നാലു മാസത്തിനിടെ സൗദിയില്‍നിന്ന് നാടു കടത്തപ്പെട്ടവര്‍ രണ്ടു ലക്ഷം=

താമസ, തൊഴില്‍ നിയമലംഘനങ്ങളുടെ പേരില്‍ ഹിജ്‌റ വര്‍ഷത്തിന്റെ ആദ്യ നാലു മാസത്തിനിടെ (ഒക്‌ടോബര്‍ 25 മുതല്‍ ഫെബ്രുവരി 19 വരെ) സൗദിയില്‍ നിന്നു രണ്ടുലക്ഷത്തിലേറെ വിദേശികളെ നാടുകടത്തിയതായി പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. ജനുവരി 21 മുതല്‍ ഈ മാസം മൂന്നുവരെ ദിനംപ്രതി ശരാശരി 1500-2000 പേരെയാണ് നാടുകടത്തുന്നതെന്നും വകുപ്പ് മക്ക മേഖലാ ഡയറക്ടര്‍ മേജര്‍ ജനറല്‍ ഖലാഫല്ല അല്‍ തുവൈറെഖി പറഞ്ഞു.
രാജ്യസുരക്ഷയും സ്വദേശിവല്‍ക്കരണവും മുന്‍നിര്‍ത്തി അനധികൃത താമസക്കാരെ പിടികൂടുന്ന നടപടികള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഇതിനായി 37 പ്രത്യേക കമ്മിറ്റികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. പിടികൂടുന്നവരെ പാര്‍പ്പിക്കുന്നതിനായി വിവിധ ഭാഗങ്ങളിലായി 43 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം മദീന, ബഹ എന്നിവിടങ്ങളില്‍നിന്നായി 6,654 അനധികൃത തൊഴിലാളികളെയാണ് പൊലീസ് പിടികൂടിയത്. രാജ്യത്ത് അനധികൃതമായി കഴിയുന്നവരെ കണ്ടെത്തുന്നതിനായി ആരംഭിച്ച പരിശോധനയില്‍ മദീനയില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമായി ഇതുവരെ 48,773 പേരെ പിടികൂടി. അറസ്റ്റിലാകുന്നവരെ നിയമനടപടികള്‍ക്കുശേഷം സര്‍ക്കാര്‍ ചെലവില്‍ നാടുകടത്തുകയാണു ചെയ്യുന്നത്.
https://www.facebook.com/Malayalivartha