അങ്ങിനെ ഞാനും പ്രേമം കണ്ടു... പ്രേമം ഇഷ്ടപ്പെടാന്‍ 8 കാരണങ്ങള്‍

എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ് പ്രേമം. ഈ അസൂയാവഹമായ വിജയത്തിന് പിന്നിലെ കാരണങ്ങള്‍ പലതാണ്. പലര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവാം. സിനിമയിലെ എല്ലാ മേഖലയിലും വിജയം കൈവരിച്ച ബാലചന്ദ്രമേനോന്‍ പ്രേമത്തിന്റെ വിജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുകയാണ്.
അങ്ങിനെ ഞാനും പ്രേമം കണ്ടു...
തുടക്കം മുതലേ ഈ ചിത്രം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എക്കാലത്തെയും അതിശയിപ്പിക്കുന്ന വിജയം കരസ്ഥമാക്കിയ ഈ ചിത്രം പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയതാണ് ഞാന്‍ ശ്രദ്ധിക്കാന്‍ കാരണം. ആ പ്രതികരണങ്ങളില്‍ ചിലത് ഇങ്ങനെ...
1) ഇപ്പറയുന്ന പോലെ ഒന്നും ഇല്ല...
2) ആദ്യപകുതി വല്ലാതെ ബോറടിച്ചു...
3) ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വീശി കണ്ണിനു ഈഷലായി...
4) പടം കണ്ടിറങ്ങിയാല്‍ പിന്നെ ഒന്നും മനസ്സില് നില്‍ക്കില്ല...
5)കാണാന്‍ പോയാല്‍ നിങ്ങള്‍ ഇന്റര്‍വെല്ലിനു മുന്‍പ് ഇറങ്ങിപ്പോരും... തീര്ച്ച...
6) എന്താണ് ഈ പടം ഇങ്ങനെ ഓടുന്നതെന്ന് മനസ്സിലാകുന്നില്ല...
7) തുടങ്ങിയാല്‍ തീരും വരെ കള്ളുകുടിയും സിഗരട്ട് വലിയും...
അങ്ങനെ ഒടുവില്‍ ഇന്നലെ ഞാന്‍ പ്രേമം കണ്ടു.... എന്റെ തോന്നലുകള്‍ താഴെ...
1) ഇഷ്ട്ടപ്പെടാം... ഇഷ്ട്ടപ്പെടാതിരിക്കാം. ഈ ചിത്രം ഉടനീളം ഒരു പുതുമണം ഉണ്ട്...
2) കണ്ടു മടുത്ത പതിവ് മുഖങ്ങള്‍ ഈ ചിത്രത്തില്‍ ഇല്ല...
3) പടം കാണാന്‍ വന്നിരിക്കുന്ന പ്രേക്ഷകനെ അവനാഗ്രഹിക്കുന്ന തലങ്ങളിലേക്ക് കൊണ്ടെത്തിക്കാനുള്ള ചെപ്പിടി വിദ്യകള്‍ സംവിധായകാന്‍ നന്നായി പ്രയോഗിച്ചിരിക്കുന്നു...
4) നിങ്ങള്‍ പരസ്യമായോ രഹസ്യമായോ ഒരു കാമുകനാണെങ്കില്‍ നിങ്ങള്‍ ആ വട്ടു ദിനങ്ങള്‍ മേരിയിലൂടെ ഓര്‍ത്തു രസിക്കും... അപ്പോള്‍ നിങ്ങള്‍ ആലുവാപ്പുഴയുടെ തീരത്ത് എന്നാ പാട്ട് മൂളും....
5) പഠിപ്പിക്കുന്ന ടീച്ചറെ നായകന്‍ പ്രേമിക്കുന്നത് ഭരതന്റെ ചാമരത്തിലാണ് ആദ്യം കണ്ടതായി ഓര്‍മ്മ . ഏതായാലും വിലക്കപ്പെട്ട കനി കഴിക്കാനുള്ള നിങ്ങളുടെ വാസനയെ മലര്‍ എന്നാ കൂട്ടുകാരി നിങ്ങള്‍ക്കായി പങ്കു വെയ്ക്കും... നെഞ്ചു പൊട്ടി നിങ്ങള്‍ക്ക് പാടാനായി മലരേ എന്ന പാട്ടുമുണ്ട്...
6) പഠിച്ചിരുന്ന കാലത്തെ ഊച്ചാളി രംഗങ്ങള്‍ നിവിന്‍ പോളി നിങ്ങളെ ഒര്‍മ്മിപ്പിക്കും നിങ്ങളും അറിയാതെ പഴയ കോളേജ് ദിനങ്ങള്‍ ഒന്നയവിറക്കും... ഒള്ളത് പറയട്ടെ. താടിയും മീശയും നിവിന് നന്നായി ചേരുന്നുണ്ട്... ഇഷ്ട്ടന്‍ നന്നായി പൂന്തു വിളയാടിയിട്ടുമുണ്ട് ..
7) ഏതു സത്യ പുണ്യാളനും നടക്കാതെ പോയ ഒരു പ്രേമ ഉണ്ടാകും. അവന്‍ ദിവസവും സ്വയം ഉള്ളില്‍ വിലപിക്കുന്നുമുണ്ടാവും. ആ ബഹുഭൂരിപക്ഷം അവള്‍ വേണ്ട്ര... ഇവള്‍ വേണ്ട്ര കാണുന്നവളുമാരോന്നും വേണ്ട്ര എന്ന പാട്ടും പാടി സമാധാനിച്ചോളും...
8) പറയാതെ വയ്യ... അസഭ്യമോ അറയ്ക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ ഇല്ല... അത് തന്നെ വലിയ ആശ്വാസം! എടുത്താല്‍ പൊങ്ങാത്ത വിഗ്ഗൊ, കടുപ്പമുള്ള മേക്കപ്പോ, എങ്ങനുണ്ടഡാ എന്റെ ഗ്ലാമര്‍ എന്ന മട്ടിലുള്ള വേഷ വിധനങ്ങളില്ല, പച്ചയായ കഥാപാത്രങ്ങള്‍ കടത്തിണ്ണയിലും, മച്ചിന്‍ പ്പുറത്തും, വഴിയോരങ്ങളിലിരുന്നും നാടന്‍ ഭാഷ പറയുന്നു, അതിന്റെ ഒരു സുഖമുണ്ട്...
ഇതിന്റെ അര്‍ത്ഥം പ്രേമം എല്ലാം തികഞ്ഞ പടം എന്നല്ല. പലരും സമര്‍ത്ഥമായി മുന്‍പ് ഉപയോഗിച്ച ഫോര്‍മുലയാണിത്. (തമിഴ് സിനിമ ആട്ടൊഗ്രാഫ് നല്ല ഉദാഹരണം) മനുഷ്യന്റെ ഗൃഹാതുരത്വം നിറഞ്ഞ വരണ്ട ഭൂമിയില്‍ പ്രേമം ഒരു നല്ല പുഷ്പ വൃഷ്ട്ടി നടത്തി... അതില്‍ നനഞ്ഞു കുളിച്ചു ജനം സുഖിച്ചു... രാമായണവും ഗീതയും ബൈബിളുമൊക്കെ നാം സുഖിക്കുന്നത് അതെ രീതിയിലാണ്...
നിര്‍മ്മാതാവ് അന്‍വര്‍ റഷീദ് കാശ് തൂത്തു വാരി... നന്നായിരിക്കട്ടെ...
പറയുന്ന പോലൊന്നും ഇല്ല, ഒന്നും മനസ്സില്‍ തങ്ങി നില്ക്കുന്നില്ല, കണ്ടിരിക്കാം തുടങ്ങിയ പ്രയോഗങ്ങള്‍ സൗകര്യപൂര്‍വം മറക്കുക...
ചിത്രത്തിന്റെ ശില്‍പികളെ ഞാന്‍ അഭിനന്ദിക്കുന്നു... കാരണം
ഇന്‍ഗ്ലീഷില്‍ ഒരു പ്രയോഗം ഉണ്ട്...
NOTHING SUCCEEDS LIKE SUCCESS.....
Thats ALL Your Honour !
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha