ഇനി ക്യൂബയെപ്പറ്റി ദോഷം പറയരുത്, കാലത്തിനൊപ്പം ക്യൂബയും മാറുകയാണ്!

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു വിചാരമുണ്ട് വികസനത്തോട് മുഖം തിരിക്കുന്ന പിന്തിരിപ്പന്‍ യാഥാസ്ഥിതിക രാജ്യമാണ് ക്യൂബ എന്ന്. എന്നാല്‍ കാലത്തിനൊപ്പം ക്യൂബയും മാറുകയാണെന്ന് അറിഞ്ഞോളൂ. വിപ്ലവനക്ഷത്രങ്ങളുടെ നാട്ടിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ അടുത്തിടെ തുറന്നു.
ക്യൂബയിലെ ആദ്യത്തെ അത്യാഡംബര ഹോട്ടലില്‍ മുറിയെടുത്ത് ഹവാനച്ചുരുട്ടും വലിച്ചു വെറുതെ ഇരുന്നാലും ചരിത്രത്തിലേക്കു പുകയൂതാം. ഹവാനയുടെ ഹൃദയഭാഗത്താണ് ഗ്രാന്‍ ഹൊട്ടേല്‍ മന്‍സന എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. കെംപിന്‍സ്‌കി ഹോട്ടല്‍ ശൃംഖലയുടെ സംരംഭമാണിത്. ക്യൂബയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരായ ഗാവിയോറ്റയാണ് കൂട്ടുടമസ്ഥര്‍.
ജാലകം തുറന്നിട്ടാല്‍ പൂന്തോട്ടം കാണാം. വാതില്‍തുറന്നു പുറത്തിറങ്ങി നടന്നാല്‍ അലിസിയ അലോന്‍സൊ തിയറ്ററിലെ ബാലെ ആസ്വദിക്കാം. 2500 ഡോളര്‍ (1.62 ലക്ഷം ഇന്ത്യന്‍ രൂപ) കൊടുത്താല്‍ അത്യാഡംബരമായി ഒരു രാത്രി തങ്ങാം. വിപ്ലവനക്ഷത്രങ്ങളുടെ നാട്ടിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു സ്വാഗതം!
യൂറോപ്യന്‍ ശൈലിയിലുള്ള പഴയ കെട്ടിടത്തില്‍ 246 മുറികള്‍. ഇവയില്‍ 50 എണ്ണം സ്യൂട്ടുകളാണ്. നാലു ബാറുകളും രണ്ട് റസ്റ്ററന്റുകളും. കൂടാതെ, റൂഫ്‌ടോപ് നീന്തല്‍ക്കുളവും. 440 ഡോളര്‍ മുതല്‍ 2485 ഡോളര്‍ വരെയാണ് രാത്രി തങ്ങുന്നതിന്റെ നിരക്ക്.
പദ്ധതി സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ ക്യൂബന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍നിന്ന് നൂറുകണക്കിന് കെട്ടിടനിര്‍മാണത്തൊഴിലാളികളെയും കരാറിനെടുത്തിരുന്നു.
ആഡംബരം വെടിഞ്ഞ കമ്യൂണിസ്റ്റ് ക്യൂബയിലെ അത്യാഡംബര ഹോട്ടല്‍ വെളിയില്‍നിന്നു നോക്കിക്കാണാനേ ഭൂരിപക്ഷം ക്യൂബക്കാര്‍ക്കും കഴിയൂ.
ശരാശരി ശമ്പളം മുപ്പതു ഡോളറില്‍ താഴെയുള്ള (2000 ഇന്ത്യന്‍ രൂപ) നാട്ടില്‍ അങ്ങനെ അല്ലാതെ മറ്റ് എന്തുചെയ്യും!
https://www.facebook.com/Malayalivartha