ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടി; പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്, അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേർപ്പെടുത്തിയത്

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിന് 10 ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മേയ് 14 വരെ വിലക്ക് നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിക്കുകയുണ്ടായി. ഈ മാസം 25ന് പ്രാബല്യത്തിൽ വന്ന വിലക്ക് മേയ് നാലിന് അവസാനിക്കാനിരിക്കെയാണു 10 ദിവസത്തേക്കുകൂടി വീണ്ടും നീട്ടിയത്. ഇൗ മാസം 22ന് പ്രഖ്യാപിച്ച വിലക്ക് പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയിലെയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളിൽ സമയപരിധി തീരുന്നതിന് മുൻപ് തിരിച്ചുവരുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത് തന്നെ. മാത്രമല്ല യുഎഇയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 24ന് അർധരാത്രി 12 മുതൽ അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേർപ്പെടുത്തിയത്. ഇതേ തുടർന്നു നാട്ടിൽ അവധിക്കു പോയ പ്രവാസികൾ പലരും തിരിച്ചുവരാനാകാതെ കുടുങ്ങിയിരുന്നു. അതേസമയം, മേയ് അഞ്ച് മുതൽ എയർ ഇന്ത്യയടക്കം ഇന്ത്യയിൽ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. ഇനി മേയ് 14 വരെ കാത്തിരുന്നാലേ തിരിച്ചു വരവ് സാധ്യമാകുകയുള്ളു.
1,20,000 രൂപ (6,000 ദിര്‍ഹം) യാണു ചില വിമാന കമ്പനികൾ ഈ മാസം 23, 24 തീയതികളിൽ ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റുകൾ ദിവസങ്ങളോളം പണിമുടക്കുകയും ചെയ്തു. ചില കമ്പനികൾ ചാർട്ടേർഡ് വിമാന സർവീസ് റാസൽഖൈമയിൽ നിന്ന് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് 100 വിമാന സർവീസുകളാണു പ്രതിദിനം ഉള്ളത്.
അതോടൊപ്പം തന്നെ ദുബായിലേയ്ക്കു വരുന്നവർ 48 മണിക്കൂറിനകവും, അബുദാബിയിലേയ്ക്കുള്ളവർ 96 മണിക്കൂറിനകവുമുള്ള കോവിഡ്19 പിസിആർ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കേണ്ടതിനാൽ നാട്ടിലെ അംഗീകൃത ലാബുകളിലും വൻ തിരക്ക് അനുഭവപ്പെടുകയുണ്ടായി.
കോവിഡ് രൂക്ഷമായതിനെ തുടർന്നു വിമാന സർവീസ് നിലച്ചേയ്ക്കുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതിനാൽ പലരും പെരുന്നാൾ പോലും കാത്തിരിക്കാതെ ഇൗ മാസം തന്നെ തിരിച്ചുവരാൻ തീരുമാനിച്ചിരുന്നു. പലരുടെയും വീസ കാലാവധി കഴിയാറായതിനാൽ ഭാവി എന്താകുമെന്നറിയാതെ പ്രതിസന്ധിയിലാണ്. മുൻപ് ലഭിച്ചിരുന്ന പോലെ യുഎഇ അധികൃതരിൽ നിന്നുള്ള ഇളവുകളിലാണ് ഇനി പ്രതീക്ഷയെങ്കിലും ഇതുവരെ അതേക്കുറിച്ചുള്ള അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























