മറക്കില്ല അതൊരിക്കലും.... ആ തെറ്റ് തിരുത്തിയപ്പോള്‍ അത്ഭുതകരമായ മാറ്റം സംഭവിച്ചതായി യേശുദാസ്; മാസ്മരിക ശബ്ദത്തിന്റെ രഹസ്യം വെളിപ്പെടുത്തി യേശുദാസ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ കെ.ജെ യേശുദാസിന്റെ 79ാം പിറന്നാള്‍ അടുത്തിടെയാണ് ആഘോഷിച്ചത്. ചലച്ചിത്ര ഗാനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട യേശുദാസ് എഴുപതിനായിരത്തിലേറെ ഗാനങ്ങള്‍ വിവിധ ഭാഷകളിലായി ആലപിച്ചിട്ടുണ്ട്.
യേശുദാസ് മലയാളികളുടെ അഭിമാനം കൂടിയായാണ്. എത്ര കേട്ടാലും മതിവരാത്ത മലയാള ഗാനങ്ങള്‍ യേശുദാസിന്റെ ശബ്ദത്തില്‍ നാമിന്നും ആസ്വദിക്കുന്നു. മലയാളത്തിന്റെ സ്വന്തം ഗാനഗന്ധര്‍വ്വന് 79 വയസ്സായെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഇപ്പോഴും മനോഹരമാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ശബ്ദം കാത്തു സൂക്ഷിക്കുന്നതിനെ കുറിച്ച് യേശുദാസ് മനസ്സ് തുറന്നിരുന്നു.
'ഞാന്‍ ചായ കുടിക്കാറില്ല. ചെറുപ്പത്തില്‍ ചിക്കന്‍ വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി പച്ചക്കറി മാത്രമേ കഴിക്കാറുള്ളൂ, മുട്ട പോലും കഴിക്കാറില്ല. വളരെ അപൂര്‍വ്വമായി ഹോട്ടല്‍ ഭക്ഷണം കഴിക്കാറുണ്ട്. എന്റെ ശബ്ദത്തേയും പാടാനുള്ള കഴിവിനെയും കാത്തുസൂക്ഷിക്കുക എന്നത് എന്റെ കടമയാണ്. എല്ലാ കാലത്തും എന്റെ ശബ്ദം ഇങ്ങനെയായിരുന്നില്ല. 15 18 വര്‍ഷം മുന്‍പ് എനിക്ക് ഉയര്‍ന്ന സ്വരങ്ങള്‍ പാടാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതായി ഞാന്‍ ശ്രദ്ധിച്ചു. അത് പ്രായം കൂടും തോറും സാധാരണയായി സംഭവിക്കുന്നതാണ് എന്നുകരുതി ഞാന്‍ ലോ പിച്ചിലെ പാട്ടുകള്‍ മാത്രം പാടി. എന്നാല്‍ ഒരിക്കല്‍ അമേരിക്കയില്‍ പോയപ്പോള്‍ എന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായി.
ഒരിക്കല്‍ കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് 'ഈറ്റ് റൈറ്റ് ഫോര്‍ യുവര്‍ ടൈപ്പ്' എന്ന പുസ്തകം കാണാനിടയായി. ഒരു കൗതുകത്തിന് ഞാനതു വാങ്ങി വായിച്ചു. ഒരു സമഗ്രമായ പുസ്തകമല്ലെങ്കിലും, നമ്മുടെ രക്തഗ്രൂപ്പുകള്‍ക്ക് അനുസരിച്ചുള്ള ഡയറ്റിനെ കുറിച്ചുള്ളതായിരുന്നു അത്. അത് വായിച്ചതിനു ശേഷം അത്രയും നാള്‍ എന്റെ ഭക്ഷണശീലത്തില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ ഞാന്‍ മനസിലാക്കുകയും, ഭക്ഷണരീതി മാറ്റുകയും ചെയ്തു. ശരിക്കും അദ്ഭുതകരമായ മാറ്റമായിരുന്നു പിന്നീട്. ആ ഡയറ്റ് പ്ലാനില്‍ ഞാന്‍ ഉറച്ചു നിന്നു. പിന്നീട് പിച്ചുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവും എനിക്ക് നേരിട്ടിട്ടില്ല. എത്ര വിഷമകരമായ പാട്ടുകള്‍ പോലും പാടാന്‍ കഴിഞ്ഞു. അവ വലിയ ഹിറ്റുകളായെന്നും യേശുദാസ് പറയുന്നു.
കൊല്ലൂര്‍ മൂകാംബികാ ദേവീസന്നിധിയിലാണ് യേശുദാസ് പിറന്നാള്‍ ആഘോഷിച്ചത്. 79ാം പിറന്നാള്‍ ദിനത്തില്‍ അക്ഷരദേവതയെ പ്രണമിച്ച് ചണ്ഡികാ ഹോമത്തില്‍ പങ്കെടുത്ത ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സരസ്വതി മണ്ഡപത്തില്‍ ഗാനാര്‍ച്ചനയും നടത്തി. ഭാര്യ പ്രഭ, മകന്‍ വിനോദ് യേശുദാസ്, സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പമാണ് യേശുദാസ് മൂകാംബികയിലെത്തിയത്.
പതിവ് തെറ്റാതെ പുലര്‍ച്ചെ തന്നെ മൂകാംബിക അമ്മയെ വണങ്ങിയ ശേഷം ചണ്ഡികാഹോമത്തില്‍ പങ്കെടുത്തു. ഭക്തരുടെ കൂടെ ക്ഷേത്ര പ്രദക്ഷിണം നടത്തി. തിരിച്ചിറങ്ങി യേശുദാസിന്റെ പിറന്നാളിന്റെ ഭാഗമായി സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടത്തുന്ന സരസ്വതി മണ്ഡപത്തിലെത്തി.
സര്‍വ്വ സംഗീതത്തിന്റെയും ഉറവിടമാണ് മൂകാംബികാ ദേവീ സന്നിധിയെന്നാണ് യേശുദാസ് പറഞ്ഞത്. സംഗീതോപകരണങ്ങള്‍ വായിക്കുമ്പോള്‍ അതില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കണം. തന്റെ പാട്ടിന് ഉപകരണങ്ങള്‍ വായിച്ചവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്തി കൊടുക്കുകയും ഒരു കലാകാരന്‍ എപ്പോഴും പഠിതാവായിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
പലപ്പോഴും വിവാദത്തിലും യേശുദാസ് ചാടാറുണ്ട്. അതിലേറ്റവും പ്രധാനമായിരുന്നു റോയല്‍റ്റി വിവാദം. ഇളയരാജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ ജെ യേശുദാസ് രംഗത്ത് വന്നിരുന്നു. ഗാനങ്ങള്‍ക്ക് റോയല്‍ട്ടി ആവശ്യപ്പെട്ട വിഷയത്തിലാണ് യേശുദാസ് ഇളയരാജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല ഗാനത്തിന്റെ റോയല്‍ട്ടി. എല്ലാവരും ഒരുമിച്ച് കഷ്ടപ്പെട്ടാണ് ഒരു ഗാനം ഉണ്ടാകുന്നത്. അതില്‍ ഗാനം എഴുതിയ ആള്‍ക്കും, അതിന് സംഗീതം നിര്‍വാഹച്ച ആള്‍ക്കും പാടിയ ആള്‍ക്കും ഒരു പോലെ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.താന്‍ ഇളയരാജയുടെ ഗാനങ്ങള്‍ സംഗീത പരിപാടികളില്‍ ആലപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























