ഇനി ആഹാരത്തിൽ ചുവന്ന തക്കാളിക്ക് പച്ച കൊടി; തക്കാളി കഴിക്കാം മിതമായി; തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ

പച്ചക്കറികൾ കഴിക്കാൻ പൊതുവേ എല്ലാവർക്കും മടിയാണ്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ ചില്ലറയല്ല. പ്രകൃതിയിൽ നിന്നും വിളയിച്ചെടുക്കുന്ന പച്ചക്കറികൾ ആരോഗ്യത്തെ കാക്കുന്നവയാണ്. എന്നാൽ മനസ്സറിഞ്ഞു പച്ചക്കറികൾ കഴിക്കണമെങ്കിൽ നമ്മുടെ പാടത്തും പറമ്പത്തും നട്ട് പിടിപ്പിച്ചു കഴിക്കുന്നതാണ് നല്ലത്. പച്ചക്കറികളിലെ തക്കാളി നൽകുന്ന ഗുണങ്ങൾ ചെറുതല്ല. തക്കാളി ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നത് വഴി വളരെയധികം നേട്ടങ്ങളാണുള്ളത്. തക്കാളി വീട്ടിൽ തന്നെ കൃഷി ചെയ്യാൻ എളുപ്പമുള്ള ഒന്നുമാണ്.ഇവ കഴിക്കുന്നതിന് മുൻപ് അവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും ഗുണങ്ങളും എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതാണ്.
തക്കാളി പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി 6, ഫോളേറ്റ്, തയമിന്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, ജൈവ സംയുക്തങ്ങളായ ലൈക്കോപീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. മറ്റ് 5% പ്രധാനമായും കാര്‍ബോയും ഫൈബറുമാണ്. ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് തക്കാളി. ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ കുറവ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയാണ്. എന്നാൽ തക്കാളിയിൽ ലൈക്കോപീന്‍ എന്നത് വളരെയധികം ഉണ്ട്. ലൈക്കോപീന്‍ നമ്മുടെ രക്തക്കുഴലുകള്‍ ആന്തരിക പാളിയില്‍ അവ സംരക്ഷിക്കുകയും രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കാന്‍സറിനെ തടയാനുള്ള കഴിവ് താക്കാളിക്കുണ്ട്. തക്കാളി അടങ്ങിയിട്ടുള്ള ആഹാര ക്രമം പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രോസ്റ്റേറ്റ്, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ കുറയ്ക്കുന്നതിന് തക്കാളിയും മറ്റു പച്ചക്കറികളും സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ആഹാരം ഒരിക്കലും മരുന്നല്ല എന്നാല്‍ പോഷകങ്ങൾ നിറഞ്ഞ ആഹാരം കഴിക്കുന്നത് വഴി രോഗങ്ങള്‍ ഒരു പരിധിവരെ തടയാന്‍ കഴിയും. ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ദിവസവും തക്കാളി കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യുവാനും തക്കാളിക്ക് കഴിയും. ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുവാൻ തക്കാളി കഴിക്കുന്നതിലൂടെ കഴിയും. തക്കാളിയില്‍ കാണുന്ന പൊട്ടാസ്യമാണ് ഇതിന് കാരണം. പൊട്ടാസ്യം രക്തക്കുഴലുകളുടെയും ധമനികളുടെയും ഉത്തേജനം കുറയ്ക്കുകയും രക്തപ്രവാഹം, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തില്‍ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു.
എല്ലുകളുടെ ബലത്തിന് തക്കാളി നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകള്‍ പരിഹരിക്കുന്നതിനും നല്ലതാണ്. ലൈകോപീന്‍ എല്ലുകളുടെ തൂക്കം കൂട്ടും . ഇത് അസ്ഥികള്‍ പൊട്ടുന്നത് കുറയ്‌ക്കാന്‍ സഹായിക്കും. മുടിയുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമായി ഇരിക്കാന്‍ സഹായിക്കും. തക്കാളി മുടികൊഴിച്ചിലിനുള്ള പരിഹാരമല്ല മറിച്ച് മുടിയുടെ അഴക് കൂട്ടാന്‍ ഇവ സഹായിക്കും. ഇന്നത്തെ കാലത്ത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ് കൊളസ്ട്രോള്‍. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി. മാത്രമല്ല ദിവസവും തക്കാളി ജ്യൂസ് കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോള്‍ കുറയുകയും ചെയ്യുന്നു. വയസ്സാവുന്തോറും നമ്മുടെ പല്ലിന്റേയും എല്ലിന്റേയും ആരോഗ്യം കുറഞ്ഞു വരുന്നു. എന്നാല്‍ തക്കാളി ഇത്തരം ആവലാതികളും പ്രശ്നങ്ങൾക്കും പരിഹാരമാണ്.
ഗുണം മാത്രമല്ല ദോഷവും കൂടിയുണ്ട് തക്കാളിക്ക്.തക്കാളിയില്‍ കാല്‍സ്യം, ഓക്സലേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് ഇത് കഴിക്കുന്നത് അമിതമായാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിന് കാരണമായേക്കാം. എന്തും മിതമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ഓർമ്മിപ്പിച്ചു കൊള്ളുന്നു.
https://www.facebook.com/Malayalivartha