അണുവിമുക്തമായ ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പി; സംഭവം നടന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍; സദ്യ വിളമ്പിയത് ഇങ്ങനെ

കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് വയ്പ്. കുടില്‍ തൊട്ട് കൊട്ടാരത്തില്‍ വരെ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. വീടുകളില്‍ ഓണം 27 നേ എത്തുകയുള്ളൂ എങ്കിലും ഓഫീസുകളില്‍ ഓണം നേരത്തേ എത്തിക്കഴിഞ്ഞു. ഓണ അവധിക്കു മുമ്പ്, ഓഫീസിനോട് വിടപറയുന്നതിന് മുമ്പ് ഒന്ന് ഓണം ഉണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും.
പിരിവെടുത്താണ് മിക്കവാറും എല്ലാ ഓഫീസുകളിലും സദ്യ ഒരുക്കുന്നത്. യൂറോപ്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞു വരുന്ന വലിയ സാറന്‍മാര്‍ പോലും അന്ന് മുണ്ടിലും സാരിയിലും ഭൂമിയിലേക്ക് സോറി ഓഫീസിലേക്ക് വരുന്ന ഏക ദിവസം കൂടിയാണ് ഈ ഓണക്കാലം. അങ്ങനെ ഈ ഓണം ആഘോഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമെത്തി.
ഇവിടെ ഒരുക്കിയത് മുന്തിയ വിഐപി ഓണമാണ്. സര്‍വമാന രോഗികളുമായി ഉഴലുന്ന മെഡിക്കല്‍ കോളേജില്‍ എവിടെ സദ്യ വിളമ്പുമെന്നായി ഡോക്ടര്‍മാരുടെ ചോദ്യം. ആലോചിച്ചപ്പോള്‍ ആകെ വെടിപ്പും രോഗാണുക്കള്‍ ഇല്ലാത്ത ഒരു സ്ഥലം മാത്രമേ ഉള്ളൂ. ഓപ്പറേഷന്‍ തീയറ്റര്‍. ആള്‍ക്കാരെ കീറിമുറിക്കുന്ന സ്ഥലത്തെങ്ങനെ ഇരുന്ന് ഓണസദ്യകഴിക്കുമെന്നായി ചിലര്‍. എന്നാല്‍ അവിടെ ക്ലീനാക്കി ഓണസദ്യ വിളമ്പാന്‍ പാകത്തില്‍ അറേഞ്ച് ചെയ്തു. അങ്ങനെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പോലെ എ.സി. ഓപ്പറേഷന്‍ തീയറ്ററില്‍ സദ്യ വിളമ്പി. ഇവിടേയ്ക്ക് വിവിഐപികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം.
ഓപ്പറേഷന്‍ തീയറ്ററിന് മുമ്പില്‍ കാത്തിരുന്ന ചില രോഗികളുടെ ബന്ധുക്കളാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഓപ്പറേഷന്‍ തീയറ്ററിനകത്ത് ഇല കൊണ്ടു പോകുന്നത് അവര്‍ കണ്ടു. പിന്നാലെ പാത്രങ്ങളിലായി പല പല സാധനങ്ങള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ ടിപ്‌ടോപ്പില്‍ വരേണ്ട ഡോക്ടര്‍മാര്‍ മലയാളി വേഷത്തില്‍ കയറിപ്പോയി. കാര്യം അന്വേഷിച്ചപ്പോള്‍ കുശുമ്പികളായ, സദ്യയ്ക്ക് ക്ഷണം കിട്ടാത്ത ചിലര്‍ അവരോട് കാര്യം വെളുപ്പെടുത്തി. ഓണസദ്യയാ അവിടെ.
ഇത് കേട്ട് ജനം ഞെട്ടി. നിരവധി ഓപ്പറേഷന്‍ നടക്കേണ്ട തീയറ്ററില്‍ ഓണ സദ്യയോ. ഇതിന്റെ പേരില്‍ എത്ര ഓപ്പറേഷന്‍ മാറ്റിവച്ച് കാണും. ഓപ്പറേഷന്‍ തീയറ്ററിലെ അണുവിമുക്തമായി സൂക്ഷിക്കേണ്ട സ്ഥലത്താണ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സദ്യ വിളമ്പിയത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം 600 ഓളം പേരാണ് ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ കഴിച്ചത്. അങ്ങനെ ഓണ സദ്യാവിവാദം കൊഴുക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha