ദുബായിലെ മറീനാ ടോര്‍ച്ച് ബില്‍ഡിങ്ങില്‍ വന്‍ അഗ്നിബാധ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആള്‍താമസമുള്ള കെട്ടിടങ്ങളിലൊന്നായ ദുബായിലെ മറീന ടോര്‍ച്ച് ബില്‍ഡിങ്ങില്‍ വന്‍ അഗ്നിബാധ. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കെട്ടിടത്തിന്റെ അമ്പതാം നിലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. ശക്തമായ കാറ്റില്‍ തീ വേഗം ആളിപ്പടരുകയായിരുന്നു.
പരിഭ്രാന്തരായ താമസക്കാര്‍ കെട്ടിടം വിട്ടോടി. ഉടന്‍തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് സൂചന. കെട്ടിടത്തിന്റെ പല നിലകളും കത്തിച്ചാമ്പലായി. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.
നൂറുകണക്കിന് ആളുകള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് അഗ്നിബാധയേത്തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. ഏതാനും പേര്‍ക്ക് പുകയേറ്റതുമൂലമുണ്ടായ അസ്വസ്ഥത ഒഴിച്ചാല്‍ മറ്റാര്‍ക്കും പരുക്കേറ്റതായി സൂചനയില്ല.
ദുബായിലെ മറീനാ ജില്ലയിലുള്ള 1,105 അടി ഉയരമുള്ള ഈ കെട്ടിടം ആള്‍പ്പാര്‍പ്പുള്ള കെട്ടിടങ്ങളില്‍ ലോകത്തില്‍ തന്നെ ഏറ്റവും ഉയരം കൂടിയവയിലൊന്നാണ്. നാലു വര്‍ഷം മുന്‍പാണ് ഈ കെട്ടിടം താമസത്തിനായി തുറന്നത് കൊടുത്തത്. ആകെ 79 നിലകളാണ് കെട്ടിടത്തിനുളളത്. ഇതില്‍ 60 നിലകളിലും തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha