ഡിഫ്തീരിയയെ പ്രതിരോധിക്കാം

ഡിഫ്തീരിയ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പല ഭാഗങ്ങളിലും ഡിഫ്തീരിയ(തൊണ്ടമുള്ള്) വ്യാപകമായി പടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ശിശുക്കള്‍ക്കു നല്‍കുന്ന ഡിപിടി പ്രതിരോധ വാക്‌സിനാണു ഡിഫ്തീരിയയെ ചെറുക്കുന്നത്. വില്ലന്‍ചുമ, ടെറ്റനസ് എന്നിവയ്‌ക്കെതിരെയും ഇതേ വാക്‌സിന്‍ പ്രതിരോധം നല്‍കും. ഈ സാഹചര്യത്തില്‍ ഡിഫ്തീരിയ എന്താണെന്നും രോഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും നോക്കാം.
ഡിഫിതീരിയ രോഗമുണ്ടാക്കുന്നതു കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണ്.
രോഗം ബാധിച്ച വ്യക്തി ഉപയോഗിച്ച കപ്പ്, ടവല്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെ മറ്റൊരാളിലേക്ക് രോഗം പകരാം. തൊണ്ടവേദനയാണു തുടക്കം. വെള്ളമിറക്കാനോ ആഹാരം കഴിക്കാനോ പറ്റാത്ത വിധത്തില്‍ വേദനയുണ്ടാകും.തൊണ്ടയില്‍ പാടയുണ്ടായി ശ്വസനം തടസ്സപ്പെടും.ബാക്ടീരിയ ഉണ്ടാക്കുന്ന വിഷം ഹൃദയത്തെ ബാധിക്കും. ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിക്കാം.
തൊണ്ടവേദനയില്‍ തുടക്കം. മരണകാരണം ഹൃദയസ്തംഭനം
ബാക്ടീരിയ വന്നുകയറിയാല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തൊണ്ടവേദന തുടങ്ങും. തൊണ്ടയില്‍ വെള്ളനിറത്തിലോ ചാരം കലര്‍ന്ന വെള്ളനിറത്തിലോ പാടയുണ്ടാകും. ദിവസം ചെല്ലുന്തോറും പാടയുടെ വലിപ്പം കൂടിവരും.
ഇതു പിന്നീട് അതികഠിനമായ തൊണ്ടവേദനയായി മാറും. വെള്ളമിറക്കാനോ ഭക്ഷണം കഴിക്കാനോ പറ്റാത്തവിധമാകും. ചില കേസുകളില്‍ തൊണ്ടയ്ക്കു വീക്കമുണ്ടാകും. പനിയുമുണ്ടാകും.
ശ്വസനത്തെ ബാധിക്കുന്നത് അടുത്ത ഘട്ടത്തിലാണ്. തൊണ്ടയില്‍ ശക്തമായി പടരുന്ന പാട ശ്വസനത്തെ തടസ്സപ്പെടുത്തും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടും. ശ്വാസമെടുക്കാന്‍ പ്രയാസമുണ്ടാകും.
ഡിഫ്തീരിയ ഉണ്ടാക്കുന്ന ബാക്ടീരിയ ഒരു വിഷം ഉല്‍പാദിപ്പിക്കും. ഈ വിഷം സാവധാനത്തില്‍ ഹൃദയത്തിലെ പേശികളെയും ബാധിക്കും. പേശികള്‍ക്കു വീക്കമുണ്ടാകും(മയോകാര്‍ഡൈറ്റിസ്). തുടര്‍ന്നു ഹൃദയസ്തംഭനമുണ്ടായി മരണവും
.മരുന്നായി നല്‍കുന്നത് ഒരു പ്രത്യേക സീറമാണ്. ബാക്ടീരിയ ഉണ്ടാക്കുന്ന വിഷത്തെ പ്രതിരോധിക്കാനുള്ള ആന്റിടോക്‌സിന്‍ ആണത്. വിഷബാധ മൂലം കേടുവന്ന കോശങ്ങളെ രക്ഷിക്കാന്‍ മരുന്നിനു കഴിയില്ല. ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കാനേ കഴിയൂ. ചെറുപ്പത്തിലേ പ്രതിരോധ കുത്തിവയ്‌പെടുത്താല്‍ രോഗം ഉണ്ടാകില്ല.
പ്രതിരോധിക്കാം ഈ വില്ലനെ
രോഗങ്ങള്‍ നമ്മുടെ വീട്ടിലും എത്തുന്നതിനു കാത്തുനില്‍ക്കാതെ പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ ഓരോ വ്യക്തിയും മനസ്സുവയ്ക്കണം. പ്രതിരോധ കുത്തിവയ്പുകള്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ പൂര്‍ണമായും സൗജന്യമാണ്. തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും നിശ്ചിത ദിവസങ്ങളില്‍ സേവനം ലഭിക്കും. ഓരോ വീട്ടിലും കുട്ടികള്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. കുത്തിവയ്പ് എടുക്കാത്തവരോ ഭാഗിമായി എടുത്തവരോ ഉണ്ടെങ്കില്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ അറിയിക്കണം. വീടുകളില്‍ ബോധവല്‍ക്കരണത്തിനെത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടോ ആശാപ്രവര്‍ത്തകരോടോ അറിയിക്കുകയുമാകാം.
https://www.facebook.com/Malayalivartha