യുഎഇയുടെ ആ മാറ്റം പൊളി! നീണ്ട കാത്തിരിപ്പുകള് ശേഷം പ്രവാസികൾക്ക് എല്ലാം സുഗമമാകുന്നു; ഇന്ന് മുതൽ താമസക്കാർക്ക് വീസയ്ക്കും എമിറേറ്റ്സ് ഐഡിയ്ക്കും വേണ്ടി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല, വളരെയെളുപ്പത്തിൽ ആപ്പ് വഴി താമസത്തിന്റെ വിശദാംശങ്ങൾ ലഭ്യമാകും

നീണ്ട കാത്തിരിപ്പുകള് ശേഷം പ്രവാസികൾക്ക് എല്ലാം സുഗമമാകുന്നു. പാസ്‌പോർട്ടിൽ യുഎഇയുടെ റസിഡൻസി വീസ സ്റ്റിക്കറുകൾ പതിക്കുന്നത് നിർത്തലാക്കിയതോടെ ഇനി പകുതി കാര്യങ്ങളും കുറയും. ഇതിനുപകരം എമിറേറ്റ്‌സ് ഐഡിയിൽ പ്രത്യേക സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഇന്ന് മുതൽ താമസക്കാർക്ക് വീസയ്ക്കും എമിറേറ്റ്സ് ഐഡിയ്ക്കും വേണ്ടി രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല എന്നത് ഏറെ പ്രാധാന്യം നൽകുകയാണ്. ഒരു ആപ്ലിക്കേഷനിൽ തന്നെ നടപടി പൂർത്തിയാക്കാനും സാധിക്കുന്നതാണ്.
മാത്രമല്ല, വീസ സ്റ്റാമ്പിങ്ങിനായി അപേക്ഷകർ ഇമിഗ്രേഷൻ ഓഫിസുകളിൽ പാസ്‌പോർട്ട് നൽകേണ്ടതുമില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) യിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപോർട്ടുകൾ വ്യക്തമാക്കുകയുണ്ടായി. ഈ നീക്കം 30 മുതൽ 40 ശതമാനം വരെ റെസിഡൻസി രേഖകൾ നേടാനുള്ള പ്രയത്നവും സമയവും കുറയ്ക്കുന്നതായിരിക്കും.
താമസക്കാരുടെ വീസ സ്റ്റാറ്റസിന്റെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ എമിറേറ്റ്സ് ഐഡി തെളിവായി സ്വീകരിക്കുമെന്ന് ഐസിഎയിലെ ഫോറിനേഴ്‌സ് അഫയേഴ്‌സ് ആൻഡ് പോർട്ട്‌സ് ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് റകാൻ അൽ റാഷിദി പറഞ്ഞു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (െഎസിഎ) തീരുമാനപ്രകാരമാണിത്.
അതോടൊപ്പം തന്നെ മുൻകാല റെസിഡൻസി സ്റ്റിക്കറുകൾ താമസക്കാർക്ക് അതോറിറ്റിയുടെ സ്മാർട് ആപ്ലിക്കേഷൻ വഴി മാത്രമേ ലഭ്യമാകുകയുള്ളു. അതോറിറ്റിയുടെ സ്മാർട് ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് ഉപയോഗിച്ച് വ്യക്തികളുടെ അക്കൗണ്ടുകൾ വഴി അപേക്ഷിക്കാവുന്ന പ്രിന്റഡ് ഫോമിലൂടെ വ്യക്തികളുടെ താമസത്തിന്റെ വിശദാംശങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതിക സൗകര്യങ്ങളും അതോറിറ്റി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. വളരെയെളുപ്പത്തിൽ തന്നെ ആപ്പ് വഴി താമസത്തിന്റെ വിശദാംശങ്ങൾ ലഭ്യമാകുകയും ചെയ്യുന്നതാണ്.
ഇതുകൂടാതെ വിമാനക്കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പാസ്‌പോർട്ട് റീഡർ മുഖേന ഐഡന്റിറ്റി പരിശോധിച്ച് രാജ്യത്തിന് പുറത്തുള്ള, സാധുവായ റെസിഡൻസി വീസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും വ്യോമയാന മേഖലയിലെ പങ്കാളികളുമായി അതോറിറ്റി ഇതിനകം ഏകോപിപ്പിച്ചിട്ടുമുണ്ട്. പാസ്‌പോർട്ട് നമ്പറും എമിറേറ്റ്‌സ് ഐഡിയും വഴി എയർലൈനുകൾക്ക് ഇപ്പോൾ റെസിഡൻസി സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കുന്നതാണ്. വീസ സ്റ്റിക്കറുകൾ അവസാനിപ്പിക്കാൻ യുഎഇ മന്ത്രിസഭയാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് റെസിഡൻസി വീസകൾ നൽകുന്നതും പുതുക്കുന്നതുമായ നടപടികൾ ലഘൂകരിക്കാനുദ്ദേശിച്ചാണ് ഉള്ളത്.
അതേസമയം കഴിഞ്ഞ വർഷം എമിറേറ്റ്‌സ് ഐഡിയുടെ പുതിയ രൂപം പുറത്തിറക്കിയിരുന്നു. കാർഡ് പുറത്തിറക്കുമ്പോൾ അല്ലെങ്കിൽ പുതുക്കൽ അഭ്യർഥന സമർപ്പിക്കുമ്പോൾ ഉപയോക്താക്കൾക്ക് ഐഡിയുടെ സോഫ്റ്റ് കോപ്പി ലഭിക്കുന്നതായിരിക്കും. താമസക്കാർക്ക് നൽകുന്ന പുതിയ എമിറേറ്റ്‌സ് ഐഡി കാർഡിൽ വ്യക്തിപരവും തൊഴിൽപരവുമായ വിവരങ്ങൾ കാർഡിന്റെ പ്രധാനഭാഗത്ത് വായിക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. വായിക്കാൻ കഴിയാത്തതായ മറ്റ് വിവരങ്ങളും കാർഡിൽ അടങ്ങിയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























