ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് ചതിയിൽ പെടരുതെന്ന് എയർ ഇന്ത്യ; ഇന്ത്യ-കുവൈത്ത് റൂട്ടിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ബുക്കിങ് ഇതുവരെ ആരംഭിച്ചിട്ടില്ല

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴു മാസത്തെ യാത്രാ വിലക്കിന് ശേഷം ആഗസ്ത് ഒന്നു മുതലാണ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് നേരിട്ടെത്താൻ യാത്രാനുമതി നല്‍കിയത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരുകയായിരുന്നു. കൊവിഡിന്‍റെ ഡെല്‍റ്റ വൈറസ് വ്യാപനം രൂക്ഷയമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക് തുടര്‍ന്നത്.
പിന്നാലെ റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചു കൊണ്ടുള്ള കാബിനറ്റ് തീരുമാനം പുറത്തുവന്നു. അങ്ങനെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികളാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാമെന്നതു പോലെ കുവൈറ്റിന് പുറത്തേക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൃത്യമായ നിബന്ധനകൾ പാലിച്ചുമാത്രമേ യാത്രാനുമതി നൽകുകയുള്ളൂ.
എന്നാൽ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് ചതിയിൽ പെടരുതെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകുകയാണ്. ഇന്ത്യ-കുവൈത്ത് റൂട്ടിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ബുക്കിങ് ഇതുവരെ ആരംഭിച്ചിട്ടില്ല.
ബുക്കിങ് ആരംഭിക്കുന്നതിന് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണ്. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. അതിനിടെ വ്യാജ ബുക്കിങ് അറിയിപ്പുകളിൽ വീഴരുതെന്ന് ട്രാവൽ ഏജന്റുമാരോടും യാത്രക്കാരോടും എയർ ഇന്ത്യ അഭ്യർഥിച്ചു.
അതേസമയം ജസീറ എയർവേയ്സ് ബുക്കിങ് തുടരുന്നുണ്ട്. അവരുടെ വെബ്സൈറ്റ് വിവരം അനുസരിച്ച് ഈ മാസം ലഭിക്കുന്ന കുറഞ്ഞ നിരക്ക് 127808.00 രൂപയാണ്. ചില ദിവസങ്ങളിൽ നിരക്ക് 217058.00 എന്നും സൈറ്റിൽ കാണിക്കുന്നു. കുവൈത്ത് എയർവേയ്സ്, ഇൻഡിഗോ വിമാനങ്ങളും കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha



























