പ്രാണവായുവിനായി പിടഞ്ഞ് ഇന്ത്യ; സൗദിക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കണ്ടയ്‌നറുകള്‍ അയച്ച് യുഎഇ, ക്രയോജനിക് ടാങ്ക് അയച്ചാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ തയ്യാറാണെന്ന് സന്നദ്ധത പ്രകടിപ്പിച്ച് ഖത്തർ

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കണ്ടയ്‌നറുകള്‍ അയച്ച് യുഎഇ. ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സൗദിയാണ് ആദ്യം മുന്നോട്ട് വന്നത്. ഇതിനുപിന്നാലെ എത്തിയ യുഎഇയുടെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികളും ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് ഇന്ത്യയില്‍ നിന്നെത്തിയ എയര്‍ഫോഴ്‌സിന്റെ സി -17 വിമാനത്തില്‍ ക്രയോജനിക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ അയച്ചത്.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്‍ശങ്കറുമായി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടയ്‌നറുകള്‍ അയയ്ക്കാനുള്ള വിമാനം ഇന്ത്യയില്‍ നിന്ന് ദുബൈയിലെത്തിയത്. യുഎഇയുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‍ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
അതോടൊപ്പം തന്നെ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ഖത്തറും രംഗത്ത് എത്തി. ക്രയോജനിക് ടാങ്ക് അയച്ചാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ദേശീയ പെട്രോളിയം കമ്പനിയായ ഖത്തര്‍ പെട്രോളിയത്തിന്റെ അനുബന്ധ കമ്പനി ഗസാല്‍ ക്യു എസ് സി ആണ് സന്നദ്ധത പ്രകടിപ്പിച്ചത്. ഒരു ദിവസം 60 മെട്രിക് ടണ്‍ നല്‍കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്.
ഓക്‌സിജന്‍ കൊണ്ടുപോകാനുള്ള ക്രയോജനിക് സ്റ്റോറേജ് വെസലുകള്‍ ഇന്ത്യ എത്തിച്ചാല്‍ 20,000 ലിറ്റര്‍ തോതില്‍ 60,000 ലിറ്റര്‍ ദ്രവീകൃത ഓക്‌സിജന്‍ ഒരുദിവസം തന്നെ കപ്പല്‍ മാര്‍ഗം കയറ്റി അയക്കാമെന്നാണ് ഖത്തറിന്റെ വാഗ്ദാനം. വിമാന മാര്‍ഗം ടാങ്കുകള്‍ മൂന്നര മണിക്കൂറിനുള്ളില്‍ ഖത്തറിലെത്തിക്കാന്‍ കഴിയും. ഖത്തര്‍ പെട്രോളിയം, എയര്‍ ലിക്വിഡ്, ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായി 2006ലാണ് ഗസാല്‍ ക്യു എസ് സി സ്ഥാപിതമായത്.
ഇതുകൂടാതെ കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്ന് നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ഇന്ത്യയിലേക്ക് അയച്ചിരുന്നു. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന്‍ ഇന്ത്യയിലെത്തിക്കുന്നത്.
https://www.facebook.com/Malayalivartha