മലയാളികൾ ഉളപ്പടെ ആറ് പേർക്ക് വധശിക്ഷ വിധിച്ച് സൗദി അറേബ്യ; മലയാളിയായ ഷമീർ സൗദിയിൽ കൊല്ലപ്പെട്ട കേസിൽ കീഴ്കോടതി വിധിച്ച വധശിഷ അപ്പീൽ കോടതിയും ശരിവച്ചു, രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്ന യുവാവിന്റെ കെലപാതകം മലയാളിസമൂഹത്തെ ദുഃഖത്തിലാഴ്ത്തി

നിയമലംഘനങ്ങൾ നടത്തുന്നതിൽ പിടിപ്പെട്ടാൽ കടുത്ത നടപടികളാണ് പൊതുവെ ഗൾഫ് രാഷ്ട്രങ്ങൾ സ്വീകരിക്കുക. പ്രത്യേകിച്ച് കർക്കശക്കാരായ സൗദി അറേബ്യ. ഇപ്പോഴിതാ മലയാളികളെ ഏവരെയും ഞെട്ടലിലാഴ്ത്തി വാർത്ത പുറത്തുവരുകയുണ്ടായി. മലയാളിയായ ഷമീർ സൗദിയിൽ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് കീഴ്കോടതി വിധിച്ച വധശിഷ അപ്പീൽ കോടതിയും ശരിവച്ചിരിക്കുകയാണ്.
അഞ്ചുവർഷം മുമ്പ് ജുബൈലിലെ വർക്ഷോപ് മേഖലയിലെ മുനിസിപ്പാലിറ്റി (ബലദിയ) മാലിന്യപ്പെട്ടിക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിന്റെ ഘാതകർക്കാണ് ജുബൈൽ കോടതി വിധിച്ച വധശിക്ഷ ദമ്മാമിലെ അപ്പീൽ കോടതിയും ശരിവെച്ചത്. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്.
അതേസമയം അൽ ഖോബാറിൽ ഡ്രൈവറായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് ( 29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മൽ, നാല് സൗദി യുവാക്കൾ എന്നിവരാണ് കേസിലെ പ്രതികൾ. ഈ ആറുപേരെയും വധശിക്ഷക്ക് വിധേയമാക്കണമെന്നാണ് വിധിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
അഞ്ചുവർഷം മുമ്പ് ചെറിയ പെരുന്നാളിന്റെ തലേദിവസം പുലർച്ചെയാണ് ഷമീറിന്റെ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക് സമീപം സമീപവാസികൾ കണ്ടെത്തിയത്. ഇതിനും മൂന്ന് ദിവസം മുമ്പ് കാണാതായ ഇയാളെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ ശരീരത്തിലെ മർദനമേറ്റ പാടുകളും മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളും ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലെത്തിക്കുകയായിരുന്നു. വൈകാതെ തന്നെ ആറു പ്രതികളെയും സൗദി പൊലീസ് പിടികൂടുകയും ചെയ്തു. ഹവാല പണം ഏജൻറായിരുന്ന ഷമീറിൽനിന്ന് പണം കവരാൻ വേണ്ടി സൗദി യുവാക്കൾ ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
അതോടൊപ്പം തന്നെ പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ മൂന്നു ദിവസത്തോളം ഇയാളെ ബന്ധനത്തിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ് സൂചന. പണം കവരുന്ന സ്വദേശി സംഘത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറിയിരുന്നത് മലയാളികളായ നിസാം, അജ്മൽ എന്നിവർ ആയിരുന്നെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്ന യുവാവിന്റെ കെലപാതകം മലയാളിസമൂഹത്തെ ഏറെ ഞെട്ടിപ്പിച്ചിരുന്നു.
കൂടാതെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകംതന്നെ പ്രതികളെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞു എന്നതും ഏറെ പ്രശംസ നേടിയിരുന്നു. അപ്പീൽ കോടതിയും വധശിക്ഷ ശരിവച്ചതോടെ ദയാഹരജികൾ നൽകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പ്രതികൾ. കൊല്ലപ്പെട്ട ഷമീറിന്റെ മകനും മകളും ചെറിയ കുട്ടികളാണ്. പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഇതുവരെ തയാറായിട്ടില്ല എന്നതും ഇതിന് തടസമായി നിൽക്കുന്നുണ്ട്.
പ്രതിയായ നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് നിയമസഹായം ലഭ്യമാക്കാൻ ജുബൈലിലെ സാമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിക്ക് ഇന്ത്യൻ എംബസി അധികാര പത്രം നൽകിയിരുന്നു. അദ്ദേഹം ഇവരെ ജയിലിൽ സന്ദർശിക്കുകയും ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. അതേസമയം സൗദി ഭരണാധികാരിക്ക് ഉൾപ്പെടെ എംബസി വഴി ദയാഹർജി നൽകാനുള്ള ഒരുക്കത്തിലാണ് നിസാമിന്റെ കുടുംബമെന്ന് സൈഫുദ്ദീൻ ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി. എന്നാൽ, കുടുംബത്തിന്റെ മാപ്പ് നൽകൽ മാത്രമായിക്കും ആത്യന്തിക പരിഹാരം സ്വീകരിക്കാൻ കഴിയികയുള്ളു.
https://www.facebook.com/Malayalivartha


























