സൗദിയുടെ നീക്കം ശക്തമാകുന്നു; ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടയിൽ 15,806 വിദേശ തൊഴിലാളികൾ പിടിയിൽ, നാടുകടത്താൻ ലക്ഷ്യമിട്ട് അധികൃതർ

സൗദി അറേബ്യയിൽ കൂടുതൽ ഇളവുകൾക്കൊപ്പം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഇതിനോടകം തന്നെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടയിൽ 15,806 വിദേശ തൊഴിലാളികൾ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവർ പിടിയിലായിരിക്കുന്നത്.
അതായത് നിയമലംഘകരില്ലാത്ത രാജ്യം എന്ന ശീർഷകത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം തുടരുന്ന കാമ്പയിന്റെ ഭാഗമാണ് രാജ്യവ്യാപകമായ റെയ്ഡുകൾ നടക്കുന്നത്. വിവിധ സുരക്ഷവിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന കർശനമാക്കിയിരിക്കുന്നത് . ഇഖാമ കാലാവധി കഴിഞ്ഞ 7609 പേരും തൊഴിൽ നിയമം ലംഘിച്ച് ജോലി ചെയ്ത 1672 പേരും അതിർത്തിസുരക്ഷ നിയമങ്ങൾ ലംഘിച്ച് രാജ്യത്തേക്കു കടന്ന 6525 പേരുമാണ് പിടിയിലായത്.
ഇത്തരത്തിൽ അതിർത്തിയിലൂടെ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 469 പേരും അറസ്റ്റിലായിട്ടുണ്ട്. ഇതിൽ 50 ശതമാനവും യമനികളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. 46 ശതമാനം ഇത്യോപ്യൻ പൗരന്മാരും നാലു ശതമാനം മറ്റു പല രാജ്യക്കാരുമാണ്. ഇതിൽ 90 പേർ അതിർത്തിയിലൂടെ രാജ്യത്തിന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.
അതോടൊപ്പം തന്നെ നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യം ഒരുക്കിയതിനും അനധികൃതമായി തൊഴിലെടുക്കാൻ സഹായം നൽകിയതിനുമാണ് 12 പേർ പിടിയിലായത്. നിലവിൽ 87,840 നിയമലംഘകരാണ് നിയമനടപടികൾ നേരിടുന്നത്. ഇതിൽ 78,698 പേർ പുരുഷന്മാരും 9142 സ്ത്രീകളുമാണ് ഉള്ളത്. ഇതിൽ 73,313 പേരെ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ശരിയാക്കാനും അനന്തര നടപടികൾക്കുമായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറിയിട്ടുമുണ്ട്.
ഇതോടൊപ്പം തന്നെ 2228 പേർ യാത്രാനടപടികൾ പൂർത്തിയാക്കി. 6380 പേർ ഇതിനകം നാടണഞ്ഞു. അനധികൃതമായും അതിർത്തി നുഴഞ്ഞുകയറ്റം വഴിയും രാജ്യത്തേക്കു കടക്കുന്നവരെ യാത്രാസഹായം, താമസസൗകര്യം തുടങ്ങി ഏതുതരത്തിലുള്ള സഹായവും നൽകുന്നവരെ കാത്തിരിക്കുന്നത് 15 വർഷത്തെ തടവുശിക്ഷയും 10 ലക്ഷം റിയാൽ പിഴയുമാണെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതിനാൽ തന്നെ പ്രവാസികൾ ഏവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha


























