായവ്യത്യാസമുള്ള ഒരാളെ വിവാഹം കഴിക്കുകയെന്നു വച്ചാല്‍... പക്ഷെ ആ ദാമ്പത്യം 16 വര്‍ഷം നീണ്ടു നിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ അനഭവിച്ച ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറയുകയാണ് സീനത്ത്.
അഭിനേത്രിയായും ഡബ്ബിംഗ് ആര്‍ടിസ്റ്റായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സീനത്ത്. നാടകവേദിയിലൂടെയാണ് ഈ കലാകാരി തുടക്കം കുറിച്ചത്. സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം. വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം സീനത്തിന് ലഭിച്ചിരുന്നു. പ്രായത്തില്‍ മുതിര്‍ന്നയാളായ കെടി മുഹമ്മദിനെ വിവാഹം ചെയ്തതും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറയുകയാണ് സീനത്ത്. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അഭിനേത്രി മനസ്സ് തുറന്നത്.
നാടകത്തില്‍ നിന്നുമാണ് സീനത്ത് സിനിമയിലേക്കെത്തിയത്. കാലജീവിതത്തിലെപ്പോലെ തന്നെ തന്റെ ജീവിതത്തിലും നാടകീയത നിറഞ്ഞ രംഗങ്ങളായിരുന്നു ആവര്‍ത്തിച്ചതെന്ന് താരം പറയുന്നു. അതീവ നാടകീയത നിറഞ്ഞ കാര്യങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു ഇതൊക്കെ സംഭവിച്ചത്. 18മാത്തെ വയസ്സിലാണ് 54 വയസ്സുള്ള കെടി മുഹമ്മദിനെ വിവാഹം ചെയ്തതെന്ന് താരം പറയുന്നു.
കോഴിക്കോട്ടെ കലിംഗ തിയേറ്റേഴ്‌സില്‍ വെച്ചാണ് താന്‍ കെടി മുഹമ്മദിനെ കണ്ടതും പരിചയപ്പെട്ടതുമെന്ന് സീനത്ത് ഓര്‍ത്തെടുക്കുന്നു. അതുവരെയുള്ള ശൈലിയില്‍ നിന്നും വിഭിന്നമായാണ് അദ്ദേഹം നാടകമൊരുക്കിയിരുന്നത്. നാടക ലോകത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. നാടകാചാര്യനായാണ് കെടിയെ വിശേഷിപ്പിക്കാറുള്ളത്.
അന്ന് അദ്ദേഹത്തിന് ചെറിയ തോതില്‍ ആസ്തമയുടെ പ്രശ്‌നമുണ്ടായിരുന്നു. മരുന്നൊക്കെ എടുത്ത് തരാമോയെന്ന് അദ്ദേഹം തന്നോട് ചോദിക്കാറുണ്ടായിരുന്നു. അതിനിടയിലെപ്പൊഴോ താന്‍ അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ ആ ശൈലിയോട് അങ്ങനെയാണ് ഇഷ്ടം തോന്നിത്തുടങ്ങിയത്. താന്‍ പോലുമറിയാതെ ഒരിഷ്ടം രൂപപ്പെടുകയായിരുന്നു അപ്പോള്‍. അതിനിടയിലാണ് അദ്ദേഹം തന്നെ വിവാഹം ചെയ്ത് തരാമോ എന്ന് ഇളയമ്മയോട് ചോദിച്ചത്.
പെട്ടെന്നൊരു ദിവസം അദ്ദേഹം അങ്ങനെ ചോദിച്ചപ്പോള്‍ തനിക്കത് ഉള്‍ക്കൊള്ളാനായില്ലെന്നും സീനത്ത് പറയുന്നു. പ്രായമായിരുന്നു പ്രധാന പ്രശ്‌നമായി തോന്നിയത്. ഇതിനിടയിലാണ് താന്‍ കെടിയെ വിവാഹം ചെയ്യാന്‍ പോവുന്നുവെന്നുള്ള പ്രചാരണങ്ങളും തുടങ്ങിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി വിവാഹം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. താന്‍ അപ്പോള്‍ കെടിയോട് സംസാരിക്കാറില്ലായിരുന്നുവെന്നും സീനത്ത് പറയുന്നു. ഇതിനിടയിലാണ് തന്നേയും ഇളയമ്മയേയും നാടകസമിതിയില്‍ നിന്നും പിരിച്ചുവിട്ടത്.
തങ്ങളെ പിരിച്ചുവിടുന്നതിന് കാരണമായി പറഞ്ഞത് കെ.ടി.യുമായുള്ള ബന്ധമായിരുന്നു. ഈ സമയത്താണ് അദ്ദേഹത്തിന് ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ ചെയര്‍മാനായി നിയമനം ലഭിച്ചത്. ആ വാശിയില്‍ അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു. ഒരിക്കലും മാറാത്ത തരത്തിലുള്ള ഉറച്ച തീരുമാനമായിരുന്നു അത്.
ഞങ്ങള്‍ തമ്മിലുള്ള പ്രായവ്യതാസത്തെക്കുറിച്ച് ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള അറിവോ പക്വതയോ അന്ന് തനിക്കുണ്ടായിരുന്നിലെന്നും സീനത്ത് പറയുന്നു. 16 വര്‍ഷത്തെ ആയുസ്സായിരുന്നു തങ്ങള്‍ തമ്മിലുള്ള ദാമ്പത്യത്തിനുണ്ടായിരുന്നതെന്നും സീനത്ത് പറയുന്നു.
https://www.facebook.com/Malayalivartha























