അബുദാബി രാജകുടുംബം വിമാനം അയച്ചു; ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി എം എ യൂസഫലി അബുദാബിയിലേക്ക്, തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ്, ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍

ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി എം എ യൂസഫലി അബുദാബിയിലേക്ക് മടങ്ങിയാതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിക്കു തിരിച്ചത്.. അബുദാബി രാജകുടുംബമാണ് വിമാനം അയച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. യൂസഫലിയുടെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. എറണാകുളത്തെ പനങ്ങാടുള്ള ഒരു ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്. ആര്‍ക്കും കാര്യമായ അപകടം ഒന്നുമുണ്ടായിരുന്നില്ല.
ഹെലികോപ്ടര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചടുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉള്‍പ്പെടെയുള്ളവര്‍ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.
ജനവാസ മേഖലയ്ക്കു മുകളില്‍വച്ചാണ് ഹെലികോപ്ടറിന് തകരാര്‍ സംഭവിച്ചത് തന്നെ. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വന്‍ അപകടമൊഴിവായത് തന്നെ. ചതുപ്പില്‍ ഭാഗികമായി പൂഴ്ന്നിപ്പോയ നിലയിലായിരുന്നു ഹെലികോപ്ടര്‍ കണ്ടത്. അപകടത്തെ തുടര്‍ന്ന് യൂസഫലിയെയും ഭാര്യയെയും എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇവര്‍ യുഎഇയിലേക്ക് മടങ്ങിയത്.
ഇതിനിടെ പനങ്ങാട് ചതുപ്പില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ഹെലികോപ്റ്റര്‍ ഇന്ന് പുലര്‍ച്ചയോടെ ഉയര്‍ത്തി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഡല്‍ഹിയില്‍ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരുന്നു ഹെലികോപ്റ്റര്‍ നീക്കിയത്.
അര്‍ധരാത്രി പന്ത്രണ്ട് മണിയോടെയാണ് കോപ്റ്റര്‍ ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചത്. വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകള്‍ക്കും അനുമതിയ്ക്കും ശേഷമായിരുന്നു ഇത്. കോപ്റ്റര്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ ചതുപ്പില്‍ മണല്‍ ചാക്കുകള്‍ നിറച്ചു ബലപ്പെടുത്തിയ ശേഷമാണു ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിയത്. ആദ്യപടിയായി ഹെലികോപ്റ്ററിന്റെ പങ്കകള്‍ അഴിച്ചു നീക്കി. തുടര്‍ന്ന് വലിയ ക്രെയിന്‍ ഉപയോഗിച്ച് ഹെലികോപ്റ്ററിനെ ചതുപ്പില്‍ നിന്ന് ഉയര്‍ത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























