ഇന്ത്യയില്‍ നിന്ന് ഒമാനിലെത്താന്‍ പുതുവഴികൾ തേടി പ്രവാസികൾ; ശ്രീലങ്ക, ഖത്തര്‍, നേപ്പാള്‍, ബഹ്റൈന്‍ എന്നീ നാലു രാജ്യങ്ങള്‍ വഴി ഒമാനിലെത്തുകയാണ് താരതമ്യേന എളുപ്പമെന്നാണ് ട്രാവല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇതിൽ എളുപ്പവഴി മറ്റൊന്നാണ്...

കൊറോണ വ്യാപനം ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് നിരവധി രാഷ്ട്രങ്ങളാണ് വിലക്കേർപ്പെടുത്തിയത്. മാസങ്ങളോളം ഗൾഫ് രാഷ്ട്രങ്ങളിൽ എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ഏറെ തിരിച്ചടി നൽകുന്ന തീരുമാനമായിരുന്നു അത്. ജോലി നഷ്ടപ്പെടുമെന്ന ഭീഷണി ഉള്ള നിരവധി പ്രവാസികളാണ് നാട്ടിൽ ഉള്ളത്. എന്നാൽ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഒമാന്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ കുടുങ്ങിയവര്‍ രാജ്യത്തെത്താന്‍ പുതിയ വഴികള്‍ തേടുകയാണ്.
ശ്രീലങ്ക, ഖത്തര്‍, നേപ്പാള്‍, ബഹ്റൈന്‍ എന്നീ നാലു രാജ്യങ്ങള്‍ വഴി ഒമാനിലെത്തുകയാണ് താരതമ്യേന എളുപ്പമെന്നാണ് ട്രാവല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. പക്ഷേ ട്രാന്‍സിറ്റ് രാജ്യത്തെ ക്വാറന്റൈന്‍, കൊവിഡ് പരിശോധനാ നിയമങ്ങള്‍ പാലിക്കണമെന്നത് മാത്രമാണ് ഉള്ളത്. ഒമാനിലെത്തിയാല്‍ ഇവിടത്തെ ക്വാറന്റൈന്‍ വ്യവസ്ഥകളും പാലിക്കേണ്ടിവരുന്നതാണ്.
അതേസമയം ഇതില്‍ ശ്രീലങ്ക വഴിയുള്ള യാത്രയാണ് കൂടുതല്‍ സൗകര്യപ്രദമായതെന്ന് ട്രാവല്‍സ് നടത്തിപ്പുകാര്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന സര്‍വീസുകള്‍ക്ക് ഒമാന്‍ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മറ്റ് റൂട്ടുകള്‍ വഴിയുള്ള യാത്രാ സൗകര്യങ്ങള്‍ തേടി നിരവധി പേരാണ് വിളിക്കുന്നതെന്ന് മെസൂണ്‍ ട്രാവല്‍സ് കമേഴ്സ്യല്‍ ഓപ്പറേഷന്‍ തലവന്‍ ശ്യാമപ്രസാദ് കല്ലാട്ട് ഒരു പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രയ്ക്കായി പുതിയ പാക്കേജുകള്‍ തയ്യാറായി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
എന്നാൽ കൂടുതല്‍ പേര്‍ ശ്രീലങ്ക വഴിയുള്ള യാത്ര തെരഞ്ഞെടുക്കുന്നതിന് കാരണങ്ങള്‍ പലതാണ്. കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇവിടെ നിന്ന് ഒമാനിലേക്കുണ്ട് എന്നതാണ് ഒരു കാരണം. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കാന്‍ ഇത് സഹായകമാവും. ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍, സലാം എയര്‍ എന്നീ മൂന്ന് വിമാനക്കമ്പനികള്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് സര്‍വീസ് നടത്തിവരുകയാണ്. ശ്രീലങ്കയിലെ ക്വാറന്റൈന്‍ പാക്കേജിന് ചെലവ് താരതമ്യേന കുറവാണെന്നതാണ് മറ്റൊരു അനുകൂല ഘടകം എന്നത്. രണ്ടാഴ്ചത്തെ എസി മുറിയിലുള്ള ഹോട്ടല്‍ ക്വാറന്റൈന്‍, ഭക്ഷണം, എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്ര, കൊവിഡ് ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെട്ടതാണ് പാക്കേജ്. അതോടൊപ്പം രണ്ട് കൊവിഡ് ടെസ്റ്റുകളും പാക്കേജില്‍ ഉള്‍പ്പെടും. ആദ്യ ടെസ്റ്റ് ശ്രീലങ്കയില്‍ എത്തിയ ഉടനെയും രണ്ടാമത്തേത് 10 ദിവസം കഴിഞ്ഞുമാണ് നടത്തുന്നത്.
അതോടൊപ്പം തന്നെ 15 ദിവസത്തെ പാക്കേജിന് സിങ്കിള്‍ റൂമിലുള്ള താമസത്തിന് ഒരാള്‍ക്ക് 73000 രൂപയാണ് ചെലവ്. രണ്ടു പേരുള്ള ഡബ്ള്‍ റൂമാണെങ്കില്‍ ഒരാള്‍ക്ക് 44,000 രൂപയും മൂന്ന് പേര്‍ പങ്കിടുന്ന മുറിയാണെങ്കില്‍ ഒരാള്‍ക്ക് 37000 രൂപയും ചെലവ് വരുന്നതാണ്. അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 18000 രൂപയാണ് പാക്കേജ് തുക. രണ്ടിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ പിസിആര്‍ ടെസ്റ്റിനും ഇന്‍ഷുറന്‍സിനും കൂടി 4000 രൂപ നല്‍കിയാല്‍ മതിയാവും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കില്‍ ഇന്‍ഷൂറന്‍സ് തുകയായ 1000 രൂപ മാത്രം നല്‍കിയാല്‍ മതി. ഇത്തരം അനുകൂല ഘടകങ്ങൾ കാരണമാണ് പ്രവാസികൾ ഓമനിലെത്താൻ ശ്രീലങ്ക തിരഞ്ഞെടുക്കുന്നത്.
https://www.facebook.com/Malayalivartha