ഇന്ന് 51ാം ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി ഒമാൻ; രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത് ആധുനിക ഒമാന്റെ ശില്പിയായ അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെന്റ ജന്മദിനമാണ്

ഒമാന്‍ ഇന്ന് 51ാം ദേശീയ ദിനം ആഘോഷിക്കുകയാണ്. ആധുനിക ഒമാന്റെ ശില്പിയായ അന്തരിച്ച തങ്ങളുടെ പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെന്റ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്. ഇന്ന് നടക്കുന്ന സൈനിക പരേഡിന് സായുധസേനയുടെ പരമോന്നത കമാന്‍ഡര്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് നേതൃത്വം നല്‍കുമെന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് രാജ്യം സ്വീകരിച്ചത്. അല്‍-മുതഫ ക്യാമ്പിലാണ് സൈനിക പരേഡ് നടക്കുക.
അതോടൊപ്പം തന്നെ സുല്‍ത്താന്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സൈനിക പരേഡാണ് ഈ വര്‍ഷം നടക്കുന്നത്. കോവിഡിന്റെ പിടിയിലമര്‍ന്നതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷം പരേഡ് ഒഴിവാക്കുകയും ചെയ്തിരുന്നു. റോയല്‍ ഒമാന്‍ എയര്‍ഫോഴ്സ്, റോയല്‍ നേവി ഓഫ് ഒമാന്‍, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താൻ പ്രത്യേകസേന, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫയേഴ്സ്, റോയല്‍ കുതിരപ്പട, റോയല്‍ ഗാര്‍ഡ് കാവല്‍റി ഓഫ് ഒമാന്‍, സംയുക്ത സൈനിക മ്യൂസിക്കല്‍ ബാന്‍ഡ് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന യൂണിറ്റുകള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതായിരിക്കും.
അതേസമയം ദേശീയദിനം പ്രമാണിച്ച് സുൽത്താന്‍ മന്ത്രിമാരും വിവിധ രാഷ്ട്ര നേതാക്കളും ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മുന്‍ഗാമിയായ സുല്‍ത്താന്‍ ഖാബൂസിന്റെ പാത പിന്‍പറ്റി രാജ്യത്തെ പുരോഗതിയിലേക്ക് എത്തിക്കാനുള്ള പ്രയത്നത്തിൽ തന്നെയാണ് സുൽത്താൻ ഹൈതം ബിൻ ത്വാരിഖും ഉള്ളത്. നൂതനമായ പരിഷ്കാരങ്ങളും പദ്ധതികളുമാണ് അതിനായി വിഭാവനം ചെയ്തിരിക്കുന്നത്. കോവിഡും പ്രകൃതിക്ഷോഭവും ഏല്പിച്ച ആഘാതം നിമിത്തം ഔദ്യോഗികമായിത്തന്നെ പതിവ് പൊലിമകള്‍ കുറച്ചുകൊണ്ടാണ് ഇത്തവണ ദേശീയ ദിനത്തെ വരവേല്‍ക്കാൻ ഏവരും ഒരുങ്ങിയിരിക്കുന്നത്.
എന്നാല്‍ അലങ്കാരങ്ങള്‍ അല്പം കുറച്ചുവെന്നതൊഴിച്ചാല് ജനമനസ്സുകളില്‍ ദേശീയദിന ആവേശം ആവേശത്തോടെ തന്നെ അലയടിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങളും കുട്ടികളുടെ ഉടുപ്പുകളുമൊക്കെ വാങ്ങി ദേശീയ ദിനത്തെ വര്ണാഭമാക്കിയവരും ഉണ്ട്. കൂടാതെ ദേശീയ ദിനത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് സാമൂഹിക വികസന മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ ഇത്തരം ഒത്തുചേരൽ കോവിഡ് വ്യാപനത്തിനു കാരണമാകുമെന്ന് കരുതിയാണ് പരിപാടികൾ നിയന്ത്രിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























