ചുവക്കാന്‍ തേച്ചത് മഞ്ഞപ്പാണ്ടായി… ശ്രീകൃഷ്ണ ജയന്തിക്കിടെ ഓണവും ക്രിസ്തുമസും ചതയവും ആഘോഷിച്ച സഖാക്കളെ ശ്രീകൃഷ്ണനും ശ്രീനാരായണ ഗുരുവും ശ്രീയേശുവും പിടികൂടി

ദൈവവിശ്വാസമില്ലാത്ത സഖാക്കള്‍ക്ക് പെട്ടെന്ന് ദൈവ വിശ്വാസം വന്നപ്പോള്‍ എല്ലാ ദൈവങ്ങളും കൂടി തലയ്ക്കടിച്ചു. അതായത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയാറില്ലേ. അതാണ് ഇവിടേയും സംഭവിച്ചത്. സിപിഎമ്മിന്റെ വോട്ട് ബാങ്കായ ഈഴവരുടെ മഞ്ഞപ്പടയെ വെള്ളാപ്പള്ളിയില്‍ നിന്നുമകറ്റി ചുവപ്പിക്കാനാണ് സിപിഎം നോക്കിയത്. അവസാനം കഴുകിയാലും കഴുകിയാലും തീരാത്ത പാണ്ടായി മാറി.
കഴിഞ്ഞ ശനിയാഴ്ച ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച് പവിത്രമായ ദിവസമായിരുന്നു. ഉണ്ണിക്കണ്ണന്റെ ജനന ദിവസം. കാലാകാലങ്ങളായി ശ്രീകൃഷ്ണ ജയന്തി വലിയ ആഘോഷപൂര്‍വമാണ് ഭാരതത്തിലെല്ലായിടത്തും നടക്കുന്നത്. അമ്പാടിക്കണ്ണന്‍മാരുടെ ഘോഷയാത്രയിലെ ജന പങ്കാളിത്തം വളരെ വലുതാണ്. ഈ ഘോഷയാത്രയാകട്ടെ സംഘടിപ്പിക്കുന്നത് ബിജെപിയുടെ വേണ്ടപ്പെട്ട ബാല ഗോകുലവും.സിപിഎമ്മിനാകട്ടെ വിപ്ലവത്തിലൂടെയും പാര്‍ട്ടിയുടെ ദേശീയ നിറമായ രക്തത്തിലൂടെയും കേരളത്തില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല. ആര്‍ക്കും എന്തെന്നു പോലും മനസിലാകാത്ത വൈരുധ്യാത്മക ഭൗതികവാദം മുറുകേ പിടിച്ചിട്ട് കാര്യമില്ല. വിശ്വാസം അതല്ലേ എല്ലാം. അല്‍പം ഭയഭക്തി ബഹുമാനമില്ലെങ്കില്‍ പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. വര്‍ഗീയതയ്ക്ക് എതിരായതിനാല്‍ മുസ്ലീം നൂനപക്ഷത്തില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞു. ബഹുഭൂരിപക്ഷത്തെ മുസ്ലീംലീഗ് കവര്‍ന്നപ്പോള്‍ ഇനിയവിടെ വലിയ സ്‌കോപ്പില്ല.
ഇനിയും ഹിന്ദുദൈവങ്ങളെ കളിയാക്കിയാല്‍ മോഡി കേരളം തൂത്ത് വാരും. അതിനാല്‍ വിശ്വാസം വരുത്തി ഹിന്ദുക്കളെ ഒപ്പം കൂട്ടുക. അതിന് പറ്റിയ വഴിയായിരുന്നു ഹിന്ദു ആഘോഷങ്ങള്‍ പാര്‍ട്ടി നടത്തുക എന്നത്. കഴിഞ്ഞ പൂജവയ്പില്‍ തുടങ്ങിയ ഈ കലാപരിപാടിക്ക് ശ്രീകൃഷ്ണ ജയന്തിയായപ്പോള്‍ പത്ത് ആളിനേയും കിട്ടി.പണ്ടേ സഖാക്കള്‍ക്ക് ദൈവമെന്ന് കേട്ടാല്‍ പുച്ഛമാണ്. അതിനാല്‍ ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിച്ചതെങ്കിലും പറഞ്ഞത് ഓണമാണ് ആഘോഷിച്ചതെന്നാണ്. ഓണം കഴിഞ്ഞ് ഓണം തിര്‍ന്നെന്ന് സര്‍ക്കാര്‍ ആചാര വെടിയും മുഴക്കി. ഇനിയിപ്പോള്‍ അടുത്തവര്‍ഷത്തെ ഓണം സിപിഎം നേരത്തെ ആഘോഷിച്ചോ എന്തോ?
എന്തായാലും സഖാക്കളുടെ ശ്രീകൃഷ്ണ സ്‌നേഹം അറിഞ്ഞ് ചില സദാചാര വിരുതന്മാര്‍ ശ്രീകൃണ വേഷം ധരിച്ച് എകെജി സെന്ററിന്റെ മുമ്പില്‍ ഉറിയടി നടത്താന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ടത് കൊണ്ടുമാത്രം ആ ഉദ്യമം നാറ്റക്കേസല്ലാതായി മാറി.വെള്ളാപ്പള്ളി ഈഴവ സമൂഹത്തെ മൊത്തമായി ബിജെപിയിലേക്ക് ഒഴുക്കുന്ന സമയമാണ്. അതിനാല്‍ അല്‍പം ഗുരു ഭക്തിയും സഖാക്കള്‍ കാണിച്ചു. ചതയ ദിനാഘോഷം പോലെ ശ്രീനാരായണ ഗുരുവിന്റെ ഫ്‌ളോട്ടും എഴുന്നള്ളിച്ചു. ഇനി ക്രിസ്ത്യാനികളെ ഒഴിവാക്കിയെന്ന് പറയാതിരിക്കാന്‍ ക്രിസ്തുമസും ആഘോഷിച്ചു. ശ്രീനാരായണ ഗുരുവിനേയും ശ്രീയേശുദേവനേയും ഒരേ പന്തിയിലിരുത്തി. ഗുരുദേവനെ ക്രൂശിലേറ്റി.
ഈഴവരും ക്രിസത്യാനികളും ഹിന്ദുക്കളും തങ്ങളുടെ രക്ത ഭക്തിയില്‍ മയങ്ങി കൂടോടെ വരുമെന്നാണ് കരുതിയത്. പക്ഷെ എല്ലാം കൈവിട്ടു പോയി. തങ്ങളുടെ ആരാധ്യനായ ഗുരുവിനെ തൊട്ടതില്‍ സകല ഈഴവരും സിപിഎമ്മിനെ വെറുത്തു. ഗുരുവിനെ ക്രൂശില്‍ തറച്ച സിപിഎമ്മിന് മാപ്പില്ല. ക്രിസ്ത്യാനികളാകട്ടെ തങ്ങളുടെ യേശുദേവനെ ആവശ്യമില്ലാത്തിടത്ത് കുരിശില്‍ തറച്ചതിന്റെ പ്രതികാരത്തിലുമാണ്. എന്നാല്‍ ഹിന്ദുക്കളാകട്ടെ തങ്ങളുടെ കൃഷ്ണനെ അപമാനിച്ച പാപഭാരത്താലുമാണ്. തങ്ങളുടെ കണ്ണനേയും അപഹരിച്ചോ എന്ന ചോദ്യം ബാക്കിയാക്കി.
അവസാനം ദൈവത്തില്‍ വിശ്വസിക്കാത്ത ചില സഖാക്കളും രംഗത്തെത്തി. ആളെക്കൂട്ടാന്‍ നോക്കി ഉള്ള ആള്‍ക്കാരും കൂടി ചോര്‍ന്നു പോകുന്ന അവസ്ഥ. അവസാനം സാക്ഷാല്‍ സെക്രട്ടറി കോടിയേരി തന്നെ പറഞ്ഞു. ഞങ്ങള്‍ക്ക് പണ്ടേ വിശ്വാസമില്ല ഞങ്ങളേ ഓണമാ ആഘോഷിച്ചത്… ഈശ്വരോ രക്ഷതു. ഇനിയൊരു ആഘോഷത്തിന് ബാല്യമില്ലല്ലോ…
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha