സത്യമാണ്! മൂന്നേകാല്‍ സെന്റില്‍ മൂന്നുനില വീട് വയ്ക്കാനാവും

വെറും മൂന്നേകാല്‍ സെന്റ് പ്ലോട്ട്. അതും ചരിഞ്ഞു എല്‍ ഷേപ്പില്‍ പല തട്ടുകളായി കിടക്കുന്നു.കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇത്രയും പ്രതിബന്ധങ്ങളുള്ള ഇവിടെ നല്ലൊരു വീട് സ്വപ്നം കാണാന്‍ പോലും ഉടമസ്ഥനും കുടുംബവും മെനക്കെട്ടിരുന്നില്ല. ഇപ്പോള്‍ ഇതുവഴി പോകുമ്പോള്‍ രണ്ടു നിലകളുള്ള ലളിതമായ വീട് ഇവിടെക്കാണാം. പക്ഷേ ശരിക്കും ഈ വീടിനു മൂന്നുനിലകളുണ്ട്. 2130 ചതുരശ്രയടിയാണ് വിസ്തീര്‍ണം.
രണ്ടു മുഖങ്ങളുണ്ട് വീടിന്. പുറമെ നിന്ന് രണ്ടുനിലയുടെ പ്രൗഡമായ മുഖവും അകത്തുനിന്നു മൂന്നുനിലയുടെ ലളിതമായ മുഖവും. ചെറിയ മുറ്റം പേവിങ് ടൈല്‍ വിരിച്ചിരിക്കുന്നു. ഹൈറാര്‍ക്കിടെക്ട്‌സ് എന്ന ഡിസൈന്‍ സ്ഥാപനം നടത്തുന്ന വാജിദ് റഹ്മാനാണ് ഈ വീട് ഡിസൈന്‍ ചെയ്തത്.
ട്രഡീഷണല്‍ മോഡേണ്‍ സങ്കലനമാണ് വീടിന്റെ ഡിസൈന്‍. പല തട്ടുകളുള്ള പ്ലോട്ടായതിനാല്‍ പുറമെ നിന്ന് നോക്കിയാല്‍ വീടിനു മൂന്ന് നിലകളുണ്ടെന്നു മനസ്സിലാകില്ല. ബേസ്‌മെന്റ് ഫ്‌ലോറിലേക്ക് പുറമെ നിന്ന് കാഴ്ച പതിയില്ല. പുറം ഭിത്തികളില്‍ ക്ലാഡിങ് സ്‌റ്റോണ്‍ പാകി ഭംഗിയാക്കി. സ്ലേറ്റ് സ്‌റ്റോണും ടെറാക്കോട്ട ടൈലുമാണ് ഇതിനുപയോഗിച്ചത്. ഉദ്യോഗസ്ഥരായ ഗൃഹനാഥനും ഭാര്യയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബം. ഇതേ പ്ലോട്ടില്‍ പിന്നിലായാണ് ഉടമസ്ഥന്റെ കുടുംബവീട്.
താഴത്തെ നിലയില്‍ കാര്‍ പോര്‍ച്ചും ചെറിയൊരു യൂട്ടിലിറ്റി സ്‌പേസും ഒരുക്കി. ലിവിങ്, ഡൈനിങ്, അടുക്കള, വര്‍ക്ക് ഏരിയ, പ്രയര്‍ ഏരിയ, ഒരു കിടപ്പുമുറി എന്നിവയാണ് നടുവിലത്തെ നിലയില്‍. മുകള്‍ നിലയില്‍ അറ്റാച്ഡ് ബാത്‌റൂമുകളോടുകൂടിയ രണ്ടു കിടപ്പുമുറികള്‍, ചെറിയൊരു ലൈബ്രറി, ഫാമിലി ലിവിങ്, ബാല്‍ക്കണി എന്നിവ നല്‍കി.
വീടിനകത്തേക്ക് കയറുമ്പോള്‍ ആദ്യം കാണുന്നത് പ്രെയര്‍ ഏരിയയാണ്. ഇതിനു വലതുവശത്ത് ഫാമിലി ലിവിങ് ക്രമീകരിച്ചു. ഡിസൈനിലെ ശ്രദ്ധേയമായ ഒരു ഘടകം ലിവിങ് റൂമിലെ കോര്‍ട് യാര്‍ഡാണ്.
കുടുംബവീട്ടിലേക്കുള്ള വഴിയായിരുന്നു ഇവിടം. ലിവിങ് റൂമിനു സ്വകാര്യത ലഭിക്കുന്നതിനായി ചുറ്റുമതില്‍ കെട്ടി അബറ്റ് ചെയ്തു ഭിത്തിയാക്കിയതാണിത്. മുകളിലും ഇരുവശങ്ങളിലും ഗ്ലാസ് നല്‍കി. സമൃദ്ധമായി പ്രകാശം ഇതിലൂടെ ഒഴുകിയെത്തുന്നു. ഫര്‍ണിച്ചറുകള്‍ റബ് വുഡിലാണ് നിര്‍മിച്ചത്.
മിനിമല്‍ ശൈലിയില്‍ ഡൈനിങ്. കിച്ചന്‍ ഡൈനിങ് ഒരു ഓപ്പണ്‍ ശൈലിയിലാണ് ഒരുക്കിയത്. ഭാര്യയും ഭര്‍ത്താവും പാചകത്തില്‍ താല്പര്യമുള്ളവരാണ്. അതിനാല്‍ അടുക്കള കൂടുതല്‍ വിപുലമായി ഒരുക്കി. പ്രധാന അടുക്കള സ്‌റ്റോറേജിന് മുന്‍ഗണന നല്‍കിയാണ് ഡിസൈന്‍ ചെയ്തത്. വര്‍ക് ഏരിയയിലാണ് പ്രധാനമായി പാചകം നടക്കുന്നത്.
റബ്‌വുഡിലാണ് ഗോവണിയുടെ പടികള്‍ പണിതത്. മുകള്‍ നിലയില്‍ നല്ലൊരു വായനാമുറിയും ഇതിനു സമീപം കുടുംബത്തിന് ഒത്തുകൂടാനായി ഫാമിലി ലിവിങ് ഏരിയയും നല്‍കി.
പ്രകാശം സമൃദ്ധമായി ലഭിക്കുന്ന രീതിയില്‍ കിടപ്പുമുറികളില്‍ ബേ വിന്‍ഡോ നല്‍കി. മുകളില്‍ സ്‌കൈലൈറ്റും നല്‍കി. കിടപ്പുമുറികളില്‍ വാര്‍ഡ്രോബും ഒരുക്കിയിട്ടുണ്ട്. മുകള്‍നിലയില്‍ രണ്ടു ബാത്‌റൂമുകള്‍ക്കും സ്‌കൈലൈറ്റുകള്‍ നല്‍കി. സ്‌റ്റെയര്‍കെയ്‌സിന് മുകളിലും ഒരു പര്‍ഗോള സ്‌കൈലൈറ്റ് നല്‍കി.
എലിവേഷനിലെ ശ്രദ്ധേയമായ ഘടകം ഹുരുഡീസ് ബ്ലോക്ക് കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയാണ്. ഇതില്‍ മണ്‍ടൈലുകള്‍ പാകി ഭംഗിയാക്കി. ഇതിലൂടെ വീട്ടില്‍ ചൂടുകുറയ്ക്കുന്നതിനും സാധിച്ചു.
ഉള്ളതുകൊണ്ട് ഓണം പോലെയെന്ന് കേട്ടിട്ടില്ലേ, എന്നാല്‍ ഇവിടെ ഉള്ളത് കൊണ്ട് ഓണവും വിഷുവും ക്രിസ്മസും എല്ലാം ഒരുമിച്ചു വന്ന സന്തോഷമാണ് ഉടമസ്ഥനും കുടുംബത്തിനും.(Area- 2130 SFT Plot- 3.25 cents Cost- 35 lakh Location- Manjeri, Malappuram Owner- Vincent , Design- Vajid Rahman, Hierarchy Architects email-hierarchyarchitects@gmail.com Mob-9746875423).
https://www.facebook.com/Malayalivartha