പുതിയൊരു ദൃശ്യാനുഭവമായി ദുബായ് മാള്‍

വിനോദത്തോടൊപ്പം വ്യാപാരവും ഇഴചേര്‍ത്ത് വിസ്മയ കാഴ്ചകളുടെ വേദിയൊരുക്കി ദുബായ് മാള്‍ ലോകത്തെ ഏറ്റവും വലിയ ജനപ്രിയ കേന്ദ്രമായി വളരുകയാണ്. എട്ടുകോടി ജനങ്ങള്‍ കഴിഞ്ഞവര്‍ഷം ദുബായ് മാള്‍ സന്ദര്‍ശിച്ചതു തന്നെ ആ വിസ്മയ സൗധത്തിന്റെ പെരുമയേറ്റുന്നു. ദുബായിയുടെ ഹൃദയഭാഗത്തുള്ള ഏറ്റവും ഉയരംകൂടിയ കെട്ടിടവും ഷോപ്പിങ് സമുച്ചയവും ആരെയും ആകര്‍ഷിക്കുമെന്നതിനു കഴിഞ്ഞവര്‍ഷം മാളിലെത്തിയ ജനസഞ്ചയം തെളിവാണ്.
വിവിധ ദേശക്കാരെ ആകര്‍ഷിക്കുന്ന വിനോദ, ഉപഭോക്തൃ കേന്ദ്രമായാണ് \'എമാറിനു കീഴിലുള്ള എമിറേറ്റിലെ ഈ വ്യാപാര, വാണിജ്യ, വിനോദ സൗധം പ്രസിദ്ധി നേടുന്നത്. പുതുലോക ജീവിത ശൈലികളെ പുണരുന്ന ദുബായ് മാള്‍ ജനപ്രിയ കേന്ദ്രമായതു ചുരുങ്ങിയ കാലം കൊണ്ടാണ്. ലോകത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നു ദുബായ് വിമാനത്താവളം വഴിയെത്തുന്നവര്‍ ദുബായിലെ വന്‍വ്യാപാര ശൃംഖലകളുള്ള മാളിലും എത്തിയിരിക്കും. എമിറേറ്റിന്റെ പ്രാദേശിക വരുമാനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന വിപണന കേന്ദ്രം കൂടിയാണു ദുബായ് മാള്‍. ചില്ലറ, മൊത്ത വ്യാപാരത്തിന്റെ പറുദീസയായ ഷോപ്പിങ് മാള്‍ ക്രയവിക്രയങ്ങളുടെ പ്രധാന കേന്ദ്രമായി.
ദുബായിയുടെ ചില്ലറ വ്യാപാര വിപണിയുടെ പ്രധാന കേന്ദ്രവും ദുബായ് മാളാണ്. ചില്ലറ വ്യാപാരത്തിനായി മാത്രം 1200 സ്ഥാപനങ്ങള്‍ മാളില്‍ ഇടംപിടിച്ചിട്ടുണ്ട്. 200 ഭോജനശാലകളും മാളില്‍ വിഭവമൊരുക്കുന്നു. വാടകയ്ക്കു ഷോപ്പുകള്‍ വാങ്ങുന്നവരുടെ തോതില്‍ കഴിഞ്ഞ വര്‍ഷം 14 ശതമാനമാണു വര്‍ധന. വസ്ത്രവ്യാപാര രംഗത്തെ പ്രമുഖ ബ്രാന്‍ഡുകളും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളും ദുബായ് മാളില്‍ കാലുറപ്പിച്ചു കഴിഞ്ഞു. ദുബായ് മാളിലൊരു സ്ഥാപനം എന്നതു വ്യാപാരികളുടെ അഭിമാന പ്രശ്‌നം കൂടിയാണ്.
ഫാഷന്‍ രംഗത്തെ 150 ബ്രാന്‍ഡുകള്‍ മത്സരിച്ച് മാളിന്റെ മാറ്റുകൂട്ടുന്നു. പത്തു ലക്ഷം ചതുരശ്ര അടിയില്‍ വിപുലപ്പെടുത്തിയാണു വസ്ത്രവ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനങ്ങളെ ദുബായ് മാളിന്റെ കുടക്കീഴിലാക്കിയത്. 1.2 കോടി ചതുരശ്ര അടിയാണ് ദുബായ് മാളിന്റെ വ്യാപ്തി. കരാര്‍ അടിസ്ഥാനത്തില്‍ മാളിലെ 30.77 ലക്ഷം ചതുരശ്ര അടിയാണ് വാടകയ്ക്കു നല്‍കുന്നത്.
പോയ വര്‍ഷത്തെ സന്ദര്‍ശകരില്‍ 40 ശതമാനം വിദേശങ്ങളില്‍ നിന്നുള്ളവരാണ്. സ്വദേശത്തുനിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരുമാണു 60 ശതമാനം. സാമൂഹ മാധ്യമങ്ങളിലും ദുബായ് മാള്‍ മുദ്രപതിപ്പിച്ചു കഴിഞ്ഞു. 15 ലക്ഷം പേരാണ് ഫെയ്‌സ് ബുക്കിലൂടെ മാത്രം ദുബായ് മാളിനെ പിന്‍തുടരുന്നത്. യുഎഇയില്‍ കൂടുതല്‍ പേര്‍ക്ക് അക്കൗണ്ടുള്ള ട്വിറ്ററില്‍ രണ്ടരലക്ഷം ആളുകള്‍ മാള്‍ പേജിലെത്തി.
കുട്ടികളുടെ ഹരമായ പ്ലേ സ്‌റ്റേഷനുകള്‍ ഒരുക്കിയതു രാജ്യാന്തര കമ്പനികളാണ്. മാളിലെ കിഡ്‌സാനിയ സന്ദര്‍ശിക്കാത്ത വിദ്യാര്‍ഥികള്‍ വിരളമായിരിക്കും. 2800 പ്രേക്ഷകര്‍ക്ക് ഒന്നിച്ച് ആസ്വദിക്കാന്‍ കഴിയുന്ന സിനിമാശാലകളാണു മാളിന്റെ മറ്റൊരു സവിശേഷത.
https://www.facebook.com/Malayalivartha