കൈത്താങ്ങായി വൺ ബില്യൺ മീൽസ്; ജീവകാരുണ്യയജ്ഞത്തിനായി യുഎഇയുടെ 100 കോടി ഭക്ഷണപ്പൊതികൾ, ലെബനൻ, ഇന്ത്യ, ജോർദാൻ, താജിക്കിസ്താൻ, കിർഗിസ്താൻ എന്നിവിടങ്ങളിൽ വിതരണം ആരംഭിച്ച് അധികൃതർ....

പ്രവാസികളെ എന്നും സ്വദേശികളെ പോലെ തെന്നെ കാക്കുന്ന യുഎഇയുടെ പുതിയ പദ്ധതിയെ ലോകം കയ്യടിക്കുകയാണ്. റമദാൻ നോമ്പ് ആരംഭിച്ചതിന് പിന്നാലെ യുഎഇയുടെ ജീവകാരുണ്യയജ്ഞത്തിന്റെ ഭാഗമായി 100 കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു തുടങ്ങിയിരിക്കുകയാണ്. വൺ ബില്യൺ മീൽസ് പദ്ധതിയുടെ ഭാഗമായി അഞ്ചുരാജ്യങ്ങളിലാണ് ഭക്ഷണവിതരണം തുടങ്ങിയിരിക്കുന്നത്. ലെബനൻ, ഇന്ത്യ, ജോർദാൻ, താജിക്കിസ്താൻ, കിർഗിസ്താൻ എന്നിവിടങ്ങളിലാണ് യു.എ.ഇ. അധികൃതർ ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്.
അതായത് അരി, ഗോതമ്പുപൊടി, എണ്ണ, പഞ്ചസാര, ഈന്തപ്പഴം തുടങ്ങിയ അഞ്ച് പ്രധാനയിനങ്ങൾ അടങ്ങിയ കിറ്റുകളാണ് കഷ്ടതയനുഭവിക്കുന്നവർക്കായി വിതരണം ചെയ്തുവരുന്നത്. ഫുഡ് ബാങ്കിങ് റീജണൽ നെറ്റ്‌വർക്ക്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സ്, ആവശ്യം കൂടുതലുള്ള രാജ്യങ്ങളിലെ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷണപ്പൊതികൾ നൽകാൻ പദ്ധതിയിട്ടിരിക്കുന്നത്.
ഇത്തരത്തിൽ അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ നൽകാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയിൽ റംസാനിൽ മാത്രമായി 80 കോടി പേർക്ക് ഭക്ഷണമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പദ്ധതി റംസാൻ കഴിഞ്ഞാലും തുടരുമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ തീർത്തും മോശപ്പെട്ട ജീവിതാവസ്ഥയുള്ള സ്ഥലങ്ങളിലേക്കുള്ള സഹായമാണ് ആദ്യമെത്തിക്കുന്നത്. പോഷകാഹാരക്കുറവും പട്ടിണിയും അഭിമുഖീകരിക്കുന്ന ജനതയുടെ ശാശ്വതമായ പുനരധിവാസത്തിനുള്ള ശ്രമങ്ങളും ഇതോടൊപ്പം നടത്തിവരുകയാണ് ചെയ്യുന്നത്. പുണ്യമാസത്തിലെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്രസഭ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്നാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം 2030-ഓടെ തന്നെ ലോകത്ത് പട്ടിണി അവസാനിപ്പിക്കാനുള്ള യുഎന്നിന്റെ ശ്രമത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് യുഎഇ ഇത്തരത്തിൽ കാമ്പയിൻ നടത്തിവരുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇതിൽ പങ്കാളികളാകാനും അവസരം നൽകിയിട്ടുണ്ട്. വൺ ബില്യൺ മീൽസ് കാമ്പയിൻ വെബ്‌സൈറ്റിൽ (www.1billionmeals.ae.) എല്ലാ വിവരങ്ങളും നൽകിയിട്ടുമുണ്ട്.
പ്രതിമാസമോ അല്ലെങ്കിൽ ഒറ്റത്തവണയായോ ഓൺലൈനായി സംഭാവനകൾ അയയ്ക്കാനും സാധിക്കുന്നതാണ്. ഡു ടെലികോം ഉപയോക്താക്കൾക്ക് 1020 എന്ന നമ്പറിലേക്കും ഇത്തിസലാത്ത് ഉപയോക്താക്കൾക്ക് 1110 എന്ന നമ്പറിലേക്കും meal എന്ന സന്ദേശമയച്ച് പ്രതിദിനം ഒരു ദിർഹംവെച്ച് ഒരു മാസത്തേക്ക് പദ്ധതിയിലേക്ക് സഹായം നൽകാനും സാധിക്കുന്നതാണ്. വലിയ സംഭാവന നൽകുന്നതിനും അനുബന്ധ അന്വേഷണങ്ങൾക്കും- 8009999 എന്ന നമ്പറിൽ ബന്ധപെടുക.
https://www.facebook.com/Malayalivartha

























