ഓക്സിജന്റെ അഭാവം വൻതോതിൽ കൂടിയ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ ആശ്വാസകരം ; 80 ടൺ ദ്രവീകൃത ഓക്സിജൻ അയയ്ക്കുമെന്ന് ഉറപ്പ് നൽകി

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം നേരിടുകയാണ് ഇന്ത്യ. ഓക്സിജന്റെ അഭാവം വൻതോതിൽ കൂടിയ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ ആശ്വാസകരം എത്തിയിരിക്കുകയാണ്. ഇന്ത്യയിലേക്ക് 80 ടൺ ദ്രവീകൃത ഓക്സിജൻ സൗദി അറേബ്യ അയയ്ക്കും. അദാനിഗ്രൂപ്പും ലിൻഡെ കമ്പനിയുമായി സഹകരിച്ചാണ് നടപടി. ലിൻഡെ കമ്പനിയിൽനിന്നുള്ള ഓക്സിജനാണ് ഇന്ത്യയ്ക്ക് നൽകുന്നത്.
നാല് ഐ.എസ്.ഒ. ക്രയോജനിക് ടാങ്കുകളും 80 ടൺ ദ്രവീകൃത ഓക്സിജനും ദമാമിൽനിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്താണ് എത്തിക്കുക. ദ്രവീകൃത ഓക്സിജനുപുറമേ ടാങ്കുകളും സിലിൻഡറുകളും ഇന്ത്യയിലെത്തിക്കും.
അദാനിഗ്രൂപ്പും ലിൻഡെയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ സഹായത്തിനും പിന്തുണയ്ക്കും ഇന്ത്യൻ എംബസി നന്ദിയറിയിച്ചു.
നേരത്തെ റഷ്യ സിംഗപ്പൂർ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയ്ക്ക് സഹായം നൽകാമെന്ന് അറിയിച്ചു രംഗത്തുവന്നിരുന്നു.
അതേസമയം കോവിഡിനെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് കൂടുതൽ സഹായം നൽകുമെന്ന് യു.എസ്ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആണ് ഇക്കാര്യംപ്രഖ്യാപിച്ചത് .
അധികമുള്ള കോവിഡ് വാക്സിൻ ഡോസുകളും മറ്റ് ചികിത്സാവസ്തുക്കളും ഇന്ത്യയടക്കം അടിയന്തര ആവശ്യം നേരിടുന്ന രാജ്യങ്ങൾക്കു വിതരണംചെയ്യാൻ ബൈഡൻ ഭരണകൂടത്തിനു മേൽ സമ്മർദം ശക്തമായ പശ്ചാത്തലത്തിലാണ് ബ്ലിങ്കെന്റെ പ്രഖ്യാപനം.
ഇന്ത്യയിലെ ജനങ്ങൾക്കും കോവിഡ് മുന്നണി പോരാളികൾക്കും നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കാനാവശ്യമായ എല്ലാ സഹായവും ഉടനെ എത്തിക്കും. ഇന്ത്യയിലെ ഭരണാധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ബ്ലിങ്കെൻ പറഞ്ഞു. ഇന്ത്യയിലെ സ്ഥിതിയെക്കുറിച്ച് യു.എസിന് ആശങ്കയുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേശകൻ ജെയ്ക്ക് സള്ളിവാൻ പറഞ്ഞു.
https://www.facebook.com/Malayalivartha