പ്രവാസി തൊഴിലാളികളെ തേടി വമ്പൻ അവസരം; തൊഴിലിൽ മികവ് പുലർത്തുന്ന കമ്പനികളിലെ തൊഴിലാളികളെ കാത്തിരിക്കുന്നത് സർപ്രൈസ്; ദുബായിലെ സർക്കാർ ഏജൻസികളിലും മാളുകളിലും ഇതര വ്യാപാര സ്ഥാപനങ്ങളിലും ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ‘എക്സലൻസ് കാർഡുകൾ’ ഏർപ്പെടുത്താൻ ഒരുങ്ങി അധികൃതർ

കൊറോണ വ്യാപനത്തിൽ നട്ടം തിരിയുകയാണ് പ്രവാസലോകം. പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത ഇപ്പോഴിതാ പൂർണ ആത്മവിശ്വാസത്തോടെ തീരിച്ചുവരുന്നതിന്റെ വാർത്തകൾ പ്രവാസികൾക്ക് ഏറെ ആശ്വാസമായി തീരുകയാണ്. പ്രവാസലോകത്തെ പൂർണമാക്കിയ പ്രവാസികൾക്ക് ഇപ്പോഴിതാ ഒരു സന്തോഷ വർത്തയാണ് പുറത്ത് വരുന്നത്.
തൊഴിലിൽ മികവ് പുലർത്തുന്ന കമ്പനികളിലെ തൊഴിലാളികൾക്ക് ദുബായിലെ സർക്കാർ ഏജൻസികളിലും മാളുകളിലും ഇതര വ്യാപാര സ്ഥാപനങ്ങളിലും ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന ‘എക്സലൻസ് കാർഡുകൾ’ ഏർപ്പെടുത്തുന്നതായി റിപ്പോർട്ട്. 2020ലെ തഖ് ദീർ അവാർഡിൽ 4, 5 സ്റ്റാറുകൾ ലഭിച്ച് മികവ് പുലർത്തിയ 15 കമ്പനികളിലെ അരലക്ഷം തൊഴിലാളികൾക്കാണ് ആദ്യ ഘട്ടത്തിൽ കാർഡ് ലഭിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.
റോഡ‍്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ), ദുബായ് വൈദ്യുതി–ജല അതോറിറ്റി (ദീവ), ദുബായ് മുനിസിപാലിറ്റി, ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ദുബായ് എമിഗ്രേഷൻ) എന്നിങ്ങനെ 4 സർക്കാർ വകുപ്പുകളിലാണ് 35 ലേറെ ഇൻസെന്റീവുകൾ ലഭിക്കുകയെന്ന് കാർഡ് അനുവദിക്കുന്ന തഖ് ദീർ അവാർഡിനെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഒാഫീസ് വ്യക്തമാക്കി.
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് തൊഴിലാളി ക്ഷേമം ലക്ഷ്യമാക്കിയുള്ള ഈ പദ്ധതി. മലയാളികളുടേതടക്കം ഒട്ടേറെ ഇന്ത്യൻ കമ്പനികൾക്ക് 2 വർഷത്തിൽ ഒരിക്കല്‍ സംഘടിപ്പിക്കാറുള്ള തഖ്ദീർ അവാർഡ് ലഭിക്കാറുണ്ട്.
ഇതുകൂടാതെ രണ്ട് തരം കാർഡുകളാണ് ഉണ്ടാവുകയെന്ന് തഖ്ദീർ അവാർഡ് ലേബർ അഫയേഴ്സ് സ്ഥിരം സമിതി ചെയർമാനും ജിഡിആർഎഫ്എ–ദുബായ് ഡെപ്യുട്ടി ഡയറക്ടർ ജനറലുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ഒന്നാമത്തെ ഗോൾഡ് കാർഡ് 4, 5 സ്റ്റാർ റേറ്റിങ് ലഭിച്ചവർക്കാണ് ലഭിക്കുക. സർക്കാർ ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമാകും.
രണ്ടാമത്തെ ബ്ലൂ കാർഡ് ഉപയോഗിച്ച് തൊഴിലാളികൾക്ക് തങ്ങളുടെ താമസ സ്ഥലത്തിനടുത്തെ മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രത്യേക വിലക്കുറവുകൾ സ്വന്തമാക്കാനാകും. ഇൗ മാസം 17ന് ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലെ റാഷിദ് ഹാളിൽ നടക്കുന്ന തഖ് ദീർ അവാർഡ് ദാന ചടങ്ങിൽ എക്സലന്റ് കാർഡുകൾ പ്രഖ്യാപിക്കും. വിവിധ സർക്കാർ വകുപ്പുകളിലും മറ്റും 25 മുതൽ 50 % വരെ ഇളവുകൾ തൊഴിലാളികൾക്ക് കാർഡ് ഉപയോഗിച്ച് സ്വന്തമാക്കാനാകും.
https://www.facebook.com/Malayalivartha


























