പ്രമേഹമുള്ളവർക്ക് കോവിഡ് 19 അണുബാധയുണ്ടായാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കോവിഡ് ബാധിച്ചു മരിച്ചവരിൽ കൂടുതൽ പേരും പ്രമേഹരോഗികളാണ് എന്നത് ശ്രദ്ധേയമാണ്.. അമിതവണ്ണം, ടൈപ്പ് 2 ഡയബറ്റിസ് എന്നിവയുള്ള ആളുകളില്‍ കോവിഡ് കൂടുതല്‍ ഗുരുതരമായി ബാധിച്ചേക്കാമെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളും ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ മുതല്‍ മാര്‍ച്ച് മാസം വരെ കോവിഡ് ബാധിച്ച് മരണമടഞ്ഞ 47 % ആളുകള്‍ക്കും പ്രമേഹം ഉണ്ടായിരുന്നു എന്ന് ഈ ഡാറ്റ പറയുന്നു
പ്രമേഹമുള്ളതുകൊണ്ട് കോവിഡ് വരാനുള്ള സാധ്യത ഇല്ല. എന്നാൽ, പ്രമേഹമുള്ളവർ സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിതരായാൽ രോഗതീവ്രത വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല
.. പ്രമേഹമുള്ളവർക്ക് കോവിഡ് 19 അണുബാധയുണ്ടായാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്റെ സങ്കീർണതകൾ വർധിക്കാൻ സാധ്യതയുണ്ട്. പ്രമേഹ രോഗികൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക.
ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകൾ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കുക. പനി,ചുമ, ശ്വാസോച്ച്വാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടായാൽ വൈദ്യസഹായം തേടുക.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന പേരിൽ അറിയപ്പെടുന്നത്. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.
ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു.
ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
കുട്ടികളിൽ കണ്ടുവരുന്ന ടൈപ്പ് 1, മുതിർന്നവരിൽ കണ്ടുവരുന്ന ടൈപ്പ് 2 എന്നിങ്ങനെ രണ്ടു തരത്തിലാണ് പ്രമേഹരോഗം. 25 വയസ്സിനു താഴെയുള്ള ടൈപ്പ് 1 പ്രമേഹബാധിതരിൽ കോവിഡ് ബാധിച്ചാൽ രോഗതീവ്രത വർധിക്കുന്നതായി കണ്ടെത്തിയിട്ടില്ല.
ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ ചിലരുടെ അവസ്ഥ കോവിഡ്ബാധ ഉണ്ടായാൽ വഷളാകാറുണ്ട്. പ്രായക്കൂടുതൽ, പ്രമേഹത്താൽ ശരീരത്തിലെ പ്രതിരോധശേഷിയിലുള്ള വ്യതിയാനങ്ങൾ, പ്രമേഹത്തിന്റെ തോത് വർധിക്കുന്നത്, പ്രമേഹത്താലുണ്ടായ ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ സങ്കീർണതകളാണ് ഇവയ്ക്ക് കാരണം.
ഭീതിയോടെ കോവിഡിനെ സമീപിക്കേണ്ടതില്ല. എന്നാൽ, ശാസ്ത്രീയവശം കൃത്യമായി മനസ്സിലാക്കണം. പൊതുജനാരോഗ്യ നിർദേശങ്ങൾ കർശനമായി പാലിക്കണം.
കോവിഡ് ബാധിതരായാലും പ്രമേഹരോഗത്തിനു നിർദേശിച്ചിട്ടുള്ള മരുന്നുകൾ കൃത്യമായി തുടരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക. ഇൻസുലിൻ എടുക്കുന്നവരാണെങ്കിൽ ഓരോ ആറുമണിക്കൂറിലും 110-–-180 എംജി/ഡിഎല്ലിനും ഇടയിൽ നിലനിർത്തുക. ഇൻസുലിൻ എടുക്കാത്തവർ ഒരു ദിവസം രണ്ടു പ്രാവശ്യം പരിശോധിച്ചാൽ മതിയാകും.
മറ്റു ഗുരുതര ആരോഗ്യപ്രശ്നങ്ങളും പ്രമേഹവുമുള്ള ചിലരിൽ രോഗതീവ്രത വർധിക്കും. അത്തരം സാഹചര്യങ്ങളിൽ ആശുപത്രിയിൽ പോയിത്തന്നെ ചികിത്സ തേടേണ്ടതുണ്ട്. സാധാരണ നിലയിൽ അത്തരം സന്ദർഭങ്ങളിൽ ഇൻസുലിൻ നൽകിയുള്ള ചികിത്സാ രീതിയാണ് ആശുപത്രികൾ പിന്തുടരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, എല്ലാ രോഗാവസ്ഥയിലും ഇപ്രകാരമാണ് ചെയ്യുന്നത്.
പഞ്ചസാരയുടെ അളവിൽ വലിയ വ്യതിയാനം ഉണ്ടാകുക. 70 എംജി/എല്ലിനു താഴെയോ 250ന് മുകളിലോ ആകുക, മൂത്രത്തിലെ ആസിഡിന്റെ അംശം (കീറ്റോൺസ് പോസിറ്റീവാകുന്നത്) വർധിക്കുക, ആഹാരം കഴിക്കാനാകാത്തതിലുള്ള ക്ഷീണം, ദാഹം, ബോധം കുറയുന്ന അവസ്ഥ എന്നിവ അപകടകരമാണ്.
ദീർഘകാലത്തേക്ക് കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ പൊതുവേ കണ്ടുവരുന്നുണ്ട്. വിശദ അവലോകനത്തിനുള്ള പല പഠനങ്ങളും നടന്നുവരികയാണ്. എന്നിരുന്നാലും ഓർമക്കുറവ്, തലച്ചോറിന്റെ പ്രവർത്തനത്തിലെ ചെറിയ അപചയം, ശ്വാസകോശത്തിലെ പലതരത്തിലുള്ള അണുബാധ തുടങ്ങിയവ പരക്കെ കണ്ടുവരുന്നുണ്ട്.
പ്രമേഹമുള്ളവർ കോവിഡിനെ പേടിക്കേണ്ടതില്ല. ശത്രുവിനെ മനസ്സിലാക്കി കീഴടക്കുകയാണ് വേണ്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുകയാണ് സുപ്രധാനം.
https://www.facebook.com/Malayalivartha