ഭർത്താവിനെ കാണാൻ ദുബായിലേക്ക്.... റിയാദിലെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട യുവതി അപകടത്തിൽ മരിച്ചു, നാടിന് കണ്ണീരായി പ്രവാസി മലയാളി

റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്‍പ്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. യുഎഇയിലുള്ള ഭര്‍ത്താവ് ജിബിന്‍ വര്‍ഗീസ് ജോണിനോടൊപ്പം വാര്‍ഷികാവധി ചെലവഴിക്കാന്‍ പോകുന്ന വഴിയില്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെയായിരുന്നു അപകടം സംഭവിച്ചത്. പ്രിയപ്പെട്ടവരെ കൈവീശി കാണിച്ച് അന്നം തേടിയുള്ള യാത്രയ്ക്കായി മണലാരണ്യത്തിലേക്ക് പോയ മാലാഖയുടെ വേർപാടിൽ തികച്ചും ഞെട്ടലിലാണ് പ്രവാസി സമൂഹം.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ ബുറൈദയില്‍ നിന്നു 150 കിലോ മീറ്റര്‍ അകലെ ഖസിംറിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം നടന്നത്. അപകടത്തില്‍ കാറില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മൃതദേഹം അല്‍ ഖസിം റോഡിലെ അല്‍ തുമിര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
സമാനമായി കഴിഞ്ഞ മാസം സൗദി അറേബ്യയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാരാണ് മരിച്ചത്. റിയാദിൽ നിന്നും താഇഫിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് അപടമുണ്ടായത്. സൗദി നിയമപ്രകാരമുള്ള ക്വാറന്റീൻ പൂർത്തിയാക്കി ജോലിസ്ഥലമായ ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഒരു വാഹനാപകടത്തിൽ വൈക്കം വഞ്ചിയൂർ സ്വദേശിനി ക്ലാരിക്കൽ അഖില മുരളി (29), കൊല്ലം ആയൂർ സ്വദേശിനി സുബി ഗീവർഗീസ് ബേബി (33) എന്നിവരാണ് മരിച്ചത്. പ്രവാസി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഉൾപ്പെടെ നിരവധി പേരാണ് ആ വിയോഗ വാർത്തയില്‍ കണ്ണീരണിയുന്നത്
റിയാദിനടുത്തുള്ള അൽഖർജിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ടതായിരുന്നു നഴ്സുമാർ. പുലർച്ചെ യാത്ര പുറപ്പെട്ടപ്പോൾ തന്നെ ഉറക്കമായിരുന്ന ഡ്രൈവറോട് നഴ്‍സുമാർ ഉറക്കം പൂർത്തിയാക്കിയ ശേഷം യാത്ര പുറപ്പെടാമെന്ന് പറഞ്ഞിരുന്നു. എന്നാൽ യാത്ര തുടർന്നതോടെ വാഹനം റോഡിൽ നിന്നിറങ്ങി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ഒരു നഴ്‍സാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തിൽ ഡ്രൈവറടക്കം 3 പേരാണ് മരണപ്പെട്ടത്. ആകെ 8 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha