മൊയ്തീനെ വിറ്റ് കാശാക്കിയവര്‍ക്കെതിരെ കാഞ്ചനമാല... സിനിമയുടെ അണിയറക്കാര്‍ മൊയ്തീന്‍ സേവാമന്ദിറിലേക്കു വരാത്തത് അവരുടെ മനസില്‍ കറയുള്ളതിനാല്‍

പൃഥ്വിരാജിന് രണ്ടാമതൊരു പുനര്‍ജന്മം നല്‍കിയത് മൊയ്തീന്‍ എന്ന കഥാപാത്രമാണ്. ആ മൊയ്തീന്റെ വിജയമാണ് സിനിമ തകര്‍ത്തോടിയത്. ആ സിനിമയില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് അവര്‍ ഉണ്ടാക്കിയത്. എന്നാല്‍ അവരാരും ഒന്നു സഹായിക്കയോ സേവാ മന്ദിറില്‍ എത്തുകയോ ചെയ്തിട്ടില്ല. അതിന്റെ രോഷം ജീവിച്ചിരിക്കുന്ന നായിക കാഞ്ചനമാല പരസ്യമാക്കി.
എന്നു നിന്റെ മൊയ്തീന്‍ സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമലിനെതിരെയും മറ്റ് നടീനടന്‍മാരുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് കാഞ്ചനമാല പ്രതികരിച്ചത്.
വിമലും സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ളവരും മൊയ്തീന്‍ സേവാമന്ദിറിലേക്ക് വരാതിരിക്കാനുള്ള കാരണം അവരുടെ മനസ്സിലെ കറയാണെന്ന് കാഞ്ചനമാല പറഞ്ഞു. അവരുടെ പ്രവര്‍ത്തികള്‍ ആത്മഹത്യയേക്കുറിച്ച് ചിന്തിക്കാന്‍ വരെ പ്രേരിപ്പിക്കും വിധം അസ്വസ്ഥമാക്കിയെന്നും കാഞ്ചനമാല പറഞ്ഞു.
ബി പി സേവാമന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങിലാണ് കാഞ്ചനമാല ഇക്കാര്യം പറഞ്ഞത്. സിനിമാ പ്രവര്‍ത്തകരോട് ദേഷ്യമില്ല. സിനിമയുടെ സംവിധായകനുമായി കേസ് നില നില്‍ക്കുന്നുണ്ടെങ്കിലും മൊയ്തീന്‍ സേവാമന്ദിര്‍ സന്ദര്‍ശിക്കുന്നതില്‍ വിമലിന് തടസ്സമില്ലെന്നും പറഞ്ഞു.
ബി പി മൊയ്തീന്‍ സേവാമന്ദിര്‍ പൂര്‍ത്തിയാകുമ്പോള്‍ സിനിമയുടെ പ്രവര്‍ത്തകരും ഉണ്ടാകണമെന്നും പിണക്കം മാറ്റണമെന്നും നേരത്തേ ദിലീപ് കാഞ്ചനമാലയോട് പറഞ്ഞിരുന്നു. എന്നാല്‍ ആര്‍ എസ് വിമലില്‍ നിന്നും താന്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഉണ്ടായി. ചിത്രീകരണം ആരംഭിക്കും മുമ്പ് തിരക്കഥ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി. സ്‌ക്രിപ്റ്റ് പൂജിക്കാന്‍ കൊടുക്കാന്‍ തന്റെ കൈവശം തന്നെങ്കിലും പൂജയ്ക്ക് ശേഷം അപ്പോള്‍ തന്നെ തിരിച്ചു വാങ്ങുകയും ചെയ്തു. ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ചേര്‍ത്താല്‍ ഉണ്ടാകുന്ന അവസ്ഥയോര്‍ത്ത് വിഷമിച്ചു പോയി. വിമലിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് നിര്‍മ്മാതാവിനെ വിളിച്ച് ഇക്കാര്യം പറഞ്ഞെങ്കിലും അങ്ങനെയുണ്ടായാല്‍ കട്ട് ചെയ്യുമെന്ന് ഉറപ്പ് നല്‍കുകയും തിരക്കഥ വായിക്കാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വായിക്കുന്നതിന് മുമ്പായി വിമല്‍ റഷീദുമായി വന്ന് തിരക്കഥ പിടിച്ചുവാങ്ങുകയും ചെയ്തുവെന്നും കാഞ്ചനമാല പറഞ്ഞു.
പല തവണ വിമലിനെ വിളിച്ചിട്ടും കിട്ടിയില്ല. ഇടയ്ക്ക് നിര്‍മ്മാതാവ് മാറിയെന്നും സംഗീത സംവിധായകന്‍ രമേശ്‌നാരായണനാണ് നിര്‍മ്മാതാവ് എന്നും കേട്ടു. അദ്ദേഹം അഞ്ചുലക്ഷം രൂപയുടെ ചെക്ക് സേവാമന്ദിറിന് സംഭാവനയായി നല്‍കുകയും ചെയ്തു. പിന്നീട് വിമലിനെ വിളിച്ചപ്പോള്‍ നമ്പര്‍ പോലും അദ്ദേഹത്തിന്റേതല്ലെന്ന് അറിയാന്‍ കഴിഞ്ഞു. ഇതിനിടയിലാണ് തന്റെ സഹോദരി ആനന്ദ കനകം കോടതിയെ സമീപിച്ചത്. സിനിമ താന്‍ കണ്ടിട്ടില്ലെന്നും സഹോദരി കണ്ടിട്ട് കുഴപ്പമില്ലെന്നും പറഞ്ഞതായി കാഞ്ചനമാല പറഞ്ഞു.
തേങ്ങാക്കച്ചവടക്കാരന്‍ തന്റെ പിതാവിനെ തള്ളിവീഴ്ത്തുന്നതായി തിരക്കഥയില്‍ ഉണ്ടെന്ന് മുക്കം ഭാസി പറഞ്ഞറിഞ്ഞു. എന്നാല്‍ എട്ടു കാര്യസ്ഥന്മാര്‍ ഉണ്ടായിരുന്ന തറവാടാണ് തന്റേതെന്നും ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ചേര്‍ത്താല്‍ ഉണ്ടാകുന്ന കാര്യം ഓര്‍ത്ത് ഏറെ വിഷമിച്ചുവെന്നും അവര്‍ പറഞ്ഞു.
സേവാമന്ദിറിന് കെട്ടിട നിര്‍മ്മാണത്തിന് ആരും മുന്നോട്ട് വരാഞ്ഞ സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം ഏറ്റെടുത്തതെന്നും കാഞ്ചന മാലയുടെ സ്വപ്‌നം പൂവണിയുമ്പോള്‍ ഈ പ്രണയം ലോകത്തെ അറിയിച്ച സിനിമാക്കാര്‍ എല്ലാവരും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha