ലോകത്ത് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യങ്ങളിൽ ഒന്ന്; അവസാന രോഗിയും ആശുപത്രി വിടാൻ കാത്തിരുന്നത് നാല് മാസം! കുവൈറ്റ് പൂർണമായും കോവിഡ് മുക്തമാകുമ്പോൾ പ്രതീക്ഷയോടെ ലോകം, 2020-ൽ സ്ഥാപിച്ച ഫീൽഡ് ആശുപത്രി ഒഴിഞ്ഞു, രാജ്യത്ത് നടപ്പിലാക്കിയ ശക്തമായ കൊവിഡ് നിയന്ത്രണങ്ങളും വാക്‌സിനേഷന്‍ ക്യാംപയിനിലുണ്ടായ പുരോഗതിയും കലക്കി, പ്രവാസികൾക്ക് ഇത് ആശ്വാസ വാർത്ത...

കൊറോണ വ്യാപനം ഗൾഫ് രാഷ്ട്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്ത് തികച്ചും പ്രതിസന്ധിയിലായത് പ്രവാസികളാണ്. ലോകരാഷ്ട്രങ്ങളിൽവച്ചുതന്നെ ഏറ്റവും കൂടുതൽ പ്രവാസികൾ തൊഴിൽ ചെയ്തുവരുന്ന ഗൾഫ് രാഷ്ട്രങ്ങൾ നിശ്ചലമായപ്പോൾ പ്രവാസികളിൽ ദുരിതം ഒന്നൊന്നായി പടരുകയായിരുന്നു. വിമാനസർവീസുകൾ സ്തംഭിച്ചു, തൊഴിചെയ്യാൻ അനുമതി ഇല്ലാതായി. അങ്ങനെ മാസങ്ങളോളം പുറത്തിറങ്ങാനാകാതെ, ശമ്പളമില്ലാതെ തൊഴിൽ ഇല്ലാതെ പ്രവാസികൾ വലയുകയായിരുന്നു. നാട്ടിൽ എത്തിയ പല പ്രവാസികൾക്കും തിരിച്ച് എത്താൻ സാധികാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.
അങ്ങനെ ആശങ്കയിലായിരിക്കുന്ന പ്രവാസികളെ തേടി ഒരു സന്തോഷ വാർത്ത. ലോകത്താദ്യമായി കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നായ കുവൈറ്റിൽ ഫീൽഡ് ആശുപത്രിയിലെ അവസാന രോഗിയും രോഗമുക്തി നേടിയിരിക്കുകയാണ്. നിലവിൽ ഇന്ത്യ ഉൾപ്പടെ നിരവധി രാഷ്ട്രങ്ങൾക്കാണ് നേരിട്ട് വരുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നതും, ഇപ്പോഴും വിമാനസർവീസുകൾ സാധാരണ നിലയിൽ ആകാത്തതും കടുത്ത നിയന്ത്രണങ്ങളുമുള്ള ഒരു രാജ്യമാണ് കുവൈറ്റ്. ആയതിനാൽ തന്നെ മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ലോകത്തിന് തന്നെ പ്രതീക്ഷയായി മാറുകയാണ് കുവൈറ്റ്.
കോവിഡ് മുക്തമായി കുവൈറ്റ്
ലോകത്തിന് തന്നെ ആശ്വാസമയായി കോവിഡ് മുക്തമായി കുവൈത്ത്. കോവിഡ് ചികിത്സക്കായി മിശ്രിഫില്‍ പ്രത്യേകം തയ്യാറാക്കിയ ഫീല്‍ഡ് ആശുപത്രിയിലെ അവസാന രോഗിക്കും രോഗം ഭേദമായി പുറത്തേക്ക് എത്തി. ഇതോടെ പൂര്‍ണമായും കോവിഡ് മുക്തമായി മാറിയിരിക്കുകയാണ് രാജ്യം. കഴിഞ്ഞ നാലുമാസമായുള്ള ചികിത്സക്ക് ശേഷമാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. രോഗം ഭേദമായി ആശുപത്രി വിടുന്ന അദ്ദേഹത്തിന് ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പും നല്‍കിയിരുന്നു. അങ്ങനെ അവസാന രോഗിയും ആശുപത്രി വിട്ടെന്ന വാർത്തയിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അധികൃതരും രംഗത്ത് എത്തി. 'ദൈവത്തിന് സ്തുതി, അവസാന രോഗിയും രോഗം സുഖപ്പെട്ട് ആശുപത്രി വിട്ടിരിക്കുന്നു'- ഫീഡ് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫൗസി അല്‍ കുവാരി പറഞ്ഞ വാക്കുകൾ ഇതായിരുന്നു. കൊവിഡിനെതിരേ രാജ്യത്തെ ശക്തമായ കോട്ടയായി പ്രവര്‍ത്തിച്ച ആശുപത്രി സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും അങ്ങനെ അവസാന രേഗിയും ആശുപത്രി വിട്ടുവെന്നും അദ്ദേഹം പറയുകയായിരുന്നു.
രാജ്യത്തെ കവചമായി ഫീൽഡ് ആശുപത്രി
ലോകത്ത് തന്നെ കോവിഡ് വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. 2020 ഏപ്രിലിലാണ് 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കൊവിഡ് ഫീല്‍ഡ് ആശുപത്രി മിശ്രിഫില്‍ സ്ഥാപിച്ചത്. അങ്ങനെ രാജ്യത്തെ തന്നെ കവചമായി പ്രത്യേക ചികിത്സാ കേന്ദ്രം മാറുകയായിരുന്നു. കൂടാതെ ഫാര്‍മസിയും മറ്റ് പരിശോധനാ ലാബുകളും ഉള്‍പ്പെടെ 40 ഐസിയു ബെഡുകളും 250ഓളം പേരെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സംവിധാനവുമാണ് ഇവിടെ അധികൃതർ സജ്ജമാക്കിയിരുന്നത്. രാജ്യത്തെ മറ്റ് ആശുപത്രികളിൽ മറ്റ് കോവിഡ് രോഗികൾ ഇപ്പോഴും ഉണ്ടോ എന്ന് വ്യക്തമല്ല എങ്കിലും വളരെ ചുരുക്കം ചിലർ മാത്രമേ ഉള്ളു എന്നാണ് ലഭ്യമാകുന്ന വിവരം.
നിയന്ത്രണം ശക്തമാക്കി; കൊവിഡ് നിരക്ക് താഴേക്ക്...
കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുന്നേ തന്നെ ശക്തമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയായിരുന്നു. കഴിഞ്ഞ ദിവസം എടുത്തുനോക്കിയാൽ തന്നെ 25 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് കുവൈറ്റിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ആശ്വാസത്തിന് കാരണമായി മാറിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് 412,793 പേര്‍ക്ക് രോഗ ബാധയുണ്ടായതില്‍ 410,021 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. 2,462 പേരാണ് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഇത്രയുംകാലം നടപ്പിലാക്കിയ ശക്തമായ കൊവിഡ് നിയന്ത്രണങ്ങളും വാക്‌സിനേഷന്‍ ക്യാംപയിനിലുണ്ടായ പുരോഗതിയുമൊക്കെയാണ് വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകമായി മാറിയത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസും വിതരണം ചെയ്‌തുവരുകയാണ് കുവൈറ്റ്.
അപ്പോയിന്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം
കോറോണയെ പ്രതിരോധിക്കാൻ കടുത്ത നിയന്ത്രണങ്ങളോടൊപ്പം തന്നെ കൂടുതൽ സജ്ജീകരണങ്ങളും കുവൈറ്റ് ഒരുക്കിയിട്ടുണ്ട്. അങ്ങനെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മിശ്രിഫ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാവുന്നതാണ്. ഓക്‌സ്‌ഫോര്‍ഡ്, ഫൈസര്‍ വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്തു ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിലവിൽ നല്‍കിവരുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ മിശ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ പ്രധാന വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ചെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി തന്നെ കുത്തിവെപ്പെടുക്കാനും സാധിക്കും. നേരത്തെ ബൂസ്റ്റര്‍ ഡോസ് വിതരണത്തിനായി മന്ത്രാലയം രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചിരുന്നെങ്കിലും ഇനി മുതല്‍ പ്രത്യേക അപ്പോയിന്‍മെന്റിന്റെ ആവശ്യമില്ല.
വിമാനസർവീസിനായി കാതോർത്ത് പ്രവാസികൾ
രാജ്യം കരുതലോടൊപ്പം ആശ്വാസത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ സന്തോഷിക്കുന്ന ഒരു വിഭാഗംപേരുണ്ട് , നമ്മുടെ പ്രവാസികൾ, നേരിട്ട് വരൻ അനുമതിയില്ലാതെ യുഎഇ വഴിയും ഖത്തർ വഴിയും അധിക തുക നൽകി എത്തുകയാണ് ഇവർ. ജോലി നഷ്ടമാകാതിരിക്കാൻ പല കടമ്പകൾ താണ്ടി എത്തുകയാണ് പ്രവാസികൾ. രാജ്യം പൂർണമായും കോവിഡ് മുക്തമാകുമ്പോൾ നേരിട്ടുള്ള വിമാനസർവീസ് പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഇതിനോടകം തന്നെ നേരിയ തോതിൽ വിമാനത്താവളത്തിന്റെ പ്രവർത്തനശേഷി വർധിപ്പിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികൾക്ക് അനുമതിയും നൽകുകയാണ് അധികൃതർ. അങ്ങനെ ഒന്നൊന്നായി നിയന്ത്രണങ്ങൾ എടുത്തുമാറ്റി കുവൈറ്റ് പഴയ ജീവിതത്തിലേക്ക് എത്തിച്ചേരുകയാണ്.
https://www.facebook.com/Malayalivartha
























