എന്താണ് ആൻജിയോപ്ലാസ്റ്റി

ആൻജിയോപ്ലാസ്റ്റി എന്നാൽ രക്തധമനി വാർത്തെടുക്കൽ. (ആൻജിയോ-രക്തധമനി; പ്ലാസ്റ്റി = വാർത്തെടുക്കൽ) ശരീരത്തിന്റെ എല്ലാഭാഗങ്ങളിലെയും രക്തക്കുഴലുകളുടെ ചിത്രം എടുക്കുന്ന പരിശോധനയാണ് ആൻജിയോ ഗ്രാം. ഈ പരിശോധന വഴി രക്തക്കുഴലുകളുടെ ഘടനയെപ്പറ്റിയും രക്തചംക്രമണത്തെപറ്റിയും പഠിക്കുവാൻ സാധിക്കും. പല അസുഖങ്ങൾകൊണ്ടും രക്തക്കുഴലുകൾക്ക് അടവുണ്ടാവുകയും രക്ത ഓട്ടത്തിനു തടസ്സമുണ്ടാവുകയും ചെയ്യാം. രക്തക്കുഴലുകൾക്കു നീർവീഴ്ച ഉണ്ടാവുക, രക്തക്കുഴലുകളുടെ ഉള്ളിൽ കൊഴുപ്പു വന്നടിയുക; രക്തം കട്ടിപിടിച്ച് കുഴലുകൾ അടഞ്ഞു പോവുക; ഹൃദയത്തിൽനിന്നോ, മറ്റുഭാഗങ്ങളിൽ നിന്നോ കട്ടിയായ രക്തം ഇളകി വന്ന് കുഴലുകൾ അടഞ്ഞുപോവുക തുടങ്ങിയ പല അസുഖങ്ങളും കണ്ടുവരാറുണ്ട്. പലപ്പോഴും ഇത് പെട്ടെന്നുള്ള അപകടവും ഉണ്ടാക്കാം.
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ ഇങ്ങനെയാണ് ഉണ്ടാകുന്നത്. 1964-ൽ അമേരിക്കൻ ഡോക്ടർമാരായ ഡോട്ടർ, ജഡ്കിൻസ് എന്നിവർ പലതരത്തിലുള്ള കുഴലുകൾ രക്തധമനിയിൽ കടത്തി അതിലെ അടവുകൾ നീക്കാൻ ശ്രമിച്ചു. പക്ഷേ സ്വിറ്റ്സർലൻഡുകാരനായ ഗ്രൺട്സിഗ് എന്ന റേഡിയോളജിസ്റ്റാണ് 1947-ൽ സൂറിച്ചിലെ അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ വച്ച് അറ്റത്ത് ബലൂൺ ഘടിപ്പിച്ച കുഴൽ കടത്തി രക്തക്കുഴലിലെ അടവ് മാറ്റിയത്. കാലിലെ രക്തക്കുഴൽ വഴി ശരീരത്തിന്റെ നാനാഭാഗങ്ങളിലും കടത്താവുന്ന നീണ്ട പ്ലാസ്റ്റിക് കുഴലുകളാണ് കത്തീറ്ററുകൾ. ഈ പ്ലാസ്റ്റിക്ക് കുഴലിലെ ദ്വാരം വഴി രക്തക്കുഴലിൽനിന്ന് രക്തം വലിച്ചെടുക്കുകയോ, രക്തത്തിലേക്ക് മരുന്നുകൾ കടത്തിവിടുകയോ ചെയ്യാം. പ്ലാസ്റ്റിക് കുഴലിന്റെ അറ്റത്ത് ഒരു ചെറിയ ബലൂൺ ഘടിപ്പിച്ചാൽ അത് ആവശ്യമുള്ളപ്പോൾ വികസിപ്പിക്കുകയും വീണ്ടും ചെറുതാക്കുകയും ചെയ്യാം. ഇതാണ് ആൻജിയോ പ്ലാസ്റ്റി കത്തീറ്ററുകൾ.
ആൻജിയോഗ്രാം ചെയ്ത് രക്ത ധമനിയിൽ എവിടെയാണ് അടവ് എന്ന് ആദ്യം കണ്ടുപിടിക്കുന്നു. ഇത് പക്ഷാഘാതം ഉള്ളവർക്കു തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന കഴുത്തിലെ കരോട്ടിഡ് ധമനികളിലാകാം; ഹൃദയഘാതമുള്ളവർക്ക് ഹൃദയപേശികൾക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിലാകാം; വൃക്കസംബന്ധമായ അസുഖവും അതിയായ രക്തസമ്മർദവുമുള്ളവർക്ക് ഇത് വൃക്കധമനികളിലാകാം; അതുപോലെതന്നെ കാലുകളിലേക്കോ, കുടലിലേക്കോ, മറ്റേതു അവയവത്തിലേക്കോ പോകുന്ന ധമനികളിലായിരിക്കാം. ഇവിടങ്ങളിലെല്ലാം കത്തീറ്റർ കടത്തി അൻജിയോഗ്രാം എടുക്കാമെന്നുള്ളതുപോലെതന്നെ ആൻജിയോപ്ലാസ്റ്റി കത്തീറ്ററുകളും എത്തിയ്ക്കാം. അറ്റത്തു ചുരുക്കിയ ബലൂൺ ഘടിപ്പിച്ച ആൻജിയോ പ്ലാസ്റ്റി കത്തീറ്റർ സാവധാനം, വളരെ സൂക്ഷിച്ച് രക്തക്കുഴലിലെ അടവിൽ കൂടി കടത്തിവിടുന്നു, ഈ പ്രക്രിയ അങ്ങേയറ്റം സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു കാര്യമാണ്.
കാലിലെ ധമനികൾ വഴിയാണ് മിക്കവരിലും ഈ കത്തീറ്ററുകൾ കടത്തുന്നത്. പക്ഷേ പലരിലും കൈയിലെ ധമനികൾ വഴിയും ഈ ചികിത്സ നടത്താവുന്നതാണ്. വളരെ ഫലപ്രദമായ ചികിത്സാരീതിയാണെങ്കിലും പത്തുശതമാനത്തിൽ താഴെ ആളുകൾക്ക് ഇത് ഫലപ്രദമാകാറില്ല. ഇത്തരം രോഗികൾക്കു ഇതരചികിത്സാരീതികൾ അവലംബിക്കേണ്ടിവരും. രക്തസ്രാവം, വികസിപ്പിച്ച ധമനിയും സ്റ്റെന്റും അടഞ്ഞു പോകൽ തുടങ്ങി പല അപകടങ്ങളും ചുരുക്കമായിട്ടെങ്കിലും ഉണ്ടാകാം. ഇങ്ങനെയുണ്ടാകുന്ന പക്ഷം വീണ്ടും ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടതായി വന്നേക്കാം. ശരിയായ മുൻകരുതലുകൾ പ്രധാനമാണ്. ഈ ചികിത്സയ്ക്കുവേണ്ടി രോഗിയെ തിരഞ്ഞെടുക്കൽ, ചികിത്സ കഴിഞ്ഞ് അടുത്ത ഒന്നുരണ്ടു ദിവസം രോഗിയെ നിരീക്ഷിക്കൽ, ധമനികളിൽ വീണ്ടും രക്തം കട്ടിപിടിക്കാതെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മരുന്നുകൾ ശരിയായ അളവിൽ കൃത്യമായി രോഗിക്ക് കൊടുക്കൽ എന്നീ മാർഗങ്ങൾകൊണ്ട് ആൻജിയോപ്ലാസ്റ്റി ഇന്ന് മറ്റേതു ശസ്ത്രക്രിയയെക്കാളും രോഗികൾക്കു സ്വീകാര്യമായ ഒരു ചികിത്സാ മാർഗ്ഗമായിത്തീർന്നിരിക്കുന്നു.
https://www.facebook.com/Malayalivartha