വിസിറ്റ് വിസയിൽ എത്തിയവർ ഇനി പെടും; സൗദി അറേബ്യയിൽ വിസിറ്റിങ് വിസ തൊഴിൽവിസയാക്കി മാറ്റാനാവില്ലെന്ന് അധികൃതർ

പൊതുവെ പ്രവാസികൾ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരുന്നത് വിസിറ്റ് വിസ വഴിയാണ്. ജോലി കണ്ടെത്തിയതിന് പിന്നാലെ തൊഴിൽ വിസയാകാറാണ് പതിവ് രീതി. എന്നാൽ ഇതെല്ലാം പാടേ മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അത്തരം ഒരു തീരുമാനമാണ് സൗദി കൈക്കൊണ്ടിരിക്കുന്നത്. സൗദി അറേബ്യയിൽ വിസിറ്റിങ് വിസ തൊഴിൽവിസയാക്കി മാറ്റാനാവില്ലെന്ന് അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അധികൃതർ.
വിസ 'ഇഖാമ' (റെസിഡൻറ് പെർമിറ്റ്) മാറ്റാമെന്ന പ്രചാരണം സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) നിഷേധിക്കുകയായിരുന്നു. വിസിറ്റ് വിസകൾ ഇഖാമയിലേക്ക് മാറ്റാൻ സാധിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ വ്യാജ പ്രചാരണം നടത്തിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ജവാസത് ഇത്തരത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഈ വിഷയത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവുമില്ല എന്നും കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ ഔദ്യോഗിക വകുപ്പുകൾ ഒരുക്കിയ സംവിധാനങ്ങൾ അത്തരത്തിൽ ഒരുമാറ്റം അനുവദിക്കുന്നുമില്ല. ഇത്തരത്തിൽ സുപ്രധാനമായ ഏതെങ്കിലും തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ തന്നെ അത് ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ അറിയിക്കുമെന്നും ജവാസത് ഓർമപ്പെടുത്തി. ഇതുകൂടാതെ നിരവധി സുപ്രധാന തീരുമാനങ്ങളാണ് അധികൃതർ ഈ അടുത്ത കാലത്തായി കൈക്കൊള്ളുന്നത്.
നിബന്ധനകൾ കർശനമാക്കിക്കൊണ്ട് ഇതിനോടകം തന്നെ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടയിൽ 15,806 വിദേശ തൊഴിലാളികളാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നാണ് ഇവർ പിടിയിലായിരിക്കുന്നത്.
അതായത് നിയമലംഘകരില്ലാത്ത രാജ്യം എന്ന ശീർഷകത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം തുടരുന്ന കാമ്പയിന്റെ ഭാഗമാണ് രാജ്യവ്യാപകമായ റെയ്ഡുകൾ നടക്കുന്നത്. വിവിധ സുരക്ഷവിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന കർശനമാക്കിയിരിക്കുന്നത് . ഇഖാമ കാലാവധി കഴിഞ്ഞ 7609 പേരും തൊഴിൽ നിയമം ലംഘിച്ച് ജോലി ചെയ്ത 1672 പേരും അതിർത്തിസുരക്ഷ നിയമങ്ങൾ ലംഘിച്ച് രാജ്യത്തേക്കു കടന്ന 6525 പേരുമാണ് പിടിയിലായത്.
ഇത്തരത്തിൽ അതിർത്തിയിലൂടെ നുഴഞ്ഞുകടക്കാൻ ശ്രമിച്ച 469 പേരും അറസ്റ്റിലായിട്ടുണ്ട്. ഇതിൽ 50 ശതമാനവും യമനികളാണ് എന്നാണ് ലഭ്യമാകുന്ന വിവരം. 46 ശതമാനം ഇത്യോപ്യൻ പൗരന്മാരും നാലു ശതമാനം മറ്റു പല രാജ്യക്കാരുമാണ്. ഇതിൽ 90 പേർ അതിർത്തിയിലൂടെ രാജ്യത്തിന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























