ഒരൊറ്റ ആപ്പിൽ എല്ലാം ഉണ്ട്! സേവനങ്ങൾ ഇനി ഒരുകുടക്കീഴിൽ; പ്രവാസികൾക്ക് ഏവർക്കും ആശ്വാസമായി സർക്കാർ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭിക്കുന്ന 'യുഎഇ പാസ്' അബുദാബിയിൽ

ഇനിമുതൽ ഓരോ ആവശ്യങ്ങൾക്കായി ഓരോ പടി കയറി ഇറങ്ങണ്ടാ. നീണ്ട വരികളിൽ മണിക്കൂറുകളോളം കാത്ത് നിൽക്കണ്ട. ഇതാ പ്രവാസികൾക്ക് ഏവർക്കും ആശ്വാസമായി സർക്കാർ സേവനങ്ങൾ ഒറ്റ ആപ്പിൽ ലഭിക്കുന്ന 'യുഎഇ പാസ്' അബുദാബിയിൽ വ്യാപകമാക്കുന്നതായി റിപ്പോർട്ട്. കോടതി, ലേബർ, എമിഗ്രേഷൻ, നഗരസഭ, ഗതാഗതം തുടങ്ങി എല്ലാ സർക്കാർ സേവനങ്ങൾക്കും യുഎഇ പാസ് മാനദണ്ഡമാക്കി പുറത്ത് വരികയാണ്.
സ്വദേശികളും വിദേശികളും യുഎഇ പാസ് എടുക്കണം എന്നാണ് അധികൃതർ നിർദ്ദേശിക്കുന്നത്. എമിറേറ്റ്സ് ഐഡി, വീസ എന്നിവ എടുക്കുക, പുതുക്കുക, കെട്ടിടം വാടകയ്ക്ക് എടുക്കുക, വാടകക്കരാർ (തൗതീഖ്) അറ്റസ്റ്റ് ചെയ്യുക, വാഹനം റജിസ്റ്റർ ചെയ്യുക, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് അടയ്ക്കുക, ബിസിനസ് ആരംഭിക്കുക തുടങ്ങി 5000ത്തിലേറെ സേവനങ്ങൾക്കുള്ള ഇടപാടുകൾ യുഎഇ പാസ് ഉപയോഗിച്ച് സ്വന്തമായി തന്നെ നടത്താവുന്നതാണ്.
അതോടൊപ്പം തന്നെ വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ നൽകാൻ ടൈപ്പിങ് സെന്ററിനെയും വ്യത്യസ്ത ആപ്പിനെയും ആശ്രയിക്കുന്നത് ഇതിലൂടെ ഒഴിവാക്കാം. എന്നാൽ യുഎഇ പാസ് മറ്റൊരാൾക്ക് ദുരുപയോഗം ചെയ്യാനാകില്ല. ഇതുപയോഗിച്ച് ഏതെങ്കിലും സർക്കാർ സേവനത്തിനു ശ്രമിച്ചാൽ ബന്ധപ്പെട്ട വകുപ്പ് ഉടമയ്ക്ക് അയയ്ക്കുന്ന കോഡ് നൽകിയാൽ മാത്രമേ പ്രസ്തുത സൈറ്റ് തുറക്കുകയുള്ളു.
അതേസമയം വിവിധ എമിറേറ്റിലെ സ്മാർട് സേവന ആപ്പുകൾ യുഎഇ പാസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക, ഫെഡറൽ സർക്കാർ സേവനങ്ങൾക്ക് ഏകീകൃത തിരിച്ചറിയൽ രേഖയായിരിക്കും യുഎഇ പാസ് എന്നത്.
റജിസ്ട്രേഷൻ
പ്ലേ സ്റ്റോർ, ആപ്സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ഡൗൺലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, പേര്, ജനന തീയതി, ദേശീയത, ഐഡി കാലാവധി എന്നിവ നൽകിയ ശേഷം തിരിച്ചറിയൽ കാർഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാൻ സാധിക്കും.
നേട്ടങ്ങൾ;
പേപ്പർ ഇടപാടുകളിൽനിന്നു പൂർണമായി ഡിജിറ്റലിലേക്ക് മാറാൻ യുഎഇ പാസ് ഉപകരിക്കുന്നതാണ്. സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ 24 മണിക്കൂറും സേവനം വിരൽ തുമ്പിൽ ലഭ്യമാക്കാവുന്നതാണ്. സ്മാർട് പാസ്, ദുബായ് ഐഡി തുടങ്ങിയ മറ്റു ആപ്പുകൾക്കു പകരം യുഎഇ പാസ് മാത്രം ഉപയോഗിച്ചാൽ മതിയാകും.
വിവരങ്ങൾക്ക്;
∙ 600 560000
∙ support@uaepass.ae
ആപ് ഉപയോഗം ഇങ്ങനെ;
∙ യുഎഇ പാസ് ആപ് ഡൺലോഡ് ചെയ്യുക.
∙ ക്രിയേറ്റ് അക്കൗണ്ട് ഓപ്ഷനിൽ പ്രവേശിക്കുക.
∙ നിയമാവലി വായിച്ച് അംഗീകരിക്കുക. എമിറേറ്റ്സ് ഐഡി സ്കാൻ ചെയ്യുക.
∙ സ്ക്രീനിൽ തെളിഞ്ഞ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തി കൺഫേം ചെയ്യുക. മൊബൈലിലും ഇമെയിലും വന്ന വെരിഫിക്കേഷൻ കോഡ് (ഒടിപി) തെറ്റാതെ നൽകുക. നാലക്ക പിൻ നമ്പർ നൽകുക (നമ്പർ ഓർത്തിരിക്കണം).
∙ ഫെയ്സ് വെരിഫിക്കേഷനിൽ ഫോട്ടോ എടുക്കുന്നതാണ്. തയാറായാൽ ഐയാം റെഡി ഓപ്ഷനിൽ ക്ലിക് ചെയ്യുകയും വേണം.
∙ മുഖം വ്യക്തമായി കാണുംവിധത്തിൽ ഫോണിന് അഭിമുഖമായി നിൽക്കുക. വൃത്തത്തിൽ മുഖം വ്യക്തമായി തെളിയുംവിധം നിർദേശം അനുസരിച്ച് ഫോൺ അടുത്തേക്കു പിടിച്ചാൽ ഫോട്ടോ എടുക്കുന്നതാണ്.
∙ ഇതിനുശേഷം പാസ്‌വേർഡ് ടൈപ്പ് ചെയ്യുക. (വലിയ അക്ഷരം, ചെറിയ അക്ഷരം, അക്കം, ചിഹ്നം എന്നിവ അടങ്ങിയ പാസ് വേർഡ് 6 അക്ഷരത്തിൽ കുറയരുത്.) ഇതോടെ ആദ്യ ഘട്ടം അവസാനിച്ചു. ശേഷം ഏറ്റവും അടുത്തുള്ള കിയോക്സിൽ പോയി വിരലടയാളം നൽകുന്നതോടെ റജിസ്ട്രേഷൻ പൂർണമാകുന്നതാണ്. (അംഗീകൃത ടൈപ്പിങ് സെന്ററിൽ ഈ സൗകര്യമുണ്ടാകുമെങ്കിലും പണം നൽകേണ്ടിവരും.)
https://www.facebook.com/Malayalivartha


























