എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി

കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയില്‍ തിരിച്ചിറക്കി. എന്‍ജിന്‍ ഓയില്‍ ക്രമാതീതമായി കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗ്സ്റ്റ് 31നാണ് സംഭവം നടന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ബോയിംഗ് 737 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.
ഇത്തരത്തില്‍ ആശങ്കാജനകമായ സംഭവം ഉണ്ടായപ്പോള്‍ വിമാനം ഉടന്‍ തിരിച്ചിറക്കുക എന്ന പ്രോട്ടോക്കോളാണ് പാലിച്ചെതന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അധികൃത!ര്‍ വ്യക്തമാക്കി. ടേക്ക് ഓഫ് കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞ് വിമാനം 36,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് ഒന്നാമത്തെ എന്‍ജിനിലെ ഓയിലിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഓയില്‍ പ്രഷര്‍ അപകടകരമായ അളവിലേക്ക് താഴ്ന്നതോടെ ഒന്നാമത്തെ എന്‍ജിന്റെ പ്രവര്‍ത്തനം പൈലറ്റുമാര്‍ നിര്‍ത്തി. തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിക്കാനും കൊച്ചിയിലേക്ക് തന്നെ മടങ്ങാനും ക്രൂ തീരുമാനിക്കുകയായിരുന്നു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തില്‍ അബുദാബിയിലേക്ക് അയച്ചതായി വിമാനക്കമ്പനി അറിയിച്ചു.
എന്‍ജിന്‍ ഓയില്‍ കുറയുന്നതായി കണ്ടെത്തുമ്പോള്‍ വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ തന്നെയായിരുന്നു. അതുകൊണ്ടാണ് യാത്ര ഉപേക്ഷിച്ച് തിരികെ ലാന്‍ഡ് ചെയ്യുകയെന്ന മാര്‍ഗം സ്വീകരിച്ചത്. മറ്റൊരു രാജ്യത്താണ് ലാന്‍ഡ് ചെയ്തിരുന്നതെങ്കില്‍? തകരാര്‍ പരിഹരിക്കുന്നതിനായുള്ള സംവിധാനങ്ങള്‍ അവിടേക്ക് എത്തിക്കേണ്ടിവരുമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ഇത് ഓഗസ്റ്റ് അവസാന ആഴ്ചയിലുണ്ടായ സംഭവമാണെന്നും പുതിയ സംഭവവികാസങ്ങളല്ലെന്നും സിയാല്‍ അറിയിച്ചു. വിമാനത്താവളങ്ങളുടെ ഓപ്പറേറ്റര്‍ എന്ന നിലയില്‍ സാങ്കേതിക കാരണങ്ങളെക്കുറിച്ച് ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























