പടം റിലീസ് ചെയ്യുന്ന ദിവസം നിന്റെ സ്റ്റാര്‍ഡത്തിന്റെ അവസാനമായിരിക്കും... മമ്മൂട്ടി ഉപേക്ഷിച്ച റോള്‍ മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാറാക്കി

മമ്മൂട്ടി ഉപേക്ഷിച്ച രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ റോളാണ് മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാറാക്കിയതെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്. മമ്മൂട്ടി ആ വേഷം ചെയ്യാത്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകനായ തമ്പി കണ്ണാന്താനം മമ്മൂട്ടിയോട് കയര്‍ക്കുകയും ചെയ്തു. \'\'നീ കണ്ടോടാ, ഇതു ഞാന്‍ മറ്റവനെക്കൊണ്ട് ചെയ്യിക്കും. പടം റിലീസ് ചെയ്യുന്ന ദിവസം നിന്റെ സ്റ്റാര്‍ഡത്തിന്റെ അവസാനമായിരിക്കും. രാജാവിന്റെ മകന്‍ ഇറങ്ങിയാല്‍ നീയൊരിക്കലും അവന്റെ മുകളിലായിരിക്കില്ല.\'\'
ദേഷ്യത്തോടെ തമ്പി മുറി വിട്ട് പുറത്തിറങ്ങി. തമ്പിയുടെ ദേഷ്യം മമ്മൂട്ടി അത്ര മുഖവിലയ്‌ക്കെടുത്തില്ല. വിഷമം കൊണ്ട് പറഞ്ഞതായിരിക്കും എന്നു കരുതി ചിരിച്ചുതള്ളി.
രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍ താരപദവിയില്‍ എത്തിയ വഴി വിവരിക്കുകയാണ് ഡെന്നീസ് ജോസഫ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡെന്നീസ് ജോസഫ് മനസ് തുറന്നത്.
ഞാന്‍ തിരക്കഥയെഴുതിയ മൂന്നാമത്തെ സിനിമയായിരുന്നു \'ശ്യാമ\'. ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം. \'ശ്യാമ\'യുടെ എഡിറ്റിംഗും മിക്‌സിംഗും റെക്കോഡിംഗും മദ്രാസില്‍ നടക്കുന്ന സമയത്ത് ജോഷിക്കൊപ്പം ഫുള്‍ടൈം ഞാനുമുണ്ടായിരുന്നു. ജോഷിയുമായി എന്റെ ആദ്യ ചിത്രമായ \'നിറക്കൂട്ട്\' മുതലുള്ള ബന്ധമാണ്. അക്കാലത്ത് ജോഷിയെക്കാണാന്‍ സ്ഥിരമായി ഒരു സുഹൃത്ത് വരാറുണ്ട്.
തമ്പി കണ്ണന്താനം. ഒരുമിച്ച് ഒരേ കാലഘട്ടത്തില്‍ അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സായി വന്നവരാണ് ഇരുവരും. തമ്പി, ശശികുമാര്‍ സാറിനും ജോഷി ക്രോസ്‌ബെല്‍റ്റ് മണിക്കുമൊപ്പം. ഒരു വര്‍ഷം പതിനഞ്ച് സിനിമകള്‍ വരെ സംവിധാനം ചെയ്യുന്ന കാലത്താണ് ശശികുമാര്‍ സാറിനൊപ്പം തമ്പി പ്രവര്‍ത്തിച്ചത്. പിന്നീട് ജോഷി സ്വതന്ത്രനായപ്പോള്‍ തമ്പിയെ അസോസിയേറ്റായി ഒപ്പം കൂട്ടി.
കാലമേറെക്കഴിഞ്ഞില്ല, തമ്പിയും സ്വന്തം പടം ചെയ്തു. തമ്പിയുടെ \'ആ നേരം അല്‍പ്പദൂരം\' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഇതേ കാലത്താണ്. മമ്മൂട്ടി നായകനായ ക്രൈംത്രില്ലറാണത്. \'ശ്യാമ\'യ്ക്കു മുമ്പുതന്നെ \'ആ നേരം അല്‍പ്പദൂരം\' റിലീസ് ചെയ്തു.
സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. ഒരു സിനിമ പൊളിഞ്ഞാല്‍ അടുത്ത സിനിമ കിട്ടുക പ്രയാസമാണ്. എന്നാല്‍ എന്റെ സിനിമകള്‍ വിജയിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഒരിക്കല്‍ ജോഷി എന്നോടു പറഞ്ഞു.
\'\'എന്റെ അടുത്ത സുഹൃത്താണ് തമ്പി. ഡെന്നീസ് അവന് ഒരു സ്‌ക്രിപ്റ്റ് എഴുതിക്കൊടുക്കണം.\'\'
ഞാനന്ന് എറണാകുളം എസ്.ആര്‍.എം റോഡിലെ പ്രിന്റിംഗ് പ്രസ്സിന് പിറകിലെ മുറിയിലാണ് താമസം. ജോഷി പറഞ്ഞതനുസരിച്ച് ഒരുനാള്‍ തമ്പി എന്നെക്കാണാന്‍ വന്നു. ഒന്നു രണ്ടു കഥകള്‍ തമ്പിയോട് പറഞ്ഞെങ്കിലും അതൊന്നും ഇഷ്ടപ്പെട്ടില്ല.
ഒടുവിലാണ് ഒരു അധോലോക നായകന്റെ കഥ പറയുന്നത്. അത് പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ തമ്പി ഓകെ പറഞ്ഞു. സോമന്‍സുകുമാരന്‍ കാലഘട്ടം കഴിഞ്ഞ് മമ്മൂട്ടി താരമായി വരുന്ന സമയമാണത്. മമ്മൂട്ടിയുടെ എല്ലാ സിനിമകളും വിജയിക്കുന്നു. എല്ലാംകൊണ്ടും നമ്പര്‍ വണ്‍.
സൂപ്പര്‍താരമായിട്ടില്ലെങ്കിലും മാര്‍ക്കറ്റ് മമ്മൂട്ടിക്കാണ്. മോഹന്‍ലാലാവട്ടെ രണ്ടാമതും. അതുകൊണ്ടുതന്നെ മമ്മൂട്ടിയെ മുന്നില്‍ക്കണ്ടാണ് \'രാജാവിന്റെ മകന്‍\' എന്ന സിനിമയുടെ എഴുത്ത് ആരംഭിക്കുന്നത്. സ്വന്തം സ്ഥലവും കാറും വിറ്റ് ആ സിനിമ നിര്‍മ്മിക്കാന്‍ തമ്പിയും തയ്യാറായി. ഷാരോണ്‍ പിക്‌ചേഴ്‌സ് എന്ന കമ്പനിയുണ്ടാക്കി.
തമ്പിക്ക് മമ്മൂട്ടിയോടും ലാലിനോടും വ്യക്തിപരമായ അടുപ്പമുണ്ട്. ഒരു ദിവസം ഞാനും തമ്പിയും മമ്മൂട്ടിയോട് കഥ പറഞ്ഞു. സംവിധായകന്‍ തമ്പിയാണെന്ന് പറഞ്ഞപ്പോള്‍ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി തുറന്നടിച്ചു. തുടര്‍ച്ചയായി നാലഞ്ച് പടങ്ങള്‍ പരാജയപ്പെട്ട ഡയറക്ടര്‍ എത്ര വലിയ സുഹൃത്താണെന്നു പറഞ്ഞാലും അയാളെവച്ച് പടം ചെയ്യാന്‍ അന്നും ഇന്നും മമ്മൂട്ടി ഒരുക്കമല്ല. മമ്മൂട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
അയാള്‍ സ്വന്തം കരിയറാണ് നോക്കിയത്. നിര്‍മ്മാതാവ് കൂടിയായ തമ്പിക്ക് ഇത് വലിയൊരു ഷോക്കായി. എന്റെ മുമ്പില്‍വച്ചുതന്നെ തമ്പി മമ്മൂട്ടിയോട് ചൂടായി.
അന്നു തന്നെ തമ്പി ലാലിനെ വിളിച്ച് ഡേറ്റ് ഉറപ്പിച്ചു. മോഹന്‍ലാലിനെ അന്നുവരെ ഞാന്‍ നേരിട്ടുകണ്ടിട്ടേയില്ല. ഒരു പരിചയവുമില്ല. എന്നാല്‍ ലാലിനെ വലിയ ഇഷ്ടമാണ്. കാരണം പൊതുവെ തമാശപ്പടങ്ങള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണ് ഞാന്‍.
പ്രിയദര്‍ശന്റെ കോമഡിപ്പടങ്ങളിലെല്ലാം ലാലുണ്ട്. ഇപ്പോഴും പ്രിയദര്‍ശന്റെ വിജയിക്കാത്ത തമാശപ്പടങ്ങള്‍ മൂന്നും നാലും പ്രാവശ്യം കണ്ട് ചിരിക്കാറുണ്ട്, ഞാന്‍. ലാലിന്റേതായി ഒരു ആക്ഷന്‍ ത്രില്ലറേ അന്ന് വിജയിച്ചുള്ളൂശശികുമാര്‍ സംവിധാനം ചെയ്ത \'പത്താമുദയം\'. അതുകൊണ്ടുതന്നെ ലാലിനെ വച്ച് \'രാജാവിന്റെ മകന്‍\' ശരിയാവുമോ എന്ന സംശയം എനിക്കുമുണ്ടായിരുന്നു.
\'\'കോമഡി ചെയ്യുന്ന ലാലിന് ഈ സീരിയസ് വേഷം പറ്റുമോ?\'\'
ഞാന്‍ തമ്പിയോടു തന്നെ ചോദിച്ചു. തമ്പിക്ക് നൂറുശതമാനം ഉറപ്പായിരുന്നു. ലാല്‍ അഭിനയിക്കുന്നതുപോലെ കൈ തെറുത്തു കയറ്റുന്നതും മീശ പിരിക്കുന്നതുമൊക്കെ തമ്പി അഭിനയിച്ചുകാണിച്ചുതന്നു. ആ ബലത്തില്‍ ഞാന്‍ വീണ്ടും എഴുതാനിരുന്നു. നായകന് ഒരു പേരിടണം. കേള്‍ക്കുമ്പോള്‍ അതിനൊരു കരുത്തുവേണം. ഫോര്‍ട്ട്‌കൊച്ചിയിലൊക്കെ സ്ഥിരം കേള്‍ക്കുന്ന രണ്ടുപേരുകളുണ്ട്. വിന്‍സെന്റും ഗോമസും.
ലാല്‍ അഭിനയിച്ചാല്‍ ക്ലിക്കാകുമോ എന്ന സംശയം വിതരണക്കാര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ പടം ഏറ്റെടുക്കാന്‍ മടിച്ചു. അക്കാലത്തെ തമ്പിയുടെ ആത്മവിശ്വാസമാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. തമ്പി ലാലിനു വേണ്ടി ഉറച്ചു നിന്നു. വിതരണത്തിന് ആളെക്കിട്ടാതെ വന്നപ്പോള്‍ ജോഷി ഇടപെട്ടു. ജോഷിയുടെ ശിപാര്‍ശയില്‍ ജൂബിലി പടം ഏറ്റെടുത്തു.
ആന്റിഹീറോസിന് ആരാധകരുള്ള കാലമാണന്ന്. അടിയന്തിരാവസ്ഥക്കാലത്ത് ഹാജി മസ്താനെയും യൂസഫ് പട്ടേലിനെയും ഇന്ദിരാഗാന്ധി അറസ്റ്റ്‌ചെയ്യിച്ചു. അവരുടെ ജീവിതം ഭാവനചേര്‍ത്ത് ഹിന്ദിയിലെടുത്ത \'ദീവാര്‍\' വന്‍ഹിറ്റായിരുന്നു.
രാജാവിന്റെ മകന്റെ പ്രമേയം മനസില്‍ വന്ന സമയത്താണ് എന്റെ കസിന്‍ രാജന്‍ (നടന്‍ ജോസ്പ്രകാശിന്റെ മകന്‍) ഒരു തിരക്കഥയെഴുതാന്‍ എന്നെ സമീപിച്ചത്. രണ്ടു കഥകള്‍ അവനെ കേള്‍പ്പിച്ചു. രണ്ടും രാജന് ഇഷ്ടപ്പെട്ടു. അവനതുമായി ജോത്സ്യനെ സമീപിച്ചു.
\'\'രണ്ടാമത്തെ കഥയായിരിക്കും നല്ലത്.\'\'
അതാണ് \'ആയിരം കണ്ണുകള്‍\' എന്ന സിനിമയായത്. ജോത്സ്യന് വലിയ അഭിപ്രായമില്ലാത്ത ആ കഥയാണ് \'രാജാവിന്റെ മകന്‍\'. ഒരേ സമയത്തായിരുന്നു രണ്ടു സിനിമകളുടെയും ഷൂട്ടിംഗ്. ലൊക്കേഷന്‍ കൊച്ചി. കലൂരില്‍ ഇപ്പോള്‍ പി.വി.എസ്.ഹോസ്പിറ്റലിന്റെ സ്ഥാനത്ത് അന്ന് കല്‍പ്പക ടൂറിസ്റ്റ്‌ഹോമാണ്. അവിടെയിരുന്നാണ് രണ്ടിന്റെയും തിരക്കഥയെഴുത്ത്.
താരങ്ങളും അണിയറപ്രവര്‍ത്തകരും തങ്ങുന്നതും ആ ഹോട്ടലിലാണ്. രാവിലെ രണ്ട് സിനിമകളുടെയും അസിസ്റ്റന്റുമാര്‍ വരും, തിരക്കഥ വാങ്ങിക്കാന്‍. ഒരു ദിവസം \'രാജാവിന്റെ മകന്റെ\' സ്‌ക്രിപ്‌റ്റെടുത്ത് \'ആയിരം കണ്ണുകളു\'ടെ അസിസ്റ്റന്റിന് കൊടുത്തിട്ടുണ്ട്.
ലൊക്കേഷനിലിരുന്ന് ജോഷി വിളിച്ചപ്പോഴാണ് തിരക്കഥ മാറിപ്പോയ വിവരമറിയുന്നത്. നിസ്സാരസമയം കൊണ്ടാണ് \'രാജാവിന്റെ മകന്‍\' എഴുതിത്തീര്‍ത്തത്. \'ആയിരംകണ്ണുകള്‍\'ക്ക് ഒരുപാടു സമയമെടുത്തു. \'രാജാവിന്റെ മകന്‍\' സൂപ്പര്‍ഹിറ്റാവുകയും \'ആയിരം കണ്ണുകള്‍\' ശ്രദ്ധിക്കപ്പെടാതെ പോയതും മറ്റൊരു ചരിത്രം.
\'രാജാവിന്റെ മകന്‍\' തമ്പിക്കൊരു പുനര്‍ജന്മമായി. മമ്മൂട്ടിയും തമ്പിയുമായുള്ള വഴക്ക് പിന്നീട് മാറിയെങ്കിലും മമ്മൂട്ടിയെ നായകനാക്കി തമ്പി ഒരു സിനിമയും സംവിധാനം ചെയ്തില്ല. എന്നാല്‍ ചില മമ്മൂട്ടിച്ചിത്രങ്ങള്‍ നിര്‍മ്മാണത്തിനെടുത്തു. രണ്ടാംസ്ഥാനത്തായിരുന്ന ലാലിന്റെ സ്ഥാനം ഒന്നാമതെത്താന്‍ കാരണമായത് രാജാവിന്റെ മകനാണ്. ആ സിനിമയോടെ മോഹന്‍ലാല്‍ സൂപ്പര്‍താര ഗണത്തിലേക്ക് ഉയര്‍ന്നു എന്നത് പിന്നീടുളള ചരിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha