മായാനദിയിൽ ഫഹദിനെ നായകനാകാത്തതിനു പിന്നിൽ..? ആഷിഖ് അബു പറയുന്നു...

റാണിപത്മിനി എന്ന ചിത്രത്തിനുശേഷം ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മായാനദി. ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയരുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കവിത പോലൊരു സിനിമ എന്നാണ് മായാനദിയെ പ്രിയദർശൻ വിശേഷിപ്പിച്ചത്. ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മായാനദിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു മായാനദി എന്ന ചിത്രത്തെക്കുറിച്ച് ആദ്യം പറയുമ്പോൾ ഫഹദ് ഫാസിലായിരിക്കും നായകനെന്നാണ് വാർത്തകൾ പ്രചരിച്ചത്.
ചിത്രം പ്രഖ്യാപിച്ചപ്പോൾ നായകന്‍ ടൊവീനോ തോമസായി. ഫഹദ് ഫാസിൽ നായകനാകാത്തത് എന്തുകൊണ്ടാണെന്ന് ആഷിഖ് അബു പറയുന്നതിങ്ങനെ;
'ഫഹദിനെക്കുറിച്ച് ഞങ്ങളും ചിന്തിച്ചിരുന്നു. കഥാപാത്രം വിജയിപ്പിക്കാന്‍ ഒരുപാട് ടെക്‌നിക്കുകളുണ്ട് ഫഹദിന്. വലിയ കണ്ണുകളാണ് ഫഹദിന്. എന്ത് കൊടുത്താലും ഗംഭീരമാക്കും. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോയുടെ ഓരോ ഷോട്ടുകഴിയുമ്പോഴും ഫഹദായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ സങ്കല്‍പിക്കുമായിരുന്നു. പക്ഷെ അന്നും ഇന്നും മാത്തനായി ടൊവിനോയെ മാത്രമേ കാണാന്‍ കഴിയൂ.
ഫഹദാണെങ്കില്‍ കഥാപാത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും മുന്‍വിധികളും ഉയരും. അത്തരം പ്രതീക്ഷകള്‍ ഒഴിവാക്കുകകൂടി ഞങ്ങളുടെ ലക്ഷ്യമായിരുന്നു. ഇന്നത്തെ കാലത്തിന്റെ നടന്‍ എന്ന് ടൊവിനോയെ വിശേഷിപ്പിക്കാം.
തട്ടിപ്പും വെട്ടിപ്പും കാട്ടുന്ന, ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ള യുവാവാണ് മായാനദിയിലെ മാത്തന്‍. സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ആ തൊപ്പിയും ടൊവീനോയുമായി ചേര്‍ന്ന് വേഗം തന്നെ മാത്തനായി മാറി. ആ വേഷം ടൊവീനോ ഗംഭീരമാക്കി, കഥാപാത്രത്തിന് ആത്മാവ് കൊടുക്കാന്‍ ടൊവീനോയ്ക്ക് സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു'- ആഷിഖ് അബു പറഞ്ഞു.
https://www.facebook.com/Malayalivartha























