കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് പ്രശ്നം; യാത്രക്കാർക്ക് വീണ്ടും പ്രയാസം സൃഷ്ടിക്കുന്നതായി ആരോപണം, സ്കാൻ ചെയ്യുേമ്പാൾ പി.ഡി.എഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കണം, യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഉറപ്പാക്കണമെന്ന് അധികൃതർ, യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾ ഇത് അറിയണം

കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് പ്രശ്നം യാത്രക്കാർക്ക് വീണ്ടും പ്രയാസം സൃഷ്ടിക്കുന്നതായുള്ള റിപ്പോർട്ടാണ് പുറത്ത് വരുന്നത്. വീണ്ടും കഴിഞ്ഞ ഞായറാഴ്ച രാത്രി ചെന്നൈയിൽനിന്നെത്തിയ വിമാനത്തിലെ ഏതാനും യാത്രക്കാർക്ക് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കഴിയേണ്ടി വന്നു. എല്ലാവരും ഒരേ ലാബിൽനിന്ന് ടെസ്റ്റ് നടത്തിയവരാണ്. ബഹ്റൈൻ എമിഗ്രേഷനിൽ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തപ്പോൾ പി.ഡി.എഫ് രൂപത്തിൽ ലഭ്യമായിരുന്നില്ല. ഇതേത്തുടർന്ന് രാത്രി വിമാനത്താവളത്തിൽ എത്തിയ ഇവർക്ക് തിങ്കളാഴ്ച രാവിലെ നാട്ടിൽ ലാബ് തുറക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. ലാബ് അധികൃതർ ക്യു.ആർ കോഡ് പ്രശ്നം പരിഹരിച്ചശേഷമാണ് ഇവർക്ക് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ സാധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും നിരവധി യാത്രക്കാർക്ക് സമാന പ്രശ്നം നേരിടേണ്ടി വന്നിരുന്നതായുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. ലാബിൽനിന്ന് ലഭിക്കുന്ന പ്രിൻറ് ചെയ്ത സർട്ടിഫിക്കറ്റിന്റെ രൂപത്തിൽ തന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലഭിക്കണമെന്നാണ് എമിഗ്രേഷൻ അധികൃതർ ആവശ്യപ്പെടുന്നത്. പി.ഡി.എഫ് രൂപത്തിലല്ലാതെ, കേവലം പരിശോധന വിവരങ്ങൾ മാത്രമാണ് സ്കാൻ ചെയ്യുമ്പോൾ ലഭിക്കുന്നതെങ്കിൽ അധികൃതർ യാത്രക്കാരന് അനുമതി നിഷേധിക്കുകയാണ് ചെയ്തുവരുന്നത്. യാത്രക്കാർ നാട്ടിൽനിന്ന് തന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് നിശ്ചിത രൂപത്തിലാണെന്ന് ഉറപ്പാക്കുകയാണ് ഇതിനുള്ള ഏക പരിഹാര മാർഗം എന്നത്. പി.ഡി.എഫ് രൂപത്തിലല്ലെങ്കിൽ ലാബിൽ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കേണ്ടതാണ് എന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞദിവസം ഇന്ത്യൻ എംബസിയും ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. ലാബിൽനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് ഇല്ലാതിരിക്കുക, ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാൻ കഴിയാതിരിക്കുക, സ്കാൻ ചെയ്യുമ്പോൾ ലഭിക്കുന്ന റിപ്പോർട്ട് നിശ്ചിത രൂപത്തിലല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി ഇന്ത്യൻ എംബസി അറിയിപ്പിൽ പറയുകയുണ്ടായി. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നാട്ടിൽനിന്നുതന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് നിശ്ചിത രൂപത്തിലാണെന്ന് ഉറപ്പാക്കണമെന്ന് അറിയിപ്പിൽ നിർദേശിച്ചു.
അതേസമയം യാത്ര പുറപ്പെടുന്നതിനു മുമ്പ് 48 മണിക്കൂറിനുള്ളിൽ െഎ.സി.എം.ആർ അംഗീകൃത ലാബിൽ നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റാണ് യാത്രക്കാർ ഹാജരാക്കേണ്ടത്. ആറ് വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ നിബന്ധന ബാധകമാണ്. ഇന്ത്യക്കു പുറമേ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.
കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് നിർബന്ധം
സ്കാൻ ചെയ്യുേമ്പാൾ പി.ഡി.എഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കണം
യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഉറപ്പാക്കണം
വേണ്ടത് 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ്
ആറ് വയസ്സിനു മുകളിലുള്ളവർക്ക് നിബന്ധന ബാധകം
https://www.facebook.com/Malayalivartha