മാസശമ്പളം 50,000, യാത്രാബത്ത 50,000 ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം!

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന യാത്രകള്‍ക്ക് പൂട്ടു വീഴുന്നു. ചില അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലാണ് ജീവനക്കാര്‍ക്ക് തോന്നും പടി യാത്ര ചെയ്യാമായിരുന്നത്. ഇവരെ പിടികൂടാന്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ ശ്രമിച്ചു വരികയാണെങ്കിലും സാമ്പത്തിക പ്രതിസന്ധി പിടിവള്ളിയാക്കി ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് പൂട്ടിട്ടു.
നഗ്നമായ അഴിമതിയാണ് ചില അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളില്‍ നടന്നു വരുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സംസ്ഥാനത്തുടനീളം സിറ്റിംഗ് നടത്തുന്ന പതിവുണ്ട്. ഉന്നതവിദ്യാഭ്യാസമുള്ള സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ ഫയലും ചുമന്ന് ജഡ്ജിമാര്‍ക്ക് പിന്നാലെ നടക്കും. കോടതികളില്‍ ബഞ്ച് ക്ലാര്‍ക്ക് എന്ന വിഭാഗത്തിലുള്ള താഴ്ത്തട്ടിലുളള ജീവനക്കാര്‍ ചെയ്യുന്ന ജോലിയാണ് ഇവര്‍ അര്‍ധജുഡീഷ്യല്‍ സ്ഥാപനങ്ങളില്‍ ചെയ്യുന്നത്. ഇവരില്‍ അധികം പേരും നിയമബിരുദധാരികളാണ്. സര്‍ക്കാരിന് നിയമോപദേശം നല്‍കാനാണ് ഇവരെ സെക്രട്ടറിയേറ്റില്‍ നിയമിച്ചിട്ടുള്ളത്. എന്നാല്‍ പണത്തിനുവേണ്ടി സ്വന്തം അസ്ഥിത്വം തന്നെ പണയപ്പെടുത്തുന്ന ഇക്കൂട്ടര്‍ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കുന്ന കമ്മീഷന്‍ സീറ്റിങ്ങുകളില്‍ ബഞ്ച് ക്ലാര്‍ക്കുമാരായി പേരുവിളിക്കും.
ഇതിന് കാരണമുണ്ട്. യാത്രാബത്ത ഇനത്തില്‍ ലഭിക്കുന്ന ആയിരങ്ങളാണ് ഇവരുടെ ആകര്‍ഷണം. 50,000 രൂപ വരെ ശമ്പളം വാങ്ങുന്ന ഇവര്‍ യാത്രാബത്ത ഇനത്തില്‍ മറ്റൊരു 50,000 കൂടി കരസ്ഥമാക്കും. ഇത്തരം കമ്മീഷനുകളില്‍ ഡപ്യൂട്ടേഷനില്‍ നിയമനം നേടാന്‍ കൂട്ടിയിടിയാണ്.
ഇങ്ങനെ നടത്തുന്ന യാത്രകളാണ് ധനവകുപ്പിലെ ഉന്നതര്‍ പിടികൂടിയിരിക്കുന്നത്. അക്കൗണ്ടന്റ് ജനറലും ധനകാര്യ പരിശോധനാവിഭഗവും ഇത്തരം യാത്രകള്‍ക്കെതിരെ പലവട്ടം രംഗത്തു വന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ സ്വാധീനം ചെലുത്തിയാണ് ഇവര്‍ യാത്രാബത്തയില്‍ സീലിംഗ് ഒഴിവാക്കിയിരുന്നത്. കമ്മീഷനുകള്‍ക്ക് സ്വയം ഭരണാവകാശം ഉള്ളതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയാറില്ല.
സീലിംഗ് വന്നാല്‍ സെക്ഷന്‍ ഓഫീസറുടെ തസ്തികയ്ക്ക് താഴെയുള്ള ഒരുദ്യോഗസ്ഥന് ഒരു മാസം മാറാവുന്ന യാത്രാ ബത്ത 2,000ല്‍ താഴെയാവും. മാസം 20,000 രൂപ വരെ കിട്ടിയിരുന്നവരാണ് ഇത്തരത്തില്‍ ഭൂമിയിലേയ്ക്ക് പതിക്കുന്നത്. പലരും സെക്രട്ടറിയേറ്റിലേക്കു തന്നെ തിരിച്ചു പോകാനും ആലോചിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രൊമോഷന്‍ കിട്ടിയ പലരും താഴേക്കു പതിക്കും.
സെക്രട്ടേറിയറ്റില്‍ പ്രൊമോഷന് ഒരു ന്യായവുമില്ല. ഒരാള്‍ക്ക് പ്രൊമോഷന്‍ കിട്ടാന്‍ എത്ര തസ്തിക വേണമെങ്കിലും സൃഷ്ടിക്കും. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇവര്‍ക്ക് രാഷ്ട്രീയമില്ല. യു.ഡി.എഫിലായാലും എല്‍.ഡിഎഫിലായാലും പണമുണ്ടാക്കാന്‍ ഇവര്‍ ഒറ്റക്കെട്ടാണ്. ട്രഷറി പൂട്ടുന്നതു വരെ ജോലി ചെയ്യാതെ എങ്ങനെ പണമുണ്ടാക്കാം എന്ന് ഇവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കും. കൊല്ലം വരെ പോയാലും യാത്രാ ബത്ത കൂടാതെ ഇവര്‍ക്ക് മൂന്നു ദിവസം ഓഫീസില്‍ വരേണ്ട എന്ന ഗുണവുമുണ്ട്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha