ഈ വിഭാഗക്കാരെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി; നിർണ്ണായക തീരുമാനവുമായി കുവൈറ്റ്

കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയ മൂന്നു വിഭാഗങ്ങളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കുവൈത്തിൽ അംഗീകരിച്ചിട്ടുള്ള വാക്സിൻ വിദേശ രാജ്യങ്ങളിൽ വെച്ച് എടുത്തവരെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുന്നതിനാണ് തീരുമാനമെന്നും സർക്കാർ വക്താവ് അറിയിച്ചു.
ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ കണക്കിലെടുത്താണ് കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത മൂന്ന് വിഭാഗങ്ങളെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കുന്നതിന് മന്ത്രിസഭ അനുമതി നൽകിയത്.
രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതലായവർ, വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് അഞ്ച് ആഴ്ചയിലധികം കഴിഞ്ഞവർ, കൊറോണ വൈറസ് ബാധയിൽനിന്ന് മുക്തരായ ശേഷം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതലായവർ എന്നിവരെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർ ഏഴു ദിവസത്തേക്ക് ഹോം ക്വാറൻറീനിൽ കഴിയണം.
കൂടാതെ കോവിഡ് വൈറസ് ബാധയില്ല എന്ന് തെളിയിക്കാനായി പി.സി.ആർ പരിശോധന നടത്തണം. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് നിർബന്ധിത ക്വാറൻറീനിൽ നിന്നും ഇളവു ലഭിക്കുന്നതിന് അതത് സർവകലാശാലകൾ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മതിയാകുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം കുവൈറ്റിൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി. സമയത്തിന്റെ ക്രമീകരണം മന്ത്രിസഭാ അടിയന്തിര യോഗത്തിന് ശേഷം സർക്കാർ വക്താവ് താരീഖ് അൽ മെസ്രേം അറിയിച്ചു. നിലവിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ഭാഗിക കർഫ്യു ചൊവ്വാഴ്ച്ച മുതൽ 6 മണിക്ക് ആരംഭിക്കും.അതോടൊപ്പം പൊതു ജനങ്ങൾക്ക് വൈകുന്നേരം 6 മണി മുതൽ 8 മണി വരെ പൊതു നിരത്തുകളിൽ നടക്കാൻ അനുവദിക്കുന്നതാണ്.
കൂടാതെ റെസ്റ്റാറന്റ്റുകൾക്ക് വൈകുന്നേരം 5 മണി മുതൽ 10 മണി വരെ ഭക്ഷണം ഡെലിവറി ചെയ്യുന്നതിനും അനുവദിക്കും. പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇത്തരത്തിൽ കർഫ്യു സമയത്തിൽ ഭേദഗതി വരുത്തിയതെന്നും സർക്കാർ വക്താവ് താരീഖ് അൽ മെസ്രേം വിശദീകരിച്ചു.
https://www.facebook.com/Malayalivartha